ലണ്ടൻ: ഹമാസ് മുൻ മേധാവി ഇസ്മായിൽ ഹനിയ്യയുടെ അംഗരക്ഷകനായി പ്രവർത്തിച്ചിരുന്ന മുഹമ്മദ് അൽഫാത്തിഹ് നയിം (Mohammed Alfatih Naim) യൂറോപ്പിലെ ജൂത, ഇസ്രായേൽ കേന്ദ്രങ്ങൾക്കെതിരെ ഭീകരാക്രമണം ആസൂത്രണം ചെയ്തെന്ന ഗുരുതര ആരോപണവുമായി ജർമൻ അധികൃതർ. ബ്രിട്ടനിലെ ബർമിംഗ്ഹാമിലുള്ള വീട്ടിലിരുന്നാണ് ഇയാൾ ആക്രമണപദ്ധതിയുടെ ഭാഗമായ പ്രവർത്തനങ്ങൾ നടത്തിയതെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ.
ജർമൻ അന്വേഷണ ഏജൻസികളുടെ ആരോപണമനുസരിച്ച്, ഹമാസുമായി ബന്ധമുള്ള യൂറോപ്യൻ ശൃംഖലയിലെ കുറഞ്ഞത് എട്ട് പ്രവർത്തകർ ആക്രമണപദ്ധതിയിൽ ഉൾപ്പെട്ടിരുന്നു. ബെർലിനിൽനിന്ന് അഞ്ച് തോക്കുകളും വെടിയുണ്ടകളും ശേഖരിച്ച് ഓസ്ട്രിയയിലെ വിയന്നയിലേക്ക് കടത്തിയതിൽ നയിം പ്രധാന പങ്കുവഹിച്ചെന്നാണ് ആരോപണം. അവിടെ ആയുധങ്ങൾ രഹസ്യമായി സൂക്ഷിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
2023 ഒക്ടോബർ 7-ന് ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് യൂറോപ്പിലെ ജൂത, ഇസ്രായേൽ കേന്ദ്രങ്ങളിൽ ആക്രമണം നടത്താനായിരുന്നു പദ്ധതിയെന്നാണ് ജർമൻ അധികൃതരുടെ ആരോപണം. രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പദ്ധതി പരാജയപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ.
ബ്രിട്ടനിൽ അഭയവും പൗരത്വവും
ജർമനിയിൽ ജനിച്ച് ഗാസയിൽ വളർന്ന 40കാരനായ നയിം 2015-ലാണ് ബ്രിട്ടനിൽ അഭയം നേടിയത്. 2020-ൽ ബ്രിട്ടീഷ് പൗരത്വവും ലഭിച്ചു. 2006 മുതൽ 2008 വരെയുള്ള കാലയളവിൽ ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ്യയുടെ സുരക്ഷാ സംഘത്തിൽ പ്രവർത്തിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഹമാസ് മുതിർന്ന നേതാവ് ബാസിം നയിമിന്റെ മകനാണ് ഇയാൾ.
ബർമിംഗ്ഹാമിൽ കത്തി ആക്രമണക്കേസിൽ കുറ്റക്കാരൻ
2025 ഒക്ടോബറിൽ ഭാര്യയുടെ കുടിശ്ശിക പാർക്കിങ് പിഴയുമായി ബന്ധപ്പെട്ട നടപടിക്കായി വീട്ടിലെത്തിയ കോടതി ഉദ്യോഗസ്ഥനായ കെവിൻ ബക്നലിനെ കത്തിയുപയോഗിച്ച് ആക്രമിച്ച കേസിൽ നവംബർ 13-ന് ബർമിംഗ്ഹാം ക്രൗൺ കോടതി നയിമിനെ കുറ്റക്കാരനായി കണ്ടെത്തി.
അനധികൃതമായി മുറിവേൽപ്പിക്കൽ, രണ്ട് കത്തികൾ കൈവശം വെക്കൽ, ക്രിമിനൽ നാശനഷ്ടം വരുത്തൽ എന്നീ കുറ്റങ്ങളിലാണ് കോടതി വിധി. എന്നാൽ ഗുരുതരമായ പരിക്കേൽപ്പിക്കാൻ ഉദ്ദേശിച്ചുള്ള ആക്രമണം എന്ന കൂടുതൽ ഗൗരവമുള്ള കുറ്റത്തിൽനിന്ന് ഇയാളെ വെറുതെവിട്ടു.
2027 ജനുവരി 11-നാണ് ഈ കേസിൽ ശിക്ഷ വിധിക്കുക.
ജർമനിയിലേക്ക് നാടുകടത്താൻ നീക്കം
ബർമിംഗ്ഹാമിലെ കേസിൽ അറസ്റ്റിലായിരിക്കെയാണ് യൂറോപ്പിലെ ഭീകരാക്രമണ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ജർമൻ അധികൃതർ ഇയാൾക്കെതിരെ നടപടികൾ ആരംഭിച്ചത്. ബ്രിട്ടനിലെ ശിക്ഷാ നടപടികൾ പൂർത്തിയായശേഷം ജർമനിയിലേക്ക് കൈമാറാനാണ് നീക്കം.
ഹമാസുമായുള്ള ബന്ധം, അഭയാർഥി പദവി ലഭിച്ച സാഹചര്യം, പിന്നീട് ബ്രിട്ടീഷ് പൗരത്വം ലഭിച്ചത് എന്നിവയെക്കുറിച്ച് ബ്രിട്ടീഷ് രാഷ്ട്രീയരംഗത്തും സുരക്ഷാ ഏജൻസികൾക്കിടയിലും ചർച്ചകൾ ശക്തമായിട്ടുണ്ട്. ഹമാസ് ഭീകരസംഘടനയായി നിരോധിക്കപ്പെട്ട സംഘടനയാണെന്നും അതിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നവർക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും ഹോം ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്.
click on malayalam character to switch languages