1 GBP = 105.79
breaking news

‘ദിവ്യകുടുംബം’ സംഗീത ആൽബം ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പ്രകാശനം ചെയ്തു. കെസ്റ്റർ ആലപിച്ച ഏറ്റവും പുതിയ കുടുംബ ഗാനം തരംഗമാകുന്നു.

‘ദിവ്യകുടുംബം’ സംഗീത ആൽബം ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പ്രകാശനം ചെയ്തു. കെസ്റ്റർ ആലപിച്ച ഏറ്റവും പുതിയ കുടുംബ ഗാനം തരംഗമാകുന്നു.

ജോബി തോമസ്

‘ദിവ്യ കുടുംബം’ ആൽബത്തിലെ അനുഗ്രഹീത ഗായകൻ കെസ്റ്റർ ആലപിച്ച ആദിയിൽ താതൻ..നിനച്ച പോലെ..എന്ന ഏറ്റവും പുതിയ കുടുംബ ഗാനം തരംഗമാകുന്നു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലാണ്
വെർച്വൽ പ്ലാറ്റ്ഫോമിലൂടെ ഈ ഗാനത്തിന്റെ പ്രകാശന കർമ്മം നിർവഹിച്ചത്.

വിശുദ്ധ ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിൽ പരസ്പര സ്നേഹത്തിന്റെയും ഐക്യത്തിന്റെയും പാതകളിലൂടെയാണ് കുടുംബജീവിതം കെട്ടിപ്പടുക്കേണ്ടതെന്നും തകരുന്ന കുടുംബ ജീവിതങ്ങളുടെ അടിസ്ഥാന കാരണം ദൈവവിശ്വാസരാഹിത്യമാണെന്നും മാർ ജോസഫ് സ്രാമ്പിക്കൽ സൂചിപ്പിച്ചു. ഡോ. അജി പീറ്ററിന്റെ വിശ്വാസത്തിന്റെയും വചനപ്രഘോഷകൻ എന്ന നിലയിലുള്ള പ്രവർത്തനങ്ങൾകൊണ്ടുമാണ് മറ്റുള്ളവർക്ക് പ്രചോദനമാകുന്ന രീതിയിൽ ഇത്തരത്തിലുള്ള ഒരു സംഗീത ആൽബം ചെയ്യുവാൻ ഇടയാക്കിയതെന്നും ഏതൊരു തകർച്ചക്കും ദൈവവിശ്വാസത്താലും ദൈവിക ഇടപെടലുകൾ കൊണ്ടും മോചനം ലഭിക്കുമെന്നുമുള്ള വലിയ സന്ദേശം ഈ ആൽബത്തിലൂടെ നൽകുവാൻ കഴിഞ്ഞതെന്നും മാർ ജോസഫ് സ്രാമ്പിക്കൽ എടുത്തു പറഞ്ഞു. ഈ ഗാനത്തിന്റെ രചനയും സംവിധാനവും നിർവഹിച്ച ഡോ. അജി പീറ്ററിനെയും പിന്നണിയിൽ പ്രവർത്തിച്ച മുഴുവനാളുകളെയും അഭിനന്ദിക്കുന്നതിനോടൊപ്പം സമൂഹത്തിൽ നല്ല സന്ദേശങ്ങൾ നൽകുന്ന ഇത്തരത്തിലുള്ള നല്ല കലാസൃഷ്ടികൾ ഡോ. അജി പീറ്ററിന് വീണ്ടും ചെയ്യുവാൻ ഇടയാകട്ടെയെന്നും മാർ സ്രാമ്പിക്കൽ ആശംസിച്ചു.

മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റും ലോകകേരള സഭാംഗവും ‘ദിവകുടുംബം’ ആൽബത്തിന്റെ ക്രിയേറ്റീവ് കോഡിനേറ്ററുമായ സി എ ജോസഫ് വിശിഷ്ടാതിഥികളെ പ്രകാശന ചടങ്ങിലേക്ക് സ്വാഗതം ചെയ്തു.

കോട്ടയം ഗുഡ്ന്യൂസ് ധ്യാനകേന്ദ്രം ഫൗണ്ടർ ഡയറക്ടറും പ്രശസ്ത വചനപ്രഘോഷകനുമായ ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ, ഏഷ്യാനെറ്റ് യൂറോപ്പ് ചെയർമാനും ആനന്ദ് ടീവി മാനേജിംഗ് ഡയറക്ടറും ലോകകേരള സഭാംഗവുമായ എസ്. ശ്രീകുമാർ, കലാഭവൻ ലണ്ടൻ ഡയറക്ടറും യുക്മ സാംസ്കാരിക വേദി ജനറൽ കൺവീനറുമായ ജയ്സൺ ജോർജ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

ബേസിംഗ്സ്റ്റോക്ക് ബറോ മുൻ കൗൺസിലറും ലണ്ടൻ ബ്രൂണൽ യൂണിവേഴ്സിറ്റിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനും ആത്മീയ പ്രഭാഷകനും ‘ദിവകുടുംബം’ ആൽബത്തിലെ ഗാനങ്ങളുടെ രചയിതാവും സംവിധായകനുമായ ഡോ. അജി പീറ്റർ എല്ലാവർക്കും കൃതജ്ഞത പ്രകാശിപ്പിച്ചു.

യുക്മ കലാഭൂഷണം അവാർഡ് ജേതാവും കലാസാംസ്‌കാരിക പ്രവർത്തകയുമായ ദീപാ നായർ അവതാരകയായി എത്തി ചടങ്ങിനെ സമ്പന്നമാക്കി. മലയാളം മിഷൻ യു കെ മിഡ്‌ലാൻഡ്‌സ് കോർഡിനേറ്ററും ലോകകേരള സഭാംഗവുമായ ആഷിക്ക് മുഹമ്മദ് പ്രകാശ ചടങ്ങിന് വേണ്ട ടെക്നിക്കൽ സപ്പോർട്ട് നൽകി.

ദൈവസ്നേഹം തുളുമ്പുന്ന ‘ദിവ്യ കുടുംബം’ എന്ന സംഗീത ആൽബത്തിലെ ഭക്തിസാന്ദ്രമായ ഗാനങ്ങൾ അതീവ മനോഹാരിതയിൽ ദൃശ്യാവിഷ്കരണം നൽകിയാണ് ചിത്രീകരിച്ചിരിക്കുന്നത്. ശ്രീമതി ജോളി പീറ്റർ നിർമ്മാണവും സാംജി ആറാട്ടുപുഴ സംഗീതവും ഡീജോ പി വർഗ്ഗീസ് എഡിറ്റിംഗും ജോസ് ആലപ്പി സിനിമോട്ടോഗ്രാഫിയും നിർവ്വഹിച്ചിട്ടുള്ള ഈ സംഗീത ആൽബം നിരവധി ആളുകൾ ഇതിനോടകം കണ്ടു കഴിഞ്ഞു. മികച്ച അഭിപ്രായവുമാണ് രേഖപ്പെടുത്തുന്നത്.

കുടുംബ ജീവിതത്തിൽ ദമ്പതികൾ തമ്മിൽ പരസ്പര സ്നേഹവും ബഹുമാനവും ഐക്യവും ഉണ്ടാകേണ്ടതിന്റെ ആവശ്യകതയാണ് ഈ സംഗീത ആൽബത്തിലെ ഗാനങ്ങളിലൂടെയും അവയുടെ ദൃശ്യ ആവിഷ്കാരത്തിലൂടെയും ഡോ അജി പീറ്റർ തുറന്നു കാണിക്കുന്നത്. കുടുംബം എന്നത് സ്നേഹം കൊണ്ടും പങ്കുവയ്ക്കൽ കൊണ്ടും പടുത്തുയർത്തുന്ന ചെറിയ ഒരു ലോകമാണെന്നും പരസ്പരം സ്നേഹിച്ചും വിശ്വസിച്ചും ആ ലോകത്തെ സുന്ദരമാക്കാൻ ഓരോ കുടുംബാംഗങ്ങളും പ്രത്യേകിച്ച് ദമ്പതികളും പരിശ്രമിക്കേണ്ടതാണെന്നും എല്ലാവരെയും ഈ സംഗീത ആൽബം ഓർമ്മപ്പെടുത്തുന്നു.

വെർച്വൽ പ്ലാറ്റ്ഫോം ആയ സൂമിലൂടെ നടത്തിയ ‘ദിവ്യ കുടുംബം’ ആൽബം പ്രകാശന ചടങ്ങ് ലൈവ് ആയി ലണ്ടൻ കലാഭവൻ ഫേസ്ബുക്ക് പേജിലൂടെ സംപ്രേഷണം ചെയ്തിരുന്നു.

കെസ്റ്റർ ആലപിച്ച ആദിയിൽ താതൻ..നിനച്ച പോലെ.. എന്ന ഏറ്റവും പുതിയ കുടുംബ ഗാനത്തിന്റെ വീഡിയോ കാണുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more