1 GBP = 124.73
breaking news

ക്രിസ്മസ് കരോൾ സർവീസിലേക്ക് ഹാരിക്കും മേഗനും ക്ഷണമില്ല; രാജകുടുംബത്തിലെ അകൽച്ച വീണ്ടും ചർച്ചയാകുന്നു

ക്രിസ്മസ് കരോൾ സർവീസിലേക്ക് ഹാരിക്കും മേഗനും ക്ഷണമില്ല; രാജകുടുംബത്തിലെ അകൽച്ച വീണ്ടും ചർച്ചയാകുന്നു

ലണ്ടൻ: വെയിൽസ് രാജകുമാരി കാതറിൻ സംഘടിപ്പിക്കുന്ന വാർഷിക ക്രിസ്മസ് കരോൾ സർവീസിലേക്ക് ഹാരി രാജകുമാരനും ഭാര്യ മേഗൻ മാർക്കിളിനും ക്ഷണമില്ല. ഡിസംബർ 11ന് ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടക്കുന്ന ‘Together at Christmas’ പരിപാടിയുടെ അതിഥിപ്പട്ടികയിൽ ഇരുവരെയും ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത്.

രാജകുടുംബത്തിലെ ഭിന്നതകൾ തുടരുന്നതിന്റെ സൂചനയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. സ്നേഹം, ദയ, പരസ്പര കരുതൽ എന്നിവയാണ് ഇത്തവണത്തെ കരോൾ സർവീസിന്റെ പ്രമേയം എന്നതും ശ്രദ്ധേയമാണ്.

1,600ലധികം അതിഥികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ചടങ്ങിൽ രാജകുടുംബത്തിലെ മറ്റ് അംഗങ്ങൾക്കും പ്രമുഖ വ്യക്തികൾക്കും വിവിധ സാമൂഹിക മേഖലകളിൽ സംഭാവനകൾ നൽകുന്നവർക്കും ക്ഷണമുണ്ട്.

കാതറിന്റെ പ്രധാന വാർഷിക പരിപാടികളിലൊന്നായി മാറിയിരിക്കുന്ന ഈ ക്രിസ്മസ് സർവീസിൽ കഴിഞ്ഞ വർഷം വില്യം രാജകുമാരനും കാതറിനും മക്കളായ ജോർജ്, ഷാർലറ്റ്, ലൂയിസ് എന്നിവരും പങ്കെടുത്തിരുന്നു. സോഫി ഡച്ചസ് ഓഫ് എഡിൻബറോ, സാറയും മൈക്ക് ടിൻഡലും ഉൾപ്പെടെയുള്ള രാജകുടുംബാംഗങ്ങളും ചടങ്ങിനെത്തിയിരുന്നു. കേറ്റ് വിൻസ്‌ലെറ്റ്, കാറ്റി മെലുവ, ഡെയിം മേരി ബെറി തുടങ്ങിയ പ്രമുഖരും അതിഥികളായിരുന്നു.

ബിയാട്രിസ്, യൂജീനി രാജകുമാരിമാർക്ക് കഴിഞ്ഞ വർഷം ക്ഷണം ലഭിച്ചിരുന്നെങ്കിലും ഇരുവരും പങ്കെടുത്തിരുന്നില്ല.

ആറു വർഷമായി കാലിഫോർണിയയിൽ താമസിക്കുന്ന ഹാരിയും മേഗനും കഴിഞ്ഞ ഓഗസ്റ്റിൽ ബ്രിട്ടനിൽ തിരിച്ചെത്തിയിരുന്നു. അതേസമയം, ഇത്തവണത്തെ ക്രിസ്മസ് ആഘോഷങ്ങൾക്കായി മേഗന്റെ മാതാവ് ഡോറിയ റാഗ്‌ലൻഡിനെ ബ്രിട്ടനിലേക്ക് കൊണ്ടുവരാൻ ദമ്പതികൾ പദ്ധതിയിടുന്നതായും റിപ്പോർട്ടുകളുണ്ട്.

പുതിയ സംഭവവികാസം വില്യം-കാതറിൻ കുടുംബവും ഹാരി-മേഗൻ ദമ്പതികളും തമ്മിലുള്ള ബന്ധത്തിലെ അകൽച്ച വീണ്ടും ചർച്ചയാക്കിയിരിക്കുകയാണ്. എന്നാൽ ക്ഷണമില്ലാത്തതിനെക്കുറിച്ച് വെയിൽസ് കുടുംബത്തിന്റെയോ സസെക്സ് ദമ്പതികളുടെയോ പ്രതിനിധികൾ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more