ലണ്ടൻ: യുകെ മലയാളി നാട്ടിലേക്കുള്ള യാത്രാമദ്ധ്യേ വിമനത്തിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ബേസിംഗ്‌സ്‌റ്റോക്ക് മലയാളികൾക്കിടയിൽ ഏറെ പ്രിയങ്കരനും മികച്ച ചെണ്ട വിദ്വാനെന്ന നിലയിൽ സുപരിചിതനായ ഫിലിപ്പ് കുട്ടിയെയാണ് വിമാനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യാ മാതാവിന്റെ വിയോഗത്തെത്തുടർന്ന് നാട്ടിലേക്കുള്ള യാത്രയിലായിരുന്നു. വിമാനം മുംബൈയിലെത്തിയപ്പോഴായിരുന്നു ഫിലിപ്പ് കുട്ടിയെ മരിച്ച നിലയിൽ എയർലൈൻ സ്റ്റാഫ് കണ്ടെത്തിയത്. കോട്ടയം ചിങ്ങവനം സ്വദേശിയായ ഫിലിപ്പ് കുട്ടി കോണ്ടൂർ കുടുംബാംഗമാണ്.
മാതാവിന്റെ നിര്യാണത്തെത്തുടർന്ന് ഫിലിപ്പ് കുട്ടിയുടെ ഭാര്യ സജിനിയും മകനും പെട്ടെന്ന് തന്നെ നാട്ടിലേക്ക് പുറപ്പെടുകയായിരുന്നു. ലീവ് സംബന്ധിച്ച വിഷയങ്ങളിൽ കാലതാമസം നേരിട്ടത് കൊണ്ട് ഫിലിപ്പ് കുട്ടി അടുത്ത വിമാനത്തിലാണ് യാത്ര തിരിച്ചത്. എന്നാൽ അല്പം മുൻപ് നാട്ടിലെത്തിയ ഭാര്യയെയും മകനെയും കാത്തിരുന്നത് അതീവ ദുഃഖകരമായ വാർത്തയായിരുന്നു. ഭാര്യ സജിനി ഫിലിപ്പിനും മക്കളായ സക്കറിയയ്ക്കും റിച്ചുവിനുമൊപ്പം ഏറെ നാളായി ബേസിംഗ് സ്റ്റോക്കിലായിരുന്നു താമസം. മകൾ വിവാഹിതയാണ്.
ഫിലിപ്പ് കുട്ടിയുടെ നിര്യാണത്തെത്തുടർന്ന് ബേസിംഗ്‌സ്‌റ്റോക്ക് മലയാളി കൾച്ചറൽ അസോസിയേഷൻ നാളെ നടത്താനിരുന്ന ഈസ്റ്റർ വിഷു ഈദ് ആഘോഷം മാറ്റി വച്ചതായും പകരം നാളെ രാവിലെ പത്തര മണിക്ക് വൈൻ സ്‌കൂളിൽ അനുശോചന യോഗം ചേരുമെന്ന് ഭാരവാഹികൾ അറിയിച്ചു. ചെണ്ട വിദ്വാൻ എന്ന നിലയിൽ യുകെ മലയാളികൾക്കിടയിൽ തന്നെ ഏറെ സുപരിചിതനാണ് ഫിലിപ്പ് കുട്ടി. നിരവധി സ്ഥലങ്ങളിൽ ചെണ്ടമേളം പഠിപ്പിച്ചിരുന്നതും ഫിലിപ്പ് കുട്ടിയായിരുന്നു.
ഫിലിപ്പ് കുട്ടിയുടെ വിയോഗത്തിൽ യുക്മ ദേശീയ ഭാരവാഹികളായ അഡ്വ. എബി സെബാസ്റ്റിയൻ, ജയകുമാർ നായർ, ഷീജോ വർഗ്ഗീസ്, ബേസിംഗ്‌സ്‌റ്റോക്ക് കൗൺസിലർ സജീഷ് ടോം, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, റീജിയണൽ ഭാരവാഹികളായ രാജേഷ് രാജ്, സുനിൽ ജോർജ്ജ്, ജോബി തോമസ്, ബേബി വർഗ്ഗീസ് ആലുങ്കൽ, ബിനോ ഫിലിപ്പ്, ബി എം സി എ പ്രസിഡന്റ് കുമാരി സെബാസ്റ്റിയൻ, സെക്രട്ടറി ഷജിനി സജി, എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു…. ആദരാഞ്ജലികൾ…..
click on malayalam character to switch languages