1 GBP = 124.44
breaking news

കാലാവസ്ഥാ വ്യതിയാനം ദേശീയ സുരക്ഷയ്ക്ക് ഭീഷണി; ലോകത്തിലെ ആദ്യ കാലാവസ്ഥാ സുരക്ഷാ പ്രതിനിധിയെ നിയമിച്ച് ബ്രിട്ടൻ

കാലാവസ്ഥാ വ്യതിയാനം ദേശീയ സുരക്ഷയ്ക്ക് ഭീഷണി; ലോകത്തിലെ ആദ്യ കാലാവസ്ഥാ സുരക്ഷാ പ്രതിനിധിയെ നിയമിച്ച് ബ്രിട്ടൻ

ലണ്ടൻ: കാലാവസ്ഥാ വ്യതിയാനം രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ലോകത്തിലെ ആദ്യത്തെ പ്രത്യേക കാലാവസ്ഥാ സുരക്ഷാ പ്രതിനിധിയെ നിയമിച്ച് ബ്രിട്ടീഷ് സർക്കാർ. പ്രധാനമന്ത്രി ആൻഡി ബേൺഹാം കോപ് 31 കാലാവസ്ഥാ ഉച്ചകോടിയിൽ നിയമനം പ്രഖ്യാപിക്കും.

ബ്രിട്ടന്റെ ജോയിന്റ് ഇന്റലിജൻസ് കമ്മിറ്റിയുടെ അധ്യക്ഷയായിരുന്ന ഡെയിം മഡലീൻ അലസാൻഡ്രിയാണ് പുതിയ ചുമതല ഏറ്റെടുക്കുന്നത്. കാലാവസ്ഥാ പ്രതിസന്ധി മൂലമുണ്ടാകാവുന്ന ഭക്ഷ്യക്ഷാമം, വിലക്കയറ്റം, കൂട്ട കുടിയേറ്റം, രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം തുടങ്ങിയ ദേശീയ സുരക്ഷാ വെല്ലുവിളികൾ മുൻകൂട്ടി വിലയിരുത്തി സർക്കാരിന് നിർദേശങ്ങൾ നൽകുകയാണ് ഇവരുടെ പ്രധാന ചുമതല.

ഈ വർഷം രേഖപ്പെടുത്തിയ ഏറ്റവും ചൂടേറിയ വേനൽക്കാലവും തുടർച്ചയായ ഉഷ്ണതരംഗങ്ങളും കാട്ടുതീയും ബ്രിട്ടനിൽ ആരോഗ്യ-ഗതാഗത മേഖലകളെ ബാധിച്ചിരുന്നു. കാലാവസ്ഥാ പ്രതിസന്ധി നേരിട്ട് അനുഭവപ്പെടുന്ന ഘട്ടത്തിലേക്ക് രാജ്യം കടന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2050ഓടെ നെറ്റ് സീറോ ലക്ഷ്യം കൈവരിക്കാനുള്ള പ്രതിബദ്ധതയും അദ്ദേഹം ആവർത്തിച്ചു.

അതേസമയം, രാജ്യത്ത് പുതിയ എണ്ണ-വാതക പദ്ധതികൾക്ക് അനുമതി നൽകുന്നതും ഇലക്ട്രിക് വാഹന ലക്ഷ്യങ്ങളിൽ ഇളവ് വരുത്താനുള്ള നീക്കവും ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവർത്തകർ സർക്കാരിനെ വിമർശിച്ചു. കാലാവസ്ഥാ പ്രവർത്തനങ്ങളിൽ ബ്രിട്ടൻ പ്രഖ്യാപിക്കുന്ന നിലപാടുകളും ആഭ്യന്തര നയങ്ങളും തമ്മിൽ വൈരുധ്യമുണ്ടെന്നാണ് വിമർശനം.

കാലാവസ്ഥാ വ്യതിയാനം പരിസ്ഥിതി പ്രശ്നം മാത്രമല്ല, ഭക്ഷ്യസുരക്ഷ, അടിസ്ഥാന സൗകര്യങ്ങൾ, ആഗോള കുടിയേറ്റം, രാജ്യാന്തര സുരക്ഷ എന്നിവയെയും ബാധിക്കുന്ന പ്രധാന വെല്ലുവിളിയാണെന്ന വിലയിരുത്തലാണ് പുതിയ നിയമനത്തിന് പിന്നിൽ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more