1 GBP = 115.27
breaking news

പട്ടിണി പെരുകുന്ന ഗാസ; കുട്ടികള്‍ ഉള്‍പ്പെടെ 29 പലസ്തീനികള്‍ മരിച്ചുവെന്ന് ലോകാരോഗ്യ സംഘടന

പട്ടിണി പെരുകുന്ന ഗാസ; കുട്ടികള്‍ ഉള്‍പ്പെടെ 29 പലസ്തീനികള്‍ മരിച്ചുവെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ഗാസയില്‍ കുട്ടികളടക്കം 29 പേര്‍ പട്ടിണി മൂലം മരിച്ചുവെന്ന് ലോകാരോഗ്യസംഘടന. രണ്ട് ദശലക്ഷം ആളുകള്‍ പട്ടിണിയിലാണെന്നും റിപ്പോര്‍ട്ട്. ഗാസ മുനമ്പിലെ ഖാന്‍ യൂനിസിലുളള നാസര്‍ ആശുപത്രി പോഷകാഹാരക്കുറവ് മൂലമുളള അസുഖങ്ങളുളള കുട്ടികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. ഗാസയിലെ ജനങ്ങള്‍ ഭക്ഷണം, വെളളം, വൈദ്യ സഹായം, ഇന്ധനം, പാര്‍പ്പിടം എന്നിവയുടെ ക്ഷാമം അനുഭവിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തി.

ഗാസയോട് ഇസ്രായേല്‍ കരുണ കാണിക്കണമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനം ഗബ്രിയേസസ് അഭ്യര്‍ത്ഥിച്ചിരുന്നു. ഗാസയിലെ ജനങ്ങള്‍ക്ക് ഭക്ഷണവും മെഡിക്കല്‍ സഹായവും ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘ഒരു രാഷ്ട്രീയ പരിഹാരമുണ്ടായാല്‍ മാത്രമേ ഗാസയില്‍ ശാശ്വത സമാധാനമുണ്ടാവുകയുളളു. യുദ്ധം ഇസ്രായേലിനെയും ബാധിക്കുന്നുണ്ട്. നിങ്ങള്‍ക്ക് കരുണ കാണിക്കാന്‍ കഴിയുമോ എന്നാണ് ഞാന്‍ ചോദിക്കുന്നത്. അത് നിങ്ങള്‍ക്കും പലസ്തീനികള്‍ക്കും മനുഷ്യരാശിക്കും നല്ലതാണ്. ഗാസയിലെ ജനങ്ങള്‍ മരണഭീഷണിയിലാണ്’- ടെഡ്രോസ് അദാനം പറഞ്ഞു.

സഹായമെത്തിച്ചില്ലെങ്കില്‍ ഗാസയില്‍ അടുത്ത 48 മണിക്കൂറിനുളളില്‍ 14,000 കുഞ്ഞുങ്ങള്‍ മരണപ്പെടുമെന്ന് ഐക്യരാഷ്ട്രസഭയുടെ ഹ്യൂമാനിറ്റേറിയന്‍ വിഭാഗം തലവന്‍ ടോം ഫ്‌ളെച്ചര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ഉപരോധം മൂലം 11 ആഴ്ച്ചയായി ഗാസ കടുത്ത പ്രതിസന്ധി നേരിടുകയായിരുന്നു. ഭക്ഷണം, മരുന്ന്, ഇന്ധനം എന്നിവയുടെ കുറവ് പ്രദേശത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഇസ്രായേല്‍ ഉപരോധം അവസാനിപ്പിച്ചിരുന്നു. ഇതോടെ ഗാസയിലേക്ക് ബേബി ഫുഡും ബ്രെഡുമുള്‍പ്പെടെയുളള ഭക്ഷണം എത്തിത്തുടങ്ങി. ഭക്ഷണത്തിന് പുറമെ മെഡിക്കല്‍ ഉപകരണങ്ങളും ഗാസയിലേക്ക് എത്തിച്ചുതുടങ്ങിയിട്ടുണ്ട്. 100 ട്രക്കുകള്‍ക്കാണ് ഗാസയില്‍ പ്രവേശിക്കാന്‍ ഇസ്രായേല്‍ അനുമതി നല്‍കിയത്. മാര്‍ച്ചിലാണ് ഗാസയ്ക്കുമേല്‍ ഇസ്രായേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. ഇതോടെയാണ് ഗാസയിലെ 2.4 ദശലക്ഷം ജനങ്ങളും പട്ടിണിയിലായത്. ഗാസയിലെ കുട്ടികള്‍ക്ക് പോഷകാഹാരക്കുറവ് വ്യാപകമായുണ്ടെന്നും വിവിധ സംഘടനകളുടെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more