ലീഡ്സ്: യുകെയിലെ ലീഡ്സിൽ പൊലീസിന്റെ പിന്തുടർച്ചയ്ക്കിടെ ഉണ്ടായ വാഹനാപകടത്തിൽ യുവാവും യുവതിയും മരിച്ചു. അപകടത്തിൽപ്പെട്ട മറ്റൊരു വാഹനത്തിലുണ്ടായിരുന്ന നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച പുലർച്ചെ 00.44-ഓടെയാണ് ലീഡ്സിലെ ഗെൽഡെർഡ് റോഡിൽ (Gelderd Road) ദാരുണമായ അപകടം ഉണ്ടായത്. പൊലീസിന്റെ നിർദേശം അവഗണിച്ച് നിർത്താതെ പോയ നീല നിറത്തിലുള്ള ബിഎംഡബ്ല്യു 123D കാർ, വെള്ള നിറത്തിലുള്ള ഫോക്സ്വാഗൺ സിറോക്കോ കാറിൽ ഇടിക്കുകയായിരുന്നു.
ഫോക്സ്വാഗൺ കാറിന്റെ 22 വയസ്സുകാരനായ ഡ്രൈവർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. കാറിലുണ്ടായിരുന്ന 23 വയസ്സുകാരിയായ യുവതി ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ പിന്നീട് മരണത്തിന് കീഴടങ്ങി. ഇരുവരും യോർക്ക് സ്വദേശികളാണ്.
അപകടമുണ്ടാക്കിയ ബിഎംഡബ്ല്യു കാറിലുണ്ടായിരുന്ന 39 വയസ്സുകാരനായ ഹാരോഗേറ്റ് സ്വദേശി, 16, 17 വയസ്സുള്ള രണ്ട് ആൺകുട്ടികൾ, 16 വയസ്സുള്ള ഒരു പെൺകുട്ടി എന്നിവരാണ് അറസ്റ്റിലായത്. അപകടകരമായ രീതിയിൽ വാഹനമോടിച്ച് മരണത്തിന് കാരണമായെന്ന സംശയത്തിലാണ് നാലുപേരെയും കസ്റ്റഡിയിലെടുത്തത്.
39 വയസ്സുകാരനെ കഞ്ചാവിന്റെ സ്വാധീനത്തിൽ വാഹനമോടിച്ചെന്ന സംശയത്തിലും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ കൗമാരക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവരുടെ പരിക്കുകൾ ജീവന് ഭീഷണിയുള്ളതല്ലെന്നാണ് പൊലീസ് അറിയിച്ചത്.
അപകടത്തിൽ പൊലീസിന്റെ ഇടപെടലുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ പരിശോധിക്കുന്നതിനായി ഇൻഡിപെൻഡന്റ് ഓഫീസ് ഫോർ പോലീസ് കണ്ടക്ട് (IOPC) സ്വതന്ത്ര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുലർച്ചെ 02.30-ഓടെ അന്വേഷണം ആരംഭിച്ച സംഘം അപകടസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചുവരികയാണ്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും അധികൃതർ വ്യക്തമാക്കി.
അപകടത്തെത്തുടർന്ന് ഗെൽഡെർഡ് റോഡിൽ പൊലീസ് നിയന്ത്രണങ്ങളും ഗതാഗത തടസ്സവും തുടരുകയാണ്. പ്രദേശത്തുകൂടി യാത്ര ചെയ്യുന്നവർ ബദൽ മാർഗങ്ങൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
അപകടത്തിന് മുമ്പും ശേഷവും വാഹനങ്ങൾ കണ്ടവരോ സംഭവത്തിന്റെ ദൃശ്യങ്ങൾ കൈവശമുള്ളവരോ പൊലീസുമായി ബന്ധപ്പെടണമെന്ന് വെസ്റ്റ് യോർക്ക്ഷയർ പൊലീസ് അഭ്യർഥിച്ചു.
click on malayalam character to switch languages