1 GBP = 105.54
breaking news

കാവല്‍ മാലാഖ (നോവല്‍ – 5): കാറ്റത്തെ കൊന്നകള്‍

കാവല്‍ മാലാഖ (നോവല്‍ – 5): കാറ്റത്തെ കൊന്നകള്‍

സൈമണ്‍ കണ്ണു തിരുമ്മി എഴുന്നേറ്റു. മുഖം കഴുകി ഡൈനിംഗ് ടേബിളില്‍ ചെന്നിരുന്നു. ശൂന്യം, ചായ എടുത്തു വച്ചിട്ടില്ലല്ലോ. ഇവളിതുവരെ വന്നില്ലേ! ബെഡ്റൂമില്‍ ചെന്നു നോക്കി. ആരുമില്ല. കൊച്ചിനെയും കൊണ്ട് ഇതെങ്ങോട്ടു പോയിക്കാണും. രാത്രി ഇനി അതിനെയും കൊണ്ടാണോ ഡ്യൂട്ടിക്കു പോയത് ആവോ. അതിനു പക്ഷേ ആശുപത്രിക്കാര്‍ സമ്മതിക്കുമോ?

തിരികെ വന്നു ഡ്രോയിംഗ് റൂമിലെ സോഫയിലേക്കു സിഗരറ്റും കത്തിച്ചിരിക്കുമ്പോള്‍ കതകു തുറന്നു കുഞ്ഞുമായി സൂസന്‍ വരുന്നു. സൈമന്‍റെ കണ്ണുകള്‍ രൂക്ഷമായി. വെറുപ്പുകൊണ്ടു ചുണ്ടുകള്‍ കോടി.

“എവിടെയായിരുന്നെടീ…?”

സൈമന്‍റെ ചോദ്യം കേട്ടു സൂസന്‍ കുലുങ്ങിയില്ല. ഒരു ഭാവഭേദവുമില്ലാതെ തിരിച്ചു ചോദിച്ചു:

“അതു തന്നെയാ എനിക്കും ചോദിക്കാനുള്ളത്. നിങ്ങള്‍ എവിടെയായിരുന്നു ഇന്നലെ രാത്രി? ഇപ്പോ എന്തിനാ ഇങ്ങോട്ടു പോന്നേ? ആരേ കാണാനാ?”

അവളുടെ ശബ്ദത്തിനു പതിവിലും കവിഞ്ഞ മുഴക്കം, എവിടെനിന്നോ പകര്‍ന്നു കിട്ടിയ ധൈര്യത്തില്‍ പതഞ്ഞുയരുന്ന പകയോടെ അവള്‍ നില്‍ക്കുന്നു.

സൈമന്‍റെ ദേഷ്യം ഉരുകിയൊലിച്ചു. പക്ഷേ, ഒരബദ്ധം പറ്റിയെന്നു കരുതി ഭാര്യയുടെ മുന്നില്‍ അങ്ങനെയങ്ങു തോറ്റു കൊടുക്കാന് കഴിയില്ലല്ലോ.

“ആ, ഇന്നലെ ഞാനല്‍പ്പം ഓവറായിട്ടു കഴിച്ചു. വന്നപ്പോ ഇച്ചിരി വൈകി. നിന്‍റെ കാര്യം ഓര്‍ത്തില്ല. അല്ല, ഒരു ദിവസം കൊച്ചിനെ നോക്കാന്‍ ലീവെടുത്തെന്നു വച്ച് ആശുപത്രീന്നു പിരിച്ചുവിടകയൊന്നും ഇല്ലല്ലോ.” പുച്ഛത്തില്‍ പൊതിഞ്ഞ മറുപടി.

“ആയിക്കോ, ഇനിയിപ്പോ ഡെയിലി ഓവറായിക്കോ. എന്നിട്ടു നല്ല മനസു തോന്നുമ്പോ കയറി വന്നാ മതി. പക്ഷേ, മേലില്‍ എന്‍റെ കുഞ്ഞിനെ കഷ്ടപ്പെടുത്താന്‍ ഞാന്‍ സമ്മതിക്കില്ല. നാളെ മുതല്‍ എനിക്കു മോണിംഗ് ഷിഫ്റ്റാണ്. കുഞ്ഞിനെ ചില്‍ഡ്രന്‍സ് ഹോമില്‍ ചേര്‍ത്തിട്ടാ വരുന്നത്. ഒന്നുകൂടി പറഞ്ഞേക്കാം, ഇനി കുടിക്കണമെങ്കില്‍ സ്വന്തമായി കാശുണ്ടാക്കിക്കോണം. എന്‍റെ കൈയീന്നു പത്തു പൈസ കിട്ടുമെന്നു കരുതണ്ട.”

അവള്‍ മറുപടിക്കു കാത്തുനില്‍ക്കാതെ അകത്തേക്കു പോയി. സൈമന്‍റെ മുഖവും മനസും ഇരുണ്ടു. അപ്പോ, താന്‍ അവളുടെ ചെലവില്‍ കഴിയുന്നു എന്നൊരു ധാരണ അവള്‍ക്കമുണ്ട്. അതല്ലേ, ഭര്‍ത്താവിനോടു പോലും ചോദിക്കാതെ കൊച്ചിനെ ചില്‍ഡ്രന്‍സ് ഹോമിലാക്കിയത്. നല്ല ഭാര്യമാര്‍ ഭര്‍ത്താവിനു കീഴടങ്ങി ജീവിക്കണം. എന്നെ ഭരിക്കാന്‍ ഇവളാര്! കുഞ്ഞിന്‍റെ അടുത്തിരുന്നു സിഗരറ്റ് വലിക്കരുതെന്നും മദ്യം കഴിക്കരുതെന്നുമൊക്കെ അവള്‍ക്കു പറയാം. എന്നുവച്ചു വര്‍ഷങ്ങളായുള്ള ശീലങ്ങള്‍ ഒറ്റ ദിവസം കൊണ്ട് ഉപേക്ഷിക്കാന്‍ പറ്റുമോ!

സൈമന്‍റെ മുഖം വലിഞ്ഞു മുറുകുന്നതു സൂസന്‍ കണ്ടു. മനസില്‍ തന്നോടുള്ള വെറുപ്പ് കണ്ണുകളില്‍ തീക്കാറ്റായി ഇരമ്പുന്നതും കണ്ടു. പക്ഷേ, ഒന്നും കാണാത്ത മട്ടില്‍, ഒന്നും ശ്രദ്ധിക്കാത്ത മട്ടില്‍ അവള്‍ കുഞ്ഞിനു പാലു കൊടുത്തു. അവന്‍ ഉറക്കമായി. രാത്രിയുടെ ക്ഷീണത്തില്‍ അവളും പാതി മയക്കത്തിലേക്കു വഴുതിത്തുടങ്ങിയപ്പോള്‍ സൈമണ്‍ മുറിയിലേക്കു വന്നു. ഉറങ്ങുന്ന കുഞ്ഞിനെ മാറോടടുപ്പിച്ച് ഉറക്കത്തിന്‍റെ അതിരുകള്‍ തേടി അവള്‍ കിടന്നു.

പുറംലോകമെല്ലാം വെള്ളപ്പുടവയില്‍ പുളകമണിഞ്ഞിട്ടും മനസ് പുകപടലംകൊണ്ടു നിറഞ്ഞിരിക്കുന്നു. മനസ് വിതുമ്പുന്നുണ്ടായിരുന്നു. കുഞ്ഞിന്‍റെ മുഖത്തേക്കവള്‍ നിശ്ശബ്ദം നോക്കിക്കിടന്നു, കണ്ണുകള്‍ പാതിയടഞ്ഞിരുന്നു.

കുഞ്ഞിന്‍റെ അനക്കം കണ്ടു വീണ്ടും കണ്ണു തുറന്നു. അവന്‍റെ കുഞ്ഞിക്കൈയെടുത്ത് നേരേ വച്ചു. അവന്‍റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നതു പോലെ. നിറകണ്ണുകളോടെ ആ കവിളില്‍ ചുംബിച്ചു. അവനൊപ്പം കിടക്കുമ്പോഴാണ് മനസിന് ഒരല്പമെങ്കിലും ആശ്വാസം. പക്ഷേ, അവന്‍റെ നനഞ്ഞൊട്ടിയ കവിള്‍ത്തടം ഓരോ നിമിഷവും സമാധാനം തകര്‍ത്തുകൊണ്ടുമിരിക്കുന്നു.

എന്തു സുരക്ഷിതത്വമാണ് അവനീ വീട്ടിലുള്ളത്. ആദ്യമൊക്കെ കുഞ്ഞിനെ തനിച്ചാക്കി ജോലിക്കു പോകുമ്പോള്‍ സൈമനുണ്ടല്ലോ എന്ന ധൈര്യമായിരുന്നു. ഇപ്പൊഴാ വിശ്വാസത്തിന്‍റെ നൂലിഴകള്‍ ദിനംപ്രതിയെന്നോണം പൊട്ടിക്കൊണ്ടിരിക്കുന്നു.

ദേഷ്യമോ വെറുപ്പോ നിരാശയോ ദുഃഖമോ എന്തെന്നറിയാത്ത വികാരങ്ങളുടെ സമ്മിശ്രമായി മനസ് കിടന്നു പിടയ്ക്കുന്നു. കുഞ്ഞിനു മുലയൂട്ടുന്ന അമ്മ ദേഷ്യപ്പെടാന്‍ പാടില്ല. ആ ദേഷ്യം വിഷമായി മുലപ്പാലിലും കലരും. അതവന്‍റെ മനസും ശരീരവും മലീമസമാക്കും.

ഉദരത്തില്‍ കിടക്കുന്ന കുഞ്ഞിനായി താന്‍ എത്രയെത്ര കഥകളും കവിതകളും ഉച്ചത്തില്‍ വായിച്ചു കേള്‍പ്പിച്ചിരിക്കുന്നു. എത്രയോ നല്ല പാട്ടുകള്‍ പാടിക്കൊടുത്തിരിക്കുന്നു. അതൊക്കെ കണ്ടു സൈമന്‍ അന്ധാളിച്ചിരുന്നിട്ടുണ്ട്. തനിക്കെന്താ ഭ്രാന്താണോ എന്നു ചോദിച്ചിരിക്കുന്നു എത്രവട്ടം. കുഞ്ഞു ജനിക്കും മുന്‍പല്ല, ജനിച്ച ശേഷം പോലും താത്പര്യം കാണിക്കാത്ത ആള്‍, ഇങ്ങനെ പെരുമാറുന്നതില്‍ എന്താണദ്ഭുതം!

ഓര്‍മകളുടെ കുത്തൊഴുക്കില്‍, തൊട്ടു പിന്നില്‍ വന്നു നിന്ന സൈമനെ അവള്‍ കണ്ടില്ല. അവന്‍റെ കണ്ണുകളില്‍നിന്നു തീ പാറുന്നുണ്ടായിരുന്നു. ഭര്‍ത്താവിനെ പട്ടിണിക്കിട്ട് കിടക്കുന്നതു കണ്ടില്ലേ. കുഞ്ഞിനെ ഉറക്കിയിട്ടു വരുമെന്നു കരുതി. എന്നിട്ടു ദാ കിടന്നുറങ്ങുന്നു. വിശന്നിട്ടു വയറു കാളുന്നു. അപ്പോഴാണ് അവളുടെ ഒരുറക്കം. പല്ലിറുമ്മുന്ന ശബ്ദം കേട്ടാണു സൂസന്‍ തിരിഞ്ഞു നോക്കിയത്.

“നിങ്ങള്‍ ഒന്നുറങ്ങാന്‍ കൂടി സമ്മതിക്കില്ലേ?”

“നീയെന്താ കഴിക്കാനൊന്നും ഉണ്ടാക്കി വയ്ക്കാത്തത്?”

“അവിടെ ബ്രെഡ് ഇരിക്കുന്നുണ്ടല്ലോ. എടുത്തു കഴിച്ചൂടേ? എനിക്കു തീരെ വയ്യ. നിങ്ങളൊന്നു പോ.”

അവള്‍ തിരിഞ്ഞു കിടന്നു മകനെ ചേര്‍ത്തു പിടിച്ചു.

“എന്താ നിന്‍റെ മനസിലിരിപ്പ്, എനിക്കൊന്നറിയണമല്ലോ….”

സൈമണ്‍ വിടാന്‍ ഭാവിച്ചായിരുന്നില്ല. തോളില്‍ പിടിച്ചു ബലമായി നേരേ കിടത്തി. സാരിത്തലപ്പു വലിച്ചു മാറ്റി സൈമണ്‍ അവളുടെ മീതേ പാഞ്ഞു കയറി. ചുണ്ടുകള്‍ കടിച്ചെടുക്കാനുള്ള ആവേശം രോഷത്തിന്‍റെ മേലാവരണത്തില്‍ പൊതിഞ്ഞിരുന്നു. അവളിലേക്കു പടര്‍ന്നു കയറാനുള്ള മൃഗീയ ശ്രമമായിരുന്നു അത്.

കട്ടിലിലെ പിടിവലിക്കിടെ കുഞ്ഞുണര്‍ന്ന് ഉച്ചത്തില്‍ കരഞ്ഞു. സൈമന്‍റെ ശ്രദ്ധ ഒന്നു പാളിയെന്നു കണ്ടപ്പോള്‍ സൂസന്‍ സര്‍വശക്തിയുമെടുത്ത് അയാളെ തള്ളിമാറ്റി. സൈമണ്‍ കട്ടിലില്‍നിന്നു തറയിലേക്കു വീണു. അയാള്‍ ഉരുണ്ടുപിരണ്ട് എഴുന്നേറ്റു കൈയും കാലും പരിശോധിക്കുമ്പോഴേക്കും സൂസന്‍ സാരി നേരേയാക്കി, അവളുടെ ശ്വാസഗതി ഉയര്‍ന്നുതാണു. കുഞ്ഞിനെയുമെടുത്ത് ഭിത്തിയോടു ചേര്‍ന്നു. കണ്ണുകളില്‍ ഭയം കാടുപിടിച്ചു.

“നാശം, കരയാന്‍ കണ്ടൊരു നേരം!” സൂസനോടുള്ള ദേഷ്യം കുഞ്ഞിനോടുള്ള ശാപമായി പുറത്തേക്കു പ്രവഹിപ്പിച്ചുകൊണ്ട് സൈമണ്‍ മുറിയില്‍നിന്ന് ഇറങ്ങിപ്പോയി. സൂസന്‍ കതകടച്ചു തഴുതിട്ടു.

ദിവസവും രാത്രി ഒമ്പതു മണിക്ക് ആശുപത്രിയില്‍ ജോലിക്കു കയറണം. രാവിലെ ഉറക്കമൊഴിഞ്ഞു വരുമ്പോള്‍ ഒന്നുറങ്ങാന്‍ മനസ് വെമ്പല്‍ കൊള്ളും. പക്ഷേ, മിക്കവാറും സാധിക്കാറില്ല. കുഞ്ഞിന്‍റെ കാര്യങ്ങളും വീട്ടുജോലിയുമെല്ലാം ഒന്നൊതുക്കി വരുമ്പോഴായിരിക്കും ഭര്‍ത്താവിന്‍റെ വികാര തീവ്രതകള്‍ അടക്കിക്കൊടുക്കേണ്ട ബാധ്യത. എതിര്‍ത്തിട്ടില്ല, ഇന്നു വരെ. എല്ലാം സഹിച്ചു, മറുത്തൊരു ശബ്ദം പോലും കേള്‍പ്പിക്കാതെ. ഏതു നിമിഷവും ഒരു കാമഭ്രാന്തനായി മുന്നില്‍ ചാടിവീഴുന്ന ഭര്‍ത്താവിനെ ബഹുമാനിക്കാതിരുന്നിട്ടില്ല. ആ ബലിഷ്ടമായ കരങ്ങളില്‍, വന്യമായ കണ്ണുകളില്‍ എപ്പോഴും ആളിക്കത്തുന്നതു കാമാഗ്നി മാത്രം. ആ മുഖത്തു സ്നേഹപൂര്‍വം ഒരു ചിരി, ആര്‍ദ്രമായൊരു നോട്ടം വിരിഞ്ഞിട്ട് എത്രയോ വര്‍ഷങ്ങള്‍ കടന്നു പോയതു പോലെ.

കാമത്തിന്‍റെ പുത്തന്‍ മുള്ളുകള്‍ മാംസത്തില്‍ തുളച്ചു കയറുമ്പോള്‍ ഭാര്യയുടെ വേദനയും ഞരക്കങ്ങളുമെല്ലാം അവന് ആവേശം പകരുക മാത്രമാണു ചെയ്യുക. ലൈംഗികചോദനകള്‍ പൂര്‍ത്തീകരിക്കാനുള്ള ഒരുപകരണം മാത്രം അവള്‍.

പുകയുക, എരിയുക, ചാമ്പലാകുക, സ്നേഹത്തിനോ പ്രേമത്തിനോ ആലിംഗനത്തിനോ വാത്സല്യത്തിനോ സ്ഥാനമില്ല. നൊമ്പരം മൂടുന്ന ശരീരത്തിന് ആശ്വാസം നല്‍കാന്‍ മാര്‍ഗം കാണാതെ തളര്‍ന്ന് ഉറങ്ങാന്‍ ശ്രമിക്കുമ്പോഴൊക്കെ ചിന്തിച്ചുപൊയിട്ടുണ്ട്, ആരാണു താന്‍, ഭാര്യയോ അതോ അടിമയോ!

പണം കൊടുക്കില്ലെന്നും കുഞ്ഞിനെ ചില്‍ഡ്രന്‍സ് ഹോമിലാക്കിയെന്നു പറഞ്ഞപ്പോള്‍, ഇനിയെങ്കിലും കാര്യങ്ങള്‍ വകതിരിവോടെ മനസിലാക്കാന്‍ ശ്രമിക്കുമെന്നാണു കരുതിയത്. അല്ലാതെ തന്‍റെ ചെലവില്‍ കഴിയുന്നെന്നു കുറ്റപ്പെടുത്താന്‍ ശ്രമിച്ചതല്ല. ഇനിയിപ്പോ അങ്ങനെയാണു കരുതിയിരിക്കുന്നതെങ്കില്‍ ആയിക്കോട്ടെ, തനിക്കൊന്നുമില്ല, ഒന്നും. അതിനി തിരുത്താനും പോകുന്നില്ല. അങ്ങനെയൊരു ദുരഭിമാനം തോന്നിയാല്‍ അതിന്‍റെ പേരിലെങ്കിലും ജോലി അന്വേഷിക്കുമല്ലോ. ജോലിക്കു പോകുമ്പോള്‍ അത്രനേരമെങ്കിലും കുടിയും ഊരുതെണ്ടലും കുറയുകയം ചെയ്യുമല്ലോ.

പക്ഷേ, സൈമന്‍റെ മനസ് യാത്ര ചെയ്തത് ആ വഴിക്കൊന്നുമായിരുന്നില്ല. ജീവിതം സുഖലോലുപമായി കഴിച്ചുകൂട്ടി വന്നതാണ്. ഇനിയതിനുള്ള വഴി അടയുമോ….

(തുടരും…..)

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more