യുക്മ നോർത്ത് വെസ്റ്റ് റീജിയൺ കായികമേളയ്ക്ക് ഉജ്ജ്വല പരിസമാപ്തി…..ലിമ ചാമ്പ്യൻമാർ…… വിഗൺ റണ്ണറപ്പ്….. ബേൺലി, നോർമ മൂന്നും, നാലും സ്ഥാനങ്ങളിൽ.
Jun 23, 2025
അനിൽ ഹരി(പി ആർ ഒ, യുക്മ നോർത്ത് വെസ്റ്റ്)
ജൂൺ 21നു ലിവർപൂൾ മലയാളി അസ്സോസിയഷൻ (ലിമ) ആതിഥേയത്വം വഹിച്ചു ലിവർപൂളിൽ നടന്ന യുക്മ നോർത്ത് വെസ്റ്റ് റീജിയൺ കായികമേളയിൽ ആതിഥേയരായ ലിവർപൂൾ മലയാളി അസ്സോസിയഷൻ (ലിമ) ഓവർ ഓൾ ചാമ്പ്യന്മാരായി. 204 പോയിന്റുമായാണ് ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) ചാമ്പ്യന്മാരായത്. യുക്മ നോർത്ത് വെസ്റ്റ് റീജിയൻ മുൻട്രഷറർ കൂടിയായ ലെെജു മാനുവൽ തൻ്റെ വല്ല്യപ്പനായ പി പി ജോസഫിൻ്റെ സ്മരണാർത്ഥം എർപ്പെടുത്തിയ എവർ റോളിംഗ് ട്രോഫിയാണ് ലിമ നേടിയത്. 132 പോയിന്റ് നേടി വിഗൻ മലയാളി അസോസിയേഷൻ രണ്ടാം സ്ഥാനം നിലനിർത്തി. 55 പോയിന്റോടെ ബേൺലി പെൻഡൽ മലയാളി അസോസിയേഷൻ മൂന്നാം സ്ഥാനവും, 43 പോയിന്റ് നേടി നോർത്ത് മാഞ്ചെസ്റ്റെർ മലയാളി അസോസിയേഷൻ (നോർമ ) നാലാം സ്ഥാനവും കരസ്ഥമാക്കി.
രാവിലെ ഒൻപതു മണിയ്ക്കു രജിസ്ട്രേഷനോടെ കായികമാമാങ്കം ആരംഭിക്കുകയും, തുടർന്ന് കായിക പ്രതിഭകളുടെ വർണാഭമായ മാർച്ച്ഫാസ്റ്റ് യുക്മ നാഷണൽ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ ഫ്ളാഗ് ഓഫ് ചെയ്തു. യുക്മ നോർത്ത് വെസ്റ്റ് റീജിയൺ പ്രസിഡന്റ് ശ്രീ ഷാജി തോമസ് വരാക്കുടിയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ യുക്മ നാഷണൽ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ കായികമേളയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ യുക്മ ദേശീയ ട്രെഷറർ ഷീജോ വർഗീസ്, യുക്മ നോർത്ത് വെസ്റ്റ് റീജിയണലിൽ നിന്നുമുള്ള ദേശീയ സമിതിയംഗം ബിജു പീറ്റർ, യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ ജനറൽ സെക്രട്ടറി സനോജ് വർഗീസ്, സ്പോർട്സ് കോ ഓർഡിനേറ്റർ ബിനോയ് മാത്യു, യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ ട്രെഷറർ ഷാരോൺ ജോസഫ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
അപ്രതീക്ഷിതമായി വന്ന മഴകൊണ്ട് ഒട്ടും അനുകൂലമല്ലായിരുന്ന കാലാവസ്ഥയായിട്ടു കൂടി കായികമേളയുടെ മാറ്റ് ഒരു തരിപോലും കുറയാതിരുന്നത് കായികതാരങ്ങളുടെ ആത്മാർത്ഥമായ പങ്കാളിത്തംകൊണ്ടുമാത്രമാണ് എന്നത് ശ്രദ്ധേയമാണ്. യുക്മ നോർത്ത് വെസ്റ്റ് റീജിയൺ ഭാരവാഹികളുടെ നേതൃത്വത്തിൽ ലിമയുടെ പ്രവർത്തകരും സംയുക്തമായി ട്രാക്കിലും ഫീൽഡിലും വിവിധ ഇനങ്ങളിൽ ഒരേ സമയം മത്സരങ്ങൾ നടത്തി കായികമേള സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിഞ്ഞതു കൂട്ടായ്മയുടെ ഉത്തമ ഉദാഹരണമായി.
മുന്നൂറിലധികം കായികതാരങ്ങൾ മത്സരിച്ച ആവേശകരമായ മത്സരങ്ങളിൽ, കിഡ്സ് വിഭാഗത്തിൽ രൺവീർ മിലന്ദ് ആനപ്പറമ്പിൽ, സാറ ലൂസിയ സനീഷ് എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായപ്പോൾ, സബ് ജൂനിയർ വിഭാഗത്തിൽ ആൻലിയ ജെയ്സണും, ജോൺ ജസ്റ്റിനും ചാമ്പ്യന്മാരായി. ജൂനിയർ വിഭാഗത്തിൽ ചേതൻ ദേവരാജു, ആൻ ട്രീസ്സ ജോബി എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായപ്പോൾ സീനിയർ വിഭാഗത്തിൽ റിച്ചാർഡ് ഷീജോ വർഗീസ് ചാമ്പ്യനായി. അഡൾട്സ് വിഭാഗത്തിൽ അനസ് അലി, അനു ജോബി എന്നിവരാണ് ചാമ്പ്യന്മാരായത് . സീനിയർ അഡൾട്സ് വിഭാഗത്തിൽ മൂന്ന് പേരാണ് ചാമ്പ്യൻ പട്ടത്തിനു അർഹരായത്, ജിയോ ജോസ് പുരുഷൻമാരുടെ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യൻ ആയപ്പോൾ, വനിതാ വിഭാഗത്തിൽ സിന്ധു സൈമൺ, ടോജി തോമസ് എന്നിവർ ചാമ്പ്യൻപട്ടം പങ്കിട്ടു. സൂപ്പർ സീനിയർ വിഭാഗത്തിൽ ഷീൻ മാത്യുവും, മിനിമോൾ ആന്റണിയും വ്യക്തിഗത ചാമ്പ്യന്മാരായി. വിജയികൾക്ക് റീജിയൻ, അംഗ അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
കായികമേളയുടെ പ്രത്യേക ഇനമായി നടത്തിയ 50 വയസ്സ് കഴിഞ്ഞ പുരുഷന്മാർക്കും, വനിതകൾക്കുമുള്ള 100X4 മീറ്റർ റിലേയിൽ മത്സരിക്കാൻ എത്തിയവർ കാണികളുടെ ഹൃദയം കീഴടക്കി. പ്രായത്തെ വെല്ലുന്ന പ്രകടനങ്ങൾ സീനിയർ അഡൾട്സ് വിഭാഗത്തിൽ കാണാൻ കഴിഞ്ഞു. കൂടാതെ, സീനിയർ അഡൾട്സ് വിഭാഗത്തിൽ പങ്കെടുക്കാൻ എത്തിയവരുടെ എണ്ണത്തിലും വർധനവുണ്ടായി.
അസോസിയേഷനുകളുടെ അഭ്യർത്ഥനപ്രകാരം ഉൾപ്പെടുത്തിയ ആവേശകരമായ വടംവലി മത്സരത്തിൽ ഓൾഡാം മലയാളി കൾച്ചറൽ അസോസിയേഷൻ വിജയികളായപ്പോൾ, ബേൺലി മലയാളി അസോസിയേഷൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്ക് LTC ഗ്ളോബൽ സ്പോൺസർ ചെയ്ത ട്രോഫിയും ക്യാഷ് അവാർഡും സ്ഥാപനത്തിൻ്റെ ഡയറക്ടർമാരായ മാത്യു അലക്സാണ്ടർ, സില്ലെറ്റ് മാത്യു എന്നിവർ ചേർന്ന് കൈമാറി.
വൈകിട്ട് നടന്ന സമ്മാനദാന ചടങ്ങിൽ യുക്മ ചാരിറ്റി ഫൗണ്ടേഷൻ വൈസ് ചെയർമാൻ അലക്സ് വർഗീസ് മുഖ്യാതിഥിയായി. തദവസരത്തിൽ, ആതിഥേയരായ ‘ലിമ’യുടെ സെക്രട്ടറി ആതിര ശ്രീജിത്ത് സ്വാഗതം ആശംസിക്കുകയുണ്ടായി. വൈസ് പ്രസിഡൻ്റ് അഭിറാം, ജോയിൻ്റ് സെക്രട്ടറി ജെറിൻ , ജോയിൻ്റ് ട്രഷറർ ജോസഫ് മാത്യു, സ്പോർട്സ് കോർഡിനേറ്റർ ബിനോയ് മാത്യു, ആർട്സ് കോർഡിനേറ്റർ പി.പി രാജീവ്, മീഡിയ കോർഡിനേറ്റർ ജനീഷ് കുരുവിള, യുക്മ ന്യൂസ് കോർഡിനേറ്റർ ബിനു , യു എൻ എഫ് കോർഡിനേറ്റർ ജിൽസൻ ജോസഫ് തുടങ്ങിയവർ കായിക മേളയ്ക്ക് നേതൃത്വം നൽകി.
റീജിയണൽ കായികമേളയിൽ വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചവർക്കാണ് ജൂൺ 28ന് ബർമിംഗ്ഹാമിൽ നടക്കുന്ന യുക്മ ദേശീയ കായിക മേളയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിരിക്കുന്നത്.
ഈ വേദി കായികമേള എന്നതിനപ്പുറം മലയാളികളുടെ സഹോദര്യത്തിനും കൂട്ടായ്മയ്ക്കും സൗഹൃദം പുതുക്കലിനുമുള്ള കാരണമായി. യുക്മ നോർത്ത് വെസ്റ്റ് റീജിയൻ കായിക മേള വൻപിച്ച വിജയമാക്കിയതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നോർത്ത് വെസ്റ്റ് റീജിയൻ കമ്മിറ്റിക്കു വേണ്ടി ദേശീയ സമിതിയംഗം ബിജു പീറ്റർ, പ്രസിഡൻ്റ് ഷാജി തോമസ് വരാക്കുടി, സെക്രട്ടറി സനോജ് വർഗീസ് എന്നിവർ നന്ദി രേഖപ്പെടുത്തി.
യുക്മ നോർത്ത് വെസ്റ്റ് റീജിയൻ കായികമേളയുടെ സ്പോൺസേഴ്സ്:
ബോബ് കെയർ നേഴ്സിംഗ് ഏജൻസി (Bob Care Health Care Staffing Solutions)
പോൾ ജോൺ & കോ സോളിസിറ്റേഴ്സ്. (Paul John & co solicitors)
ലൈഫ് ലൈൻ മോർട്ടഗേജ് ആൻഡ് ഇൻഷുറൻസ് സർവീസ്സ് (LifeLine Protect Limited )
ദി ഇന്ത്യൻ ഹൈവ് (The Indian Hive Cafe and Restaurant)
click on malayalam character to switch languages