1 GBP = 124.59
breaking news

സ്കോട്ട്ലൻഡിലും വടക്കൻ അയർലൻഡിലും നൂറുകണക്കിന് സ്കൂളുകൾക്ക് വ്യാജ ബോംബ് ഭീഷണി; ചിലയിടങ്ങളിൽ വിദ്യാർഥികളെ ഒഴിപ്പിച്ചു

സ്കോട്ട്ലൻഡിലും വടക്കൻ അയർലൻഡിലും നൂറുകണക്കിന് സ്കൂളുകൾക്ക് വ്യാജ ബോംബ് ഭീഷണി; ചിലയിടങ്ങളിൽ വിദ്യാർഥികളെ ഒഴിപ്പിച്ചു

ലണ്ടൻ: സ്കോട്ട്ലൻഡിലും വടക്കൻ അയർലൻഡിലുമായി നൂറുകണക്കിന് സ്കൂളുകൾക്ക് ബുധനാഴ്ച വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചു. സംഭവത്തെ തുടർന്ന് ചില സ്കൂളുകളിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി വിദ്യാർഥികളെയും അധ്യാപകരെയും ഒഴിപ്പിച്ചു. എന്നാൽ ഭീഷണി സന്ദേശങ്ങൾക്ക് വിശ്വാസ്യതയില്ലെന്നും പൊതുജനങ്ങൾക്ക് നിലവിൽ അപകടസാധ്യതയില്ലെന്നും പൊലീസ് വ്യക്തമാക്കി.

സ്കോട്ട്ലൻഡിൽ ഡംഫ്രീസ് മുതൽ വടക്കൻ മേഖലയിലെ അബർഡീൻഷെയർ, ഓർക്നി ദ്വീപുകൾ വരെയുള്ള കുറഞ്ഞത് 470 സ്കൂളുകൾക്കാണ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്. വടക്കൻ അയർലൻഡിൽ 300-ലധികം സ്കൂളുകളും സമാനമായ സന്ദേശങ്ങളുടെ ലക്ഷ്യമായി. അയർലൻഡ് റിപ്പബ്ലിക്കിലെ സ്കൂളുകൾക്കും സമാനമായ രീതിയിൽ പൊതുവായ ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായി അധികൃതർ അറിയിച്ചു.

കഴിഞ്ഞ മാസവും സമാനമായ വ്യാജ ബോംബ് ഭീഷണികൾ ഉണ്ടായിരുന്നതായി പൊലീസ് ചൂണ്ടിക്കാട്ടി. ഇത്തവണ ലഭിച്ച സന്ദേശങ്ങളിലും യഥാർഥ ഭീഷണിയുണ്ടെന്നതിന് തെളിവുകളില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ.

ഭീഷണി സന്ദേശങ്ങളുടെ ഉള്ളടക്കം മാത്രം കണക്കിലെടുത്ത് സ്കൂളുകൾ ഒഴിപ്പിക്കേണ്ടതില്ലെന്നും കുട്ടികളെ സ്കൂളിൽനിന്ന് മാറ്റിനിർത്തേണ്ട സാഹചര്യമില്ലെന്നും സ്കോട്ട്ലൻഡ് പൊലീസ് അറിയിച്ചു. വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവരിൽ ഇത്തരം സന്ദേശങ്ങൾ സൃഷ്ടിക്കുന്ന ആശങ്ക മനസ്സിലാക്കുന്നുവെന്നും സ്കൂളുകൾ സുരക്ഷിതമാണെന്നും പൊലീസ് വ്യക്തമാക്കി.

എഡിൻബറോയിലെ ചില സ്കൂളുകൾ മുൻകരുതലിന്റെ ഭാഗമായി താൽക്കാലികമായി ഒഴിപ്പിച്ചിരുന്നു. ഡംഫ്രീസ് ആൻഡ് ഗാലോവേ മേഖലയിലെ ഭൂരിഭാഗം സ്കൂളുകൾക്കും സന്ദേശങ്ങൾ ലഭിച്ചതിനെ തുടർന്ന് ചിലയിടങ്ങളിൽ കുട്ടികളെ വീടുകളിലേക്ക് തിരിച്ചയച്ചു. ഹൈലാൻഡ് മേഖലയിലെ ചില സ്കൂളുകളും അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിച്ചു. എന്നാൽ ഭീഷണി വ്യാജമാണെന്ന് പൊലീസ് സ്ഥിരീകരിച്ചതോടെ ഒഴിപ്പിച്ച വിദ്യാർഥികളെ തിരികെ പ്രവേശിപ്പിക്കാനും ക്ലാസുകൾ പുനരാരംഭിക്കാനും നിർദേശം നൽകി.

വടക്കൻ അയർലൻഡിൽ പൊലീസ് നിർദേശമില്ലാത്തിടത്തോളം സ്കൂളുകൾ തുറന്നുപ്രവർത്തിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പൊതുജനങ്ങൾക്ക് നിലവിൽ അപകടസാധ്യത കുറവാണെന്ന് വടക്കൻ അയർലൻഡ് പൊലീസ് സർവീസിലെ അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ ആന്റണി മക്നാലി വ്യക്തമാക്കി. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാസത്തെ വ്യാജ ഭീഷണികൾക്ക് പിന്നിൽ ഇസ്‌ലാമിസ്റ്റ് ബന്ധമുണ്ടാകാമെന്ന് വടക്കൻ അയർലൻഡ് വിദ്യാഭ്യാസ മന്ത്രി പോൾ ഗിവൻ അഭിപ്രായപ്പെട്ടിരുന്നു. അന്നത്തെ സന്ദേശങ്ങളിൽ ‘അല്ലാഹു അക്ബർ’ എന്ന വാചകം ഉപയോഗിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇത്തവണത്തെ ഭീഷണികൾക്കും ഇസ്‌ലാമിസ്റ്റ് ബന്ധമുണ്ടെന്നതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.

സ്കോട്ട്ലൻഡ് പൊലീസിന്റെ സൈബർ, തട്ടിപ്പ് അന്വേഷണ വിഭാഗം യുകെയിലെയും വിദേശത്തെയും സുരക്ഷാ-നിയമപാലന ഏജൻസികളുമായി സഹകരിച്ച് വ്യാജ സന്ദേശങ്ങൾക്ക് പിന്നിലുള്ളവരെ കണ്ടെത്താനുള്ള അന്വേഷണം നടത്തുകയാണ്.

അതേസമയം, അയർലൻഡിലെ ഗാർഡ പൊലീസ് ഭീഷണി വിശ്വാസയോഗ്യമല്ലെന്ന് വിലയിരുത്തി. അവിടെ സ്കൂളുകൾ ഒഴിപ്പിക്കേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more