1 GBP = 127.36
breaking news

സാൻഡ്‌ഹർസ്റ്റ് ഷീൽഡ് കപ്പ് ലിവർപൂൾ സൂപ്പർകിങ്സിന്; നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള കിരീടത്തിൽ ചരിത്രം കുറിച്ച് മലയാളികളുടെ ക്രിക്കറ്റ് ടീം

സാൻഡ്‌ഹർസ്റ്റ് ഷീൽഡ് കപ്പ് ലിവർപൂൾ സൂപ്പർകിങ്സിന്; നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള കിരീടത്തിൽ ചരിത്രം കുറിച്ച് മലയാളികളുടെ ക്രിക്കറ്റ് ടീം

അനിൽ ഹരി, പിആർഒ ലിവർപൂൾ സൂപ്പർ കിങ്‌സ്

ലിവർപൂൾ: മെഴ്‌സിസൈഡ് ക്രിക്കറ്റിലെ ഏറ്റവും പാരമ്പര്യവും അഭിമാനവുമുള്ള കിരീടങ്ങളിലൊന്നായ സാൻഡ്‌ഹർസ്റ്റ് ഷീൽഡ് കപ്പ് ആദ്യമായി സ്വന്തമാക്കി ലിവർപൂൾ സൂപ്പർകിങ്സ് ക്രിക്കറ്റ് ക്ലബ് (Liverpool Superkings CC). നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ പ്രശസ്ത നോക്ഔട്ട് ടൂർണമെന്റിന്റെ ഫൈനലിൽ ഹാൽസാൽ വെസ്റ്റ് എൻഡ് ക്രിക്കറ്റ് ക്ലബ്ബിനെ 31 റൺസിന് പരാജയപ്പെടുത്തിയാണ് ക്യാപ്റ്റൻ ജെയ്‌മോൻ ജെയ്സൺ നയിച്ച ലിവർപൂൾ സൂപ്പർകിങ്സ് ചരിത്രത്തിന്റെ താളുകളിൽ ഇടംപിടിച്ചത്.

മെഴ്‌സിസൈഡിലെയും വെസ്റ്റ് ലങ്കാഷയറിലെയും അമേച്വർ ക്രിക്കറ്റിലെ ഏറ്റവും പഴക്കമേറിയതും ആദരിക്കപ്പെടുന്നതുമായ നോക്ഔട്ട് ടൂർണമെന്റുകളിലൊന്നാണ് സാൻഡ്‌ഹർസ്റ്റ് ഷീൽഡ്. 1900-കളുടെ തുടക്കത്തിൽ ആരംഭിച്ചതായി കരുതപ്പെടുന്ന ഈ ടൂർണമെന്റ് ചരിത്രപരമായി Southport & District Amateur Cricket League-ന്റെ കീഴിലായിരുന്നുവെങ്കിലും, പിന്നീട് Liverpool & District Cricket Competition-ന്റെ ഭാഗമായാണ് നടത്തപ്പെടുന്നത്. ഒരു മോശം ദിനം പോലും പുറത്തേക്കുള്ള വഴിയാകുന്ന ഈ നോക്ഔട്ട് ഫോർമാറ്റിൽ ഇത്തവണ 19 ക്ലബ്ബുകളാണ് പ്രാഥമിക റൗണ്ട്, ഒന്നാം റൗണ്ട്, ക്വാർട്ടർ ഫൈനൽ, സെമിഫൈനൽ, ഫൈനൽ എന്നിങ്ങനെ ഘട്ടങ്ങൾ പിന്നിട്ട് കിരീടത്തിനായി പോരാടിയത്.

Screenshot

ഈ കിരീടത്തിന്റെ മഹത്വം വ്യക്തമാക്കുന്ന നിരവധി ചരിത്രനിമിഷങ്ങൾ സാൻഡ്‌ഹർസ്റ്റ് ഷീൽഡിനുണ്ട്. ഒരുകാലത്ത് റഫോർഡ് CC ഈ ട്രോഫി ഉയർത്തിയപ്പോൾ അത് ക്ലബ്ബിന്റെ 97 വർഷത്തെ ചരിത്രത്തിലെ ആദ്യ സാൻഡ്‌ഹർസ്റ്റ് ഷീൽഡ് വിജയമായിരുന്നു, അതിലൂടെ തന്നെ ഈ ടൂർണമെന്റിന്റെ പാരമ്പര്യവും മത്സരത്തിന്റെ കാഠിന്യവും വ്യക്തമാകുന്നു. ഇപ്പോൾ 47 വർഷങ്ങൾക്കുശേഷം ഒരു ഏഷ്യൻ വേരുകളുള്ള ടീം ഈ കിരീടം സ്വന്തമാക്കുന്നു എന്ന അപൂർവ നേട്ടമാണ് ലിവർപൂൾ സൂപ്പർകിങ്സ് സ്വന്തമാക്കിയിരിക്കുന്നത്. ലഭ്യമായ ചരിത്രരേഖകൾ പ്രകാരം, സാൻഡ്‌ഹർസ്റ്റ് ഷീൽഡ് നേടുന്ന രണ്ടാമത്തെ ഏഷ്യൻ വേരുകളുള്ള ക്ലബ്ബ് എന്ന ബഹുമതിയും ലിവർപൂൾ സൂപ്പർകിങ്സിന് ക്രിക്കറ്റ് ക്ലബിന് സ്വന്തമായി. ഒരുകാലത്ത് “ഈ കിരീടം ഏഷ്യൻ ടീമുകൾക്ക് അകലെയുള്ള സ്വപ്നമാണ്” എന്ന ധാരണയെ ബാറ്റുകൊണ്ടും പന്തുകൊണ്ടും പൊളിച്ചെഴുതിയിരിക്കുകയാണ് ലിവർപൂളിലെ ഈ മലയാളി ടീം.

ഫൈനലിൽ ടോസ് നേടിയ ഹാൽസാൽ വെസ്റ്റ് എൻഡ് ക്രിക്കറ്റ് ക്ലബ് ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുത്തു. ബാറ്റിംഗിനിറങ്ങിയ ലിവർപൂൾ സൂപ്പർകിങ്സ് 40 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 264 റൺസ് നേടി. ഇന്നിങ്‌സിന്റെ നട്ടെല്ലായി മാറിയത് അരുൺ ഗോപാലകൃഷ്ണൻ. ഫൈനലിന്റെ സമ്മർദ്ദത്തെ അതിജീവിച്ച് അതുല്യമായ ക്ഷമയും മികവും പുറത്തെടുത്ത അദ്ദേഹം 118 പന്തിൽ പുറത്താകാതെ 114 റൺസ് നേടി ടീമിനെ കരുത്തുറ്റ സ്കോറിലേക്ക് നയിച്ചു.

അരുണിന് മികച്ച പിന്തുണ നൽകി ധീരജ് ഫ്രാൻസിസ് 47 പന്തിൽ 40 റൺസും ജോസി ചെറിയാൻ 33 പന്തിൽ 31 റൺസും നേടി. അവസാന ഓവറുകളിൽ ക്യാപ്റ്റൻ ജെയ്‌മോൻ ജെയ്സണും അരുൺ തെക്കേടത്തും പുറത്താകാതെ നേടിയ വേഗമേറിയ റൺസുകൾ ലിവർപൂൾ സൂപ്പർകിങ്സിന്റെ സ്കോർ 264-ൽ എത്തിക്കുന്നതിൽ നിർണായകമായി. ഹാൾസോൾ വെസ്റ്റ് എൻഡിനായി ജെയിംസ് റൗളൻഡ്സ്, ജോസഫ് ദേവസ്യ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

265 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹാൽസാൽ വെസ്റ്റ് എൻഡിനായി സ്റ്റീവ് കോളിൻസ് 72 റൺസും ജെയിംസ് റൗളൻഡ്സ് 53 റൺസും നേടി ശക്തമായി പൊരുതിയെങ്കിലും, ലിവർപൂൾ സൂപ്പർകിങ്സിന്റെ അച്ചടക്കമുള്ള ബൗളിംഗിന് മുന്നിൽ അവർക്ക് മുന്നേറാനായില്ല. നിർണായക ഘട്ടത്തിൽ അരുൺ തെക്കേടത്ത് പുറത്തെടുത്ത അതിഗംഭീര ബൗളിംഗ് മത്സരത്തിന്റെ ഗതി തന്നെ മാറ്റി. നാല് വിക്കറ്റുകൾ വീഴ്ത്തിയ അദ്ദേഹത്തിന്റെ സ്പെൽ ഹാൽസാൽ വെസ്റ്റ് എൻഡിന്റെ പ്രതീക്ഷകൾ തകർത്തു. ഒടുവിൽ 38.2 ഓവറിൽ 233 റൺസിന് എല്ലാവരും പുറത്തായതോടെ ലിവർപൂൾ സൂപ്പർകിങ്സ് 31 റൺസിന്റെ അവിസ്മരണീയ വിജയം സ്വന്തമാക്കി.

ഫൈനലിലെ അസാധാരണമായ സെഞ്ചുറിക്കാണ് അരുൺ ഗോപാലകൃഷ്ണൻ മാൻ ഓഫ് ദ മാച്ച് പുരസ്കാരത്തിന് അർഹനായത്. സമ്മർദ്ദഘട്ടത്തിൽ പുറത്തെടുത്ത അദ്ദേഹത്തിന്റെ ഇന്നിങ്‌സ് സാൻഡ്‌ഹർസ്റ്റ് ഷീൽഡിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും മികച്ച ഫൈനൽ ഇന്നിങ്‌സുകളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.

2020-ൽ സ്ഥാപിതമായ ലിവർപൂൾ സൂപ്പർകിങ്സ് ക്രിക്കറ്റ് ക്ലബ്, ലിവർപൂളിലെ മലയാളികൾ മാത്രം ചേർന്ന് രൂപീകരിച്ച ആദ്യത്തെയും ഏകത്തെയും ക്രിക്കറ്റ് ക്ലബ്ബ് എന്ന പ്രത്യേകതയും സ്വന്തമാക്കിയിരിക്കുന്നു. തുടക്കം മുതൽ തന്നെ വിവിധ ലീഗുകളിലും കപ്പ് മത്സരങ്ങളിലുമായി നിരവധി കിരീടങ്ങൾ സ്വന്തമാക്കിയ ക്ലബ്ബിന്, സാൻഡ്‌ഹർസ്റ്റ് ഷീൽഡ് വിജയം വിജയകിരീടത്തിലെ ഏറ്റവും തിളക്കമുള്ള പൊൻതൂവൽ തന്നെയാണ്.

പുരുഷ ടീമിൽ മാത്രം ഒതുങ്ങാതെ വനിതാ ക്രിക്കറ്റിനും ജൂനിയർ ക്രിക്കറ്റിനും ഒരുപോലെ പ്രാധാന്യം നൽകുന്ന ക്ലബ്ബാണ് ലിവർപൂൾ സൂപ്പർകിങ്സ്. ഇന്ന് ക്ലബ്ബിന് സജീവമായ വനിതാ ടീമും കുട്ടികളുടെ ക്രിക്കറ്റ് ടീമും പ്രവർത്തിക്കുന്നുണ്ട്. മെഴ്‌സിസൈഡിലെ മലയാളി സമൂഹത്തിൽ ക്രിക്കറ്റിനെ ജനകീയമാക്കുന്നതിലും പുതിയ തലമുറയെ കായികരംഗത്തേക്ക് കൈപിടിച്ചുയർത്തുന്നതിലും ക്ലബ് നിർണായക പങ്കുവഹിച്ചുവരുന്നു.

വർഷങ്ങളായുള്ള അധ്വാനം, അർപ്പണബോധം, കൂട്ടായ്മ, ആത്മവിശ്വാസം എന്നിവയുടെ ഫലമാണ് ഈ ചരിത്രവിജയം. ഒരു കാലത്ത് ലീഗിൽ പങ്കെടുത്ത് അനുഭവം സമ്പാദിച്ച ടീമായി മാത്രം വിശേഷിപ്പിക്കപ്പെട്ടിരുന്ന ലിവർപൂൾ സൂപ്പർകിങ്സ് ഇന്ന് സാൻഡ്‌ഹർസ്റ്റ് ഷീൽഡ് ജേതാക്കളായി ചരിത്രം തിരുത്തിയിരിക്കുകയാണ്. മലയാളികളുടെ ഒരു സ്വപ്നം മെഴ്‌സിസൈഡിന്റെ ഏറ്റവും പഴക്കമുള്ള ട്രോഫികളിലൊന്നിൽ സുവർണാക്ഷരങ്ങളാൽ എഴുതിച്ചേർത്ത ഈ വിജയം, ബ്രിട്ടനിലെ മലയാളി കായികചരിത്രത്തിൽ എന്നും അഭിമാനത്തോടെ ഓർമ്മിക്കപ്പെടും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more