1 GBP = 105.71
breaking news

കേരളത്തിൽ വധ ശിക്ഷ ലഭിച്ച 2 സ്ത്രീകൾ, ഇരുവർക്കും വിധി പറഞ്ഞത് ഒരേ ജഡ്ജി എ എം ബഷീര്‍

കേരളത്തിൽ വധ ശിക്ഷ ലഭിച്ച 2 സ്ത്രീകൾ, ഇരുവർക്കും വിധി പറഞ്ഞത് ഒരേ ജഡ്ജി എ എം ബഷീര്‍


കൃത്യം ഒരു വർഷം മുൻപ് വിഴിഞ്ഞത്തെ 70 ത് കാരിയുടെ കൊലപാതകത്തിൽ പ്രതി റഫീഖാ ബീവിയ്ക്ക് വധശിക്ഷ വിധിച്ച നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ എം ബഷീര്‍ തന്നെയാണ് ഗ്രീഷ്മയ്ക്കും തൂക്ക്കയർ വിധിച്ചത്.

നാടിനെ ഞെട്ടിച്ച മുല്ലൂര്‍ ശാന്തകുമാരി വധക്കേസില്‍ മൂന്ന് പ്രതികള്‍ക്കും വധശിക്ഷ ലഭിച്ചിരുന്നു. അക്കൂട്ടത്തിലെ ഏക സ്ത്രീ റഫീഖാ ബീവിയാണ്. ഗൂഢാലോചന, കൊലപാതകം, തെളിവ് നശിപ്പിക്കല്‍,കവര്‍ച്ച എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയത്.2021 ജനുവരി 14 നായിരുന്നു ശാന്തകുമാരിയെ പ്രതികള്‍ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വിധവയായ ശാന്തകുമാരിയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്യാന്‍ അയല്‍വീട്ടില്‍ വാടകക്കാരായി വന്ന പ്രതികള്‍ ഗൂഡാലോചന നടത്തി കൃത്യം ആസൂത്രണംചെയ്ത് നടപ്പിലാക്കുകയായിരുന്നു. പിന്നീട് മൃതദേഹം തട്ടിന്‍ പുറത്തെ ആസ്ബസ്റ്റോസ് മേല്‍ക്കൂരയ്ക്കും തട്ടിനും ഇടയിലുള്ള സ്ഥലത്തു ഞെരുക്കി ഒളിപ്പിച്ചുവച്ചു.34 സാക്ഷികളെയാണ് ശാന്തകുമാരി വധക്കേസില്‍ പ്രോസിക്യൂഷന്‍ വിസ്തരിച്ചത്. 61 രേഖകളും 34 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി.

കേരളത്തിലെ കുറ്റവാളികളുടെ ചരിത്രത്തിൽ പുതു റെക്കോർഡ് ആണ് ഷാരോൺ രാജ് കൊലക്കേസിന്റെ വിധിയോടെ ഗ്രീഷ്മയ്ക്ക് ലഭിച്ചത്. മരണം വരെ തൂക്കികൊല്ലാനാണ് കോടതി വിധിച്ചത്. കേരളത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ കുറ്റവാളിയാണ് 24 കാരിയായ ഗ്രീഷ്‌മ. വിധി വായിക്കുമ്പോൾ കോടതി മുറിയിൽ നിർവികാരയായി നിൽക്കുകയായിരുന്നു ഗ്രീഷ്മ. ഗ്രീഷ്മയ്ക്ക് പ്രായത്തിന്റെ ഇളവ് നല്‍കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. രണ്ട് ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. 586 പേജുള്ള വിധി പകർപ്പാണ് കോടതി വായിച്ചത്. അന്വേഷണത്തിൽ സാഹചര്യ തെളിവുകൾ നല്ല രീതിയിൽ പൊലീസ് ഉപയോഗിച്ചു എന്നും കോടതി നിരീക്ഷിച്ചു. കേസിൽ ഗ്രീഷ്മയുടെ അമ്മാവനായ മൂന്നാം പ്രതി നിർമ്മല്‍ കുമാരൻ നായർക്ക് മൂന്ന് വർഷം തടവാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വിധിച്ചത്.

ഷാരോണ്‍ രാജ് വധക്കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് കോടതി നിരീക്ഷിച്ചു.ഗ്രീഷ്മ നടത്തിയത് സമര്‍ത്ഥമായ കുറ്റകൃത്യമെന്ന് കോടതി വിലയിരുത്തി.അന്വേഷണം വഴിതിരിച്ചുവിട്ട കുറ്റത്തിന് കോടതി അഞ്ച് വര്‍ഷം തടവും അന്‍പതിനായിരം രൂപ പിഴയും കൊലപാതകത്തിന് വേണ്ടിയുള്ള തട്ടിക്കൊണ്ടുപോകലിന് 10 വര്‍ഷം തടവും കൊലപാതകത്തിന് വധശിക്ഷയുമാണ് കോടതി വിധിച്ചിരിക്കുന്നത്.

മാധ്യമവാര്‍ത്തകള്‍ നോക്കിയല്ല ഈ കേസില്‍ ശിക്ഷ വിധിച്ചതെന്ന് കോടതി ആദ്യഘട്ടത്തില്‍ തന്നെ വ്യക്തമാക്കി. ഗ്രീഷ്മയ്‌ക്കെതിരെ ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടെ കൃത്യമായി ശേഖരിച്ച അന്വേഷണസംഘത്തെ കോടതി അഭിനന്ദിച്ചു. ജ്യൂസ് ചലഞ്ച് നടത്തിയ വിഡിയോ ഷാരോണ്‍ മുന്‍പ് റെക്കോര്‍ഡ് ചെയ്ത് വച്ചതാണ് ഗ്രീഷ്മയ്ക്ക് കൂടുതല്‍ കുരുക്കായത്. ഗ്രീഷ്മയ്‌ക്കെതിരെ വധശ്രമവും ഇതോടെ തെളിഞ്ഞിട്ടുണ്ടെന്നും ഗ്രീഷ്മ മുന്‍പും കൊലയ്ക്ക് ശ്രമിച്ചെന്നും കോടതി വ്യക്തമാക്കി. പ്രതിയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് പറയാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more