1 GBP = 124.34
breaking news

സ്പെയിനിൽ 14 വർഷത്തിന് ശേഷം പൊതുപണിമുടക്ക്; ബാഴ്‌സലോണയിൽ പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി

സ്പെയിനിൽ 14 വർഷത്തിന് ശേഷം പൊതുപണിമുടക്ക്; ബാഴ്‌സലോണയിൽ പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി

മാഡ്രിഡ്: വീടുകളുടെ അമിത വാടകയ്ക്കും ജീവിതച്ചെലവിലുണ്ടായ വർധനവിനുമെതിരെ സ്പെയിനിൽ 14 വർഷത്തിന് ശേഷം നടന്ന ആദ്യ പൊതുപണിമുടക്കിൽ പതിനായിരങ്ങൾ പങ്കെടുത്തു. രാജ്യത്തെ പ്രധാന തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ നടന്ന സമരം ഗതാഗതം ഉൾപ്പെടെയുള്ള പൊതുസേവനങ്ങളെ സാരമായി ബാധിച്ചു.

മാഡ്രിഡിൽ 1.20 ലക്ഷത്തോളം പേരും ബാഴ്‌സലോണയിൽ 50,000ത്തിലധികം പേരും പ്രതിഷേധ റാലികളിൽ പങ്കെടുത്തതായാണ് റിപ്പോർട്ട്. ബാഴ്‌സലോണയിൽ മുഖംമൂടി ധരിച്ച ചിലർ മാലിന്യപ്പെട്ടികൾക്ക് തീയിടുകയും കടകളുടെ ജനൽച്ചില്ലുകൾ തകർക്കുകയും ചെയ്തതോടെ പോലീസുമായി ഏറ്റുമുട്ടലുണ്ടായി. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി പേരെ അറസ്റ്റ് ചെയ്തതായും അധികൃതർ അറിയിച്ചു.

വാടകയും ഭക്ഷണം, വൈദ്യുതി തുടങ്ങിയ അവശ്യസാധനങ്ങളുടെ വിലയും വർധിച്ചതോടെ സാധാരണക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. മാഡ്രിഡിൽ ഒരു ശരാശരി 50 ചതുരശ്ര മീറ്റർ അപ്പാർട്ട്മെന്റിന്റെ പ്രതിമാസ വാടക 1,170 യൂറോയോളമായി ഉയർന്നിട്ടുണ്ട്. ഇത് ശരാശരി മൊത്തമാസ ശമ്പളത്തിന്റെ പകുതിയോളം വരും.

87 വയസ്സുകാരിയായ മരികാർമെൻ അബാസ്കലിനെ മാഡ്രിഡിലെ താമസസ്ഥലത്തുനിന്ന് കുടിയൊഴിപ്പിച്ചതിനെ തുടർന്നുണ്ടായ പ്രതിഷേധമാണ് പൊതുപണിമുടക്കിന് പ്രധാന പ്രേരണയായത്.

നവംബർ 29ന് സ്പെയിനിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പൊതുപണിമുടക്കിനുണ്ടായ വലിയ പിന്തുണ സർക്കാരിനും രാഷ്ട്രീയ പാർട്ടികൾക്കും നിർണായകമായ രാഷ്ട്രീയ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more