ഡൽഹിയിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.നീറ്റ് പരീക്ഷ റദ്ദാക്കിയ നടപടിക്കെതിരെ പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് നടപടി. പരീക്ഷ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷപാർട്ടികളും വിദ്യാർഥി സംഘടനകളും വലിയ പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ്.
നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് നടന്നത് വമ്പൻ തട്ടിപ്പാണ് എന്നാണ് കണ്ടെത്തൽ. നാസിക്കിലാണ് ഗൂഢാലോചനയുടെ തുടക്കം. ഹരിയാന, ആന്ധ്രാപ്രദേശ്, തെലങ്കാന,രാജസ്ഥാൻ,ഡൽഹി ,ജമ്മു കശ്മീർ എന്നി സംസ്ഥാനങ്ങളിലേക്ക് ചോദ്യപേപ്പർ എത്തി. സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും വിവരങ്ങൾ ശേഖരിച്ചു.
മെയ് 3-ന് നടന്ന നീറ്റ് യുജി മെഡിക്കൽ പ്രവേശന പരീക്ഷയുടെ ചോദ്യപേപ്പറുകളാണ് ചോർന്നത്. ചോദ്യപ്പേപ്പർ ചോർച്ചയിൽ സിബിഐ അന്വേഷണം നടത്തും. പരീക്ഷാ നടപടികളിൽ കൃത്രിമം നടന്നതായാണ് കണ്ടെത്തൽ.
അതേസമയം, പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കടുത്ത ഭാഷയിൽ അഡ്വ. ഹാരിസ് ബീരാൻ എം.പി കത്തയച്ചു. രാജ്യത്തെ 22.7 ലക്ഷം വിദ്യാർഥികളുടെ ആയുഷ്‌കാല സ്വപ്നങ്ങളാണ് ഇതോടെ അപകടത്തിലായിരിക്കുന്നതെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയെത്തുടർന്ന് പരീക്ഷ റദ്ദാക്കേണ്ടി വന്ന സാഹചര്യം രാജ്യത്തെ വിദ്യാഭ്യാസ മേഖല നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെയാണ് സൂചിപ്പിക്കുന്നതെന്നും കേന്ദ്ര സർക്കാരിന്റെയും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെയും നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. രാജസ്ഥാനിൽ പരീക്ഷാ പേപ്പർ ചോർന്നുവെന്നത് കേവലം ഒരു സാങ്കേതിക പിഴവ് എന്നതിനപ്പുറം പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടിന്റെ തുടർച്ചയാണെന്നും, ഇത്തരത്തിൽ ഇടയ്ക്കിടെ പരീക്ഷകൾ റദ്ദാക്കേണ്ടി വരുന്നത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കഴിവുകേടാണ് വെളിപ്പെടുത്തുന്നത് എന്നും ഹാരിസ് ബീരാൻ എം പി സൂചിപ്പിച്ചു. NTA-യുടെ വിശ്വാസ്യത പാടെ തകർന്നിരിക്കുകയാണെന്നും അതിനാൽ തന്നെ സി.ബി.ഐ അന്വേഷണം കൊണ്ടുമാത്രം വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കാനാവില്ലന്നും ഉത്തരവാദികളായ ഉന്നത ഉദ്യോഗസ്ഥരെ ഉടൻ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
click on malayalam character to switch languages