1 GBP = 114.36
breaking news

പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പാക് ഭീകരവാദിയെന്ന് എൻഐഎ കണ്ടെത്തൽ; ഭീകരർ ജമ്മുവിലേക്ക് കടക്കുന്നതായും സൂചന

പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പാക് ഭീകരവാദിയെന്ന് എൻഐഎ കണ്ടെത്തൽ; ഭീകരർ ജമ്മുവിലേക്ക് കടക്കുന്നതായും സൂചന

ശ്രീനഗര്‍: പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പാക് ഭീകരവാദിയെന്ന് എൻഐഎ കണ്ടെത്തൽ. പാകിസ്താൻ തീവ്രവാദി ഹാഷിം മൂസയുടെ പങ്കാണ് അന്വേഷണ സംഘം കണ്ടെത്തിയത്. കൂട്ടക്കൊലയുടെ ഗൂഢാലോചനയിൽ ഹാഷിം മൂസയ്ക്കും പങ്കുണ്ടെന്നാണ് കണ്ടെത്തൽ. പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഷ്കർ ഇ ത്വയ്ബ അംഗവും പാകിസ്താൻ ആർമിയുടെ പ്രത്യേക പരിശീലനം ലഭിച്ച കമാൻഡോയുമാണ് ഹാഷിം മൂസ.

അതേസമയം പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്ക് കൂടുതല്‍ ആക്രമണങ്ങളില്‍ പങ്കുണ്ടെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. ഹാഷിം മുസ, അലി ഭായ് എന്നിവര്‍ മുമ്പും കശ്മീരില്‍ ഭീകരാക്രമണം നടത്തി എന്നാണ് സംശയം. സോനാമാര്‍ഗിലെ ടണല്‍ ആക്രമണത്തിന് പിന്നിലും ഹാഷിം മുസയാണെന്നും സുരക്ഷ സേന കണ്ടെത്തി.

കഴിഞ്ഞ ഒക്ടോബറില്‍ നടന്ന ഈ ആക്രമണത്തില്‍ ഏഴ് തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു. സാംബ – കത്വ റീജിയണ്‍ വഴി ഫെന്‍സിംഗ് മുറിച്ചാണ് ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയതെന്നാണ് കണ്ടെത്തല്‍. അതേസമയം ജമ്മുവിലേക്ക് കടക്കാന്‍ ഭീകരര്‍ ലക്ഷ്യമിടുന്നതായാണ് സൂചന. കഴിഞ്ഞ ദിവസം തെക്കന്‍ കശ്മീര്‍ മേഖലയിലാണ് ഭീരരുടെ സാന്നിധ്യം കണ്ടത്.

.ഭീകരര്‍ ജമ്മുവിലെ അതിര്‍ത്തി മേഖലയിലേക്ക് സഞ്ചരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഭീകരര്‍ക്കായുള്ള തിരച്ചില്‍ സൈന്യം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇതിനിടെ ഭീകരര്‍ സഞ്ചാരികളുടെ മൊബൈല്‍ കവര്‍ന്നതായുള്ള മൊഴിയും പുറത്ത് വന്നു. രണ്ട് സഞ്ചാരികളുടെ ഫോണുകളാണ് ഭീകരര്‍ കൊണ്ടുപോയത്. ഈ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.

ഏപ്രില്‍ 22നാണ് പഹല്‍ഗാമിലെ ബൈസരണ്‍വാലിയില്‍ ഭീകരാക്രമണമുണ്ടായത്. പൈന്‍ മരങ്ങള്‍ക്കിടയില്‍ നിന്ന് ഇറങ്ങിവന്ന ഭീകരര്‍ വിനോദസഞ്ചാരികളെ വെടിവെച്ചു കൊല്ലുകയായിരുന്നു. 26 പേരാണ് പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തിലുള്‍പ്പെട്ട ഓരോ ഭീകരനെയും കണ്ടെത്തി അവര്‍ക്ക് ചിന്തിക്കാവുന്നതിലും അപ്പുറം വലിയ ശിക്ഷ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ പറഞ്ഞിരുന്നു. പിന്നാലെ ഇന്ത്യയില്‍ നിന്നും കനത്ത തിരിച്ചടിയാണ് പാകിസ്താന്‍ നേരിട്ടു കൊണ്ടിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more