യുക്മ ദേശീയ കായികമേള ഇന്ന് ബിർമിംഗ്ഹാമിൽ; യുക്മ ദേശീയ അധ്യക്ഷൻ അഡ്വ. എബി സെബാസ്റ്റിയൻ ഉദ്ഘാടനം നിർവ്വഹിക്കും
Jun 20, 2026
സ്വന്തം ലേഖകൻ
ബിർമിംഗ്ഹാം: യുക്മ ദേശീയ കായികമേള ഇന്ന് ജൂൺ 20 ശനിയാഴ്ച ബർമിംഗ്ഹാം സട്ടൻ കോൾഡ്ഫീൽഡിലെ വിൻഡ്ലി ലെഷർ സെൻ്റർ സ്റ്റേഡിയത്തിൽ നടക്കും. ദേശീയ കായികമേളയ്ക്ക് മുന്നോടിയായി റീജിയണൽ കായികമേളകൾ വൻപിച്ച ജനപങ്കാളിത്തത്തോടെയാണ് പര്യവസാനിച്ചത്. വിവിധ റീജിയനുകളിൽ നാലായിരത്തിലേറെ കായികതാരങ്ങളാണ് മത്സരങ്ങളിൽ മാറ്റുരച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെ ആരംഭിക്കുന്ന ദേശീയ കായികമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി യുക്മ ദേശീയ കായികമേളയുടെ ചുമതല വഹിക്കുന്ന ജോയിൻ്റ് സെക്രട്ടറിയും നാഷണൽ സ്പോർട്ട്സ് കോർഡിനേറ്ററുമായ റെയ്മോൾ നിധീരി, ജോയിൻ്റ് ട്രഷറർ പീറ്റർ താണോലിൽ എന്നിവർ അറിയിച്ചു. രാവിലെ ഒൻപത് മണിക്ക് ട്രഷറർ ഷീജോ വർഗ്ഗീസിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന രജിസ്ട്രേഷൻ നടപടികൾ പത്ത് മണിക്ക് അവസാനിക്കും.
കായിക താരങ്ങളുടെ മാർച്ച്പാസ്റ്റിന് ശേഷം നടക്കുന്ന ഉദ്ഘാടന ചടങ്ങ് യുക്മ ദേശീയ അധ്യക്ഷൻ അഡ്വ എബി സെബാസ്റ്റിയൻ ഉദ്ഘാടനം ചെയ്യും. സെക്രട്ടറി ജയകുമാർ നായർ സ്വാഗതവും ജോയിന്റ് സെക്രട്ടറി റെയ്മോൾ നിധിരി നന്ദിയും രേഖപ്പെടുത്തും. ട്രഷറർ ഷീജോ വർഗ്ഗീസ്, വൈസ് പ്രസിഡന്റുമാരായ വർഗ്ഗീസ് ഡാനിയേൽ, സ്മിതാ തോട്ടം, ജോയിന്റ് സെക്രട്ടറി സണ്ണിമോൻ മത്തായി, ജോയിന്റ് ട്രഷറർ പീറ്റർ താണോലിൽ, റീജിയണൽ ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.
മെയ് 23 ന് ബാൺസ്ലിയിൽ വച്ച് നടന്ന യോർക്ക്ഷയർ & ഹംബർ റീജിയൻ, ജൂൺ 6 ന് മെർതിറിൽ വച്ച് നടന്ന വെയിത്സ് റീജിയൻ, ജൂൺ 13 ന് വാറിംഗ്ടണിൽ വച്ച് നടന്ന നോർത്ത് വെസ്റ്റ് റീജിയൻ, റെഡ്ഡിച്ചിൽ വച്ച് നടന്ന ഈസ്റ്റ് & വെസ്ററ് മിഡ്ലാൻഡ്സ് റീജിയൻ, ഹോർഷമിൽ വച്ച് നടന്ന സൌത്ത് ഈസ്റ്റ് റീജിയൻ, ലൂട്ടനിൽ വച്ച് നടന്ന ഈസ്റ്റ് ആംഗ്ളിയ റീജിയൻ, ജൂൺ 14 ന് യോവിലിൽ വച്ച് നടന്ന സൌത്ത് വെസ്റ്റ് റീജിയൻ കായികമേളകളിൽ ഇക്കുറി വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്. പ്രവാസി മലയാളി ലോകത്തെ ഏറ്റവും വലിയ കായികമേളയായി മാറിക്കഴിഞ്ഞ യുക്മ റീജിയണൽ കായികമേളകളിൽ യുക്മ അംഗ അസ്സോസ്സിയേഷനുകളിൽ നിന്നുള്ള നാലായിരത്തിലേറെ കായികതാരങ്ങളാണ് വിവിധ റീജിയണുകളിലായി തങ്ങളുടെ കായികാവേശം പ്രകടിപ്പിച്ചത്.
റീജിയണൽ കായികമേളകളിലെ ഓരോ ഇനങ്ങളിലെയും ആദ്യ മൂന്ന് സ്ഥാനക്കാരാണ് ദേശീയ കായികമേളയിൽ പങ്കെടുക്കുവാൻ അർഹരായിരിക്കുന്നത്. റീജിയണൽ കായികമേളകളിൽ വിജയികളായ മുഴുവൻ കായികതാരങ്ങളെയും അംഗ അസ്സോസ്സിയേഷനുകളുടെ സഹകരണത്തോടെ ദേശീയ കായികമേളയിൽ പങ്കെടുപ്പിക്കുവാനുള്ള ഒരുക്കങ്ങളിലാണ് വിവിധ റീജിയണൽ നേതൃത്വങ്ങൾ.
2024, 2025 വർഷങ്ങളിലെ യുക്മ ദേശീയ കായികമേളകൾ അരങ്ങേറിയ വിൻഡ്ലി ലെഷർ സെൻ്റർ സ്റ്റേഡിയം കായിക താരങ്ങൾക്കും കാണികൾക്കും ഏറെ സൌകര്യപ്രദമായ സ്റ്റേഡിയമാണ്. ട്രാക്കിലെയും ഫീൽഡിലെയും മത്സരങ്ങൾ ഒരേ സമയം നടത്തുന്നതിനുള്ള സൌകര്യങ്ങൾ ഉള്ളതാണ് സട്ടൻ കോൾഡ് ഫീൽഡിലെ വിൻഡ്ലി ലെഷർ സെൻ്റർ സ്റ്റേഡിയം. മനോഹരമായ സിന്തറ്റിക് ട്രാക്ക് ഒരുക്കിയിരിക്കുന്ന സ്റ്റേഡിയത്തോടനുബന്ധിച്ച് വിശാലമായ പാർക്കിംഗ് സൌകര്യവുമുണ്ട്.
യുകെയിലെ മുഴുവൻ മലയാളി കായികപ്രേമികളെയും യുക്മ ദേശീയ കായികമേളയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി യുക്മ ദേശീയ സമിതി അറിയിച്ചു.
യുക്മ കേരളപൂരം വള്ളംകളി 2026 ആഗസ്റ്റ് 15 ന് …..യുകെയിലെ ഏറ്റവും വലിയ ജനകീയ മഹോത്സവത്തിന് അണിയറയിൽ ഒരുങ്ങുന്നത് മെഗാതിരുവാതിരയും നിരവധി കേരളീയ കലാരൂപങ്ങളും……. /
click on malayalam character to switch languages