1 GBP = 128.48
breaking news

കുടിയേറ്റ വിരുദ്ധർ അഴിഞ്ഞാടിയ യു കെ പ്രാദേശീയ തെരഞ്ഞെടുപ്പിൽ മലയാള പെരുമയുമായി സജീഷ് ടോമിന് മിന്നും വിജയം……. ഹാംഷയർ കൗണ്ടി കൗൺസിലിലെ ഒരേ ഒരു ലേബർ കൗൺസിലർ ഇനി സജീഷ്

കുടിയേറ്റ വിരുദ്ധർ അഴിഞ്ഞാടിയ യു കെ പ്രാദേശീയ തെരഞ്ഞെടുപ്പിൽ മലയാള പെരുമയുമായി സജീഷ് ടോമിന് മിന്നും വിജയം……. ഹാംഷയർ കൗണ്ടി കൗൺസിലിലെ ഒരേ ഒരു ലേബർ കൗൺസിലർ ഇനി സജീഷ്

സുജു ജോസഫ്

ലണ്ടൻ: ഇംഗ്ലണ്ടിലെ പ്രാദേശീയ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ കൗണ്ടി ആയ ഹാംഷയർ കൗണ്ടി കൗൺസിലിലേക്ക് മലയാളിയായ സജീഷ് ടോമിന്റെ വിജയം ശ്രദ്ധേയമാകുന്നു. ആകെയുള്ള എഴുപത്തിഎട്ട് സീറ്റുകളിൽനിന്ന് വിജയിച്ച ഒരേ ഒരു ലേബർ പാർട്ടി കൗൺസിലർ ആണ് സജീഷ്.

ബ്രിട്ടൻ ഭരിക്കുന്ന ലേബർ പാർട്ടിക്ക് കനത്ത തിരിച്ചടി നേരിട്ട പ്രാദേശീയ തെരഞ്ഞെടുപ്പിൽ, തീവ്ര വലതുപക്ഷ നിലപാടുള്ള റീഫോം പാർട്ടി വമ്പിച്ച വിജയം നേടി മുന്നേറുമ്പോഴാണ്‌ സകല പ്രവചനകളെയും കാറ്റിൽ പറത്തിക്കൊണ്ട് റീഫോം പാർട്ടിയെ പരാജയപ്പെടുത്തി, ലേബർപാർട്ടിക്കുവേണ്ടി അഭിമാനകരമായ വിജയം സജീഷ് നേടിയെടുത്തിരിക്കുന്നത്.

യു കെ തെരഞ്ഞെടുപ്പ് ഫലങ്ങൾ പ്രവചിക്കുന്ന സ്വതന്ത്ര ഏജൻസിയായ “പോൾചെക്ക്” പത്ത് ശതാമാനത്തിലേറെ വോട്ട് വ്യത്യാസത്തിൽ റീഫോം പാർട്ടി വിജയിക്കും എന്ന് പ്രവചിച്ച ബേസിംഗ്‌സ്‌റ്റോക്ക് നോർത്ത് ഡിവിഷഷനിൽ ആണ് പത്ത് ശതമാനത്തോളം വോട്ട് വ്യത്യാസത്തിൽ സജീഷ് ടോം റീഫോം പാർട്ടിയെ പരാജയപ്പെടുത്തി വിജയക്കൊടി പാറിച്ചത്.

“ലേബർ വിമുക്ത” കൗണ്ടി ആയി മാറേണ്ടിയിരുന്ന ഹാംഷയർ കൗണ്ടിയെ തന്റെ വ്യക്തിപരമായ ബന്ധങ്ങളും, വർഷങ്ങളായി തുടരുന്ന, ജനങ്ങളുമായി അടുത്തിടപെട്ടുകൊണ്ടുള്ള പ്രവർത്തനങ്ങളും, കൃത്യമായ മുന്നൊരുക്കത്തോടുകൂടിയ കഠിനാദ്ധ്വാനവുംതന്നെയാണ് സജീഷ് ടോമിനെ ഈ അഭിമാനകരമായ ഈ വിജയത്തിലേക്ക് നയിച്ചതെന്ന് നിസംശയം പറയാൻ കഴിയും. 2021 മുതൽ ഹാംഷയർ കൗണ്ടിയിലെ ബേസിംഗ്‌സ്‌റ്റോക്ക് ബറോകൗൺസിലിൽ ലേബർ പാർട്ടിയെ പ്രതിനിധീകരിച്ചുകൊണ്ട് കൗൺസിലറായി സജീഷ് പ്രവർത്തിച്ചുവരുന്നു.

ഇന്ത്യയെ 28 സംസ്ഥാനങ്ങളായി വിഭജിച്ചിരിക്കുന്നതുപോലെ ബ്രിട്ടനെ 21 കൗണ്ടി കൗൺസിലുകളായാണ് തിരിച്ചിരിക്കുന്നത്. ദേശീയ ശരാശരിയിൽനിന്നും ഏറെ വ്യത്യസ്തമായി, ജനസംഖ്യയുടെ 93 ശതമാനവും വെള്ളക്കാർ നിവസിക്കുന്ന ഒന്നാണ് ഹാംഷയർ കൗണ്ടി എന്ന് കൂടി കൂട്ടി വായിക്കുമ്പോഴാണ് സജീഷ് ടോമിന്റെ വിജയത്തിന്റെ കരുത്ത് വ്യക്തമാകുമായുള്ളൂ. ഈ വിജയത്തോടുകൂടി, ബറോ കൗൺസിലിലും കൗണ്ടി കൗൺസിലിലും ഒരേ സമയം പ്രവർത്തിക്കുന്ന, യു കെ യിലെ വളരെച്ചുരുക്കം പേരുകളിൽ ഒരാളായി സജീഷ് ടോം തന്റെ പേരും എഴുതി ചേർത്തിരിക്കുകയാണ്.

കുടിയേറ്റ ആഭിമുഖ്യ ടോണി ബ്ലയർ ലേബർ ഗവൺമെന്റിന്റെ കാലഘട്ടത്തിയിൽ, 2005 ൽ കുടുംബസമേതം യു കെ യിൽ എത്തിയ സജീഷ്, കടുത്ത കുടിയേറ്റ വിരുദ്ധ നിലപാടുള്ള റീഫോം പാർട്ടിയെ പരാജയപ്പെടുത്തി ലേബർ പാർട്ടിയുടെ ഏക കൗൺസിലറായി ഹാംഷയർ കൗണ്ടിയിൽ കരുത്ത് തെളിയിച്ചത് കാലത്തിന്റെ കാവ്യ നീതി തന്നെ. സജീഷിന്റെ ഭാര്യ ആൻസി ഹാംഷയർ ഹോസ്പിറ്റൽസ് എൻ എച്ച് എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ ഐ സി യു ഡിപ്പാർട്ട്മെൻറ്റിൽ ഡെപ്യൂട്ടി സിസ്റ്ററായി ജോലി ചെയ്യുന്നു. ഏക മകൾ അലീന ലണ്ടണിൽ ജോലി ചെയ്യുന്നു. കോട്ടയം ജില്ലയിൽ വൈക്കം, ചെമ്പ് അയ്യനംപറമ്പിൽ കുടുംബാംഗമായ സജീഷിൻറെ കുടുംബം ഇപ്പോൾ എറണാകുളം ജില്ലയിൽ ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് അതിർത്തിയിലുള്ള തെക്കൻ പറവൂരിലാണ് ആണ്.

2015, 2016 വർഷങ്ങളിൽ യു കെ യിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ “യുക്മ”യുടെ ദേശീയ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച സജീഷ് ടോം, തുടർന്നുള്ള നാല് വർഷങ്ങൾ സംഘടനയുടെ ദേശീയ പബ്ലിക് റിലേഷൻ ഓഫീസർ ആയും പ്രവർത്തിച്ചിട്ടുണ്ട്. യു കെ പൊതുസമൂഹത്തിൽ രണ്ട് ദശാബ്ദത്തിലേറെയായി സജീവസാന്നിധ്യമായ സജീഷ്, തുടർച്ചയായ മൂന്ന് ടേമുകളിൽ ബേസിംഗ്‌സ്‌റ്റോക്ക് മൾട്ടികൾച്ചറൽ ഫോറം ട്രഷറർ എന്ന നിലയിൽ ഏറെ ശ്രദ്ധേയമായ പ്രവർത്തനത്തിന് നേതൃത്വം നൽകുകയും 2012 ൽ “മേയേർസ് വോളൻറ്ററി അവാർഡ്” കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.

ബേസിംഗ്‌സ്‌റ്റോക്ക് എൻ എച്ച് എസ് ഹോസ്പിറ്റലിൽ അഡ്മിൻ വിഭാഗത്തിൽ ജോലിചെയ്യുന്ന സജീഷ് ടോം തൊഴിലാളി പ്രസ്ഥാനങ്ങളിലും സജീവമാണ്. യു കെ യിലെ പ്രബല തൊഴിലാളി യൂണിയനായ UNISON ന്റെ ബ്രാഞ്ച് ചെയർപേഴ്സൺ, ലേബർലിങ്ക് ഓഫീസർ, സൗത്ത് ഈസ്റ്റ് റീജിയണൽ ഫിനാൻസ് കമ്മറ്റി അംഗം, റീജിയണൽ വെൽഫെയർ കമ്മറ്റി അംഗം തുടങ്ങി നിരവധി ചുമതലകൾ വിവിധ കാലഘട്ടങ്ങളിലായി സജീഷ് വഹിച്ചിട്ടുണ്ട്.

ഹാംഷെയർ കൗണ്ടി കൗൺസിൽ തിരഞ്ഞെടുപ്പിൽ മിന്നും വിജയം നേടിയ സജീഷ് ടോമിന് യുക്മ ദേശീയ നേതൃത്വവും, റീജിയണൽ കമ്മിറ്റികളും ആശംസകൾ നേർന്നു….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more