സജിൻ രവീന്ദ്രൻ
ലീഡ്സ്:- യുക്മ യോർക് ഷെയർ & ഹംമ്പർ റീജിയണൽ കായിക മേളയ്ക്ക് ആവേശം നിറഞ്ഞ പരിസമാപ്തി.മുൻവർഷങ്ങളിലേക്കാൾ കായിക താരങ്ങളുടെ പ്രതിനിധ്യം ഉണ്ടായിരുന്ന കായിക മേളയുടെ ഉദ്ഘാടന യോഗത്തിന് റീജിയണൽ സെക്രട്ടറി സജിൻ രവീന്ദ്രൻ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് അശ്വിൻ മാണിയുടെ അദ്ധ്യക്ഷതയിൽ യുക്മ നാഷണൽ ജോയിൻറ് സെക്രട്ടറി ശ്രീ. സാജൻ സത്യൻ കായിക മേള ഔപചാരികമായി ഉദ്ഘാടനം ചെയ്തു കൊണ്ട് എല്ലാ മത്സരാർത്ഥികൾക്കും യുക്മ നാഷണൽ കമ്മിറ്റിയുടെ പേരിൽ വിജയാശംസകൾ നേർന്നു.
മത്സരാത്ഥികൾക്കുള്ള രജിസ്ട്രേഷൻ പുതിയ സോഫ്റ്റ് വെയറിലൂടെ ഓൺ ലൈൻ വഴി മൂന്ന് ആഴ്ച മുൻപ് തന്നെ തുടങ്ങിയിരുന്നു. രാവിലെ 9:30am മുതൽ വേദിയിൽ വെച്ചും ബാക്കി രജിസ്ട്രേഷനുകൾ പൂർത്തീകരിച്ചപ്പോൾ, ആകെ 107 പേരാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നതെന്ന് വ്യക്തമായി.
അപ്രതീക്ഷിതമായി എത്തിയ ചാറ്റൽ മഴ കുറച്ചു സമയം മത്സരങ്ങളെ തടസ്സപ്പെടുത്തിയെങ്കിലും പിന്നീട് നല്ല കാലാവസ്ഥ മത്സരാർത്ഥികൾക്ക് ഉണർവ്വേകി. ആദ്യം ട്രാക്ക് ഇനങ്ങളും പിന്നീട് ഫീൽഡ് ഇനങ്ങളും നടത്തപ്പെട്ടു. ആദ്യമായി നടത്തിയ മത്സരത്തിൽ ഒട്ടേറെ പേർ പങ്കാളികളായി.

കമ്മറ്റിക്കാർ വിതരണം ചെയ്ത ഉച്ചഭക്ഷണവും ലഘുഭക്ഷണങ്ങളും മൃദുപാനീയങ്ങളും എല്ലാവരും ആസ്വദിച്ചു. കായിക മേളയോടനുബന്ധിച്ച് നടത്തിയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ 7 ടീമുകൾ മാറ്റുരച്ചു. ഗ്രൂപ്പ് സ്റ്റേജ്, സെമി ഫൈനൽ, എന്നീ ഘട്ടങ്ങളിലൂടെ കടന്നു ഫൈനലിൽ ഷെഫീൽഡ് ബ്ളാസ്റ്റേഴ്സ് ലീഡ്‌സിലെ ചുണക്കുട്ടികളുമായി മാറ്റുരച്ചു. ഫൈനലിൽ 2-1 എന്ന സ്‌കോറിൽ ക്യാപ്റ്റൻ ജെസ്വിൻ റ്റോമി നയിച്ച ലീഡ്സ് ടീം ജേതാക്കളായി.

വടംവലി മത്സരത്തിൽ ഘട്ടങ്ങൾ കടന്നു ഫൈനലിൽ എത്തിയ ടീമുകളിൽ, കരുത്തരായ ബ്രാഡ്ഫോഡ് ടീമിനെ തറപറ്റിച്ച് ജസ്റ്റിൻ അബ്രഹാമിന്റെ നേതൃത്വത്തിലുള്ള ബാക്ക് ബെഞ്ചേഴ്സ് ടീം വിജയികളായി.


വൈകിട്ട് 7:00 മണിയോടുകൂടി സമ്മാന ദാനം നടന്നു. ആകെ 123 പോയിന്റ് നേടി സ്കന്തോർപ് മലയാളി അസോസിയേഷൻ (SMA) ഓവറോൾ ചാമ്പ്യന്മാരായി. റീജിയൻ പ്രസിഡന്റ് അശ്വിൻ മാണിയിൽ നിന്നും SMA യ്ക്ക് വേണ്ടി ശ്രീമതി അമ്പിളി മാത്യൂസും സംഘവും ഓവറോൾ ചാമ്പ്യൻ ട്രോഫി ഏറ്റുവാങ്ങി. 109 പോയിന്റോടെ കേരളാ കൾച്ചറർ അസോസിയേഷൻ ഷെഫീൽഡ് റണ്ണറപ്പ് ആയി. ഷെഫീൽഡിന്റെ പ്രസിഡന്റ് വർഗീസ് ഡാനിയേൽ ട്രോഫി ഏറ്റുവാങ്ങി.
പുരുഷ വനിതാ വ്യക്തിഗത ചാമ്പ്യൻഷിപ്പുകൾ യഥാക്രമം കീത് ലി മലയാളി അസോസിയേഷന്റെ ജിയോ അഗസ്റ്റിനും സ്കന്തോർപ്പ് മലയാളി അസോസിയേഷന്റെ അമ്പിളി മാത്യൂസും കരസ്ഥമാക്കി.
റീജിയന്റെ വിവിധ പരിപാടികളുടെ നടത്തിപ്പിനായുള്ള ധനശേഖരണത്തിനായി റാഫിൾ ടിക്കറ്റുകൾ വിതരണം ചെയ്തു. എല്ലാ അംഗ അസ്സോസിയേഷനുകളും ഈ മത്സരങ്ങളിൽ പങ്കെടുത്തു എന്നതാണ് ഈ കായികമേളയുടെ ഏറ്റവും ശ്രദ്ധേയമായ കാര്യം.
നാഷണൽ കമ്മിറ്റിയംഗം ജസ്റ്റിൻ എബ്രഹാം, റീജിയൻ ഭാരവാഹികളായ ജേക്കബ് കളപ്പുരയ്ക്കൽ, ലീനുമോൾ ചാക്കോ, ജോയ് ജോസഫ്, ബാബു സെബാസ്റ്റ്യൻ, ജോൺ മാർട്ടിൻ , ഷിജോ തോമസ്, അമ്പിളി തുടങ്ങിയവർ കായിക മേളക്ക് നേതൃത്വം കൊടുത്തു.
യുക്മ യോർക് ഷെയർ & ഹംമ്പർ കായിക മേള വിജയിപ്പിക്കുവാൻ സഹകരിച്ച എല്ലാ റീജിയൻ അസോസിയേഷൻ ഭാരവാഹികൾക്കും കായിക താരങ്ങൾക്കും റീജിയൻ പ്രസിഡണ്ട് അശ്വിൻ മാണി, സെക്രട്ടറി സജിൻ രവീന്ദ്രൻ എന്നിവർ അഭിനന്ദനങ്ങളും നന്ദിയും അറിയിച്ചു.
click on malayalam character to switch languages