1 GBP =
breaking news

യുകെയിലെ ക്നാനായ സമുദായത്തോടൊപ്പം ഇതര ക്രൈസ്തവ വിഭാഗങ്ങളും ഒഴുകിയെത്തിയ മാഞ്ചസ്റ്റർ ക്നാനായ തിരുനാളിന് ഭക്തിനിർഭരമായ സമാപനം…

യുകെയിലെ ക്നാനായ സമുദായത്തോടൊപ്പം ഇതര ക്രൈസ്തവ വിഭാഗങ്ങളും  ഒഴുകിയെത്തിയ മാഞ്ചസ്റ്റർ ക്നാനായ തിരുനാളിന് ഭക്തിനിർഭരമായ സമാപനം…

അലക്സ് വർഗീസ്
മാഞ്ചസ്റ്റർ:- കഴിഞ്ഞ ദിവസം മാഞ്ചസ്റ്ററിൽ ക്നാനായ ചാപ്ലയൻസിയുടെ തിരുനാൾ ഭക്തിനിർഭരവും പ്രൗഢഗംഭീരമമായി കൊണ്ടാടി. ക്നാനായ സമൂഹത്തിന് യുകെയിൽ ആദ്യമായി അനുവദിച്ച് കിട്ടിയ ചാപ്ലയൻസിയുടെ പരിശുദ്ധ ദൈവമാതാവിന്റെ രണ്ടാമത്തെ തിരുനാൾ യുകെയിലങ്ങോളമിങ്ങോളമുള്ള ക്നാനായ സമുദായത്തോട് ചേർന്ന് ഇതര ക്രൈസ്തവ സമുദായംഗങ്ങളും കൂടിയപ്പോൾ അവിസ്മരണീയമായ ഒന്നായി മാറി. തങ്ങളുടെ പാരമ്പര്യവും, തനിമയും കാത്ത് പരിപാലിക്കുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുന്ന സമുദായാംഗങ്ങൾ തങ്ങളുടെ ഐക്യവും, പരമ്പരാഗതമായ കീഴ്‌വഴക്കങ്ങളും പ്രകടിപ്പിച്ച് കൊണ്ട് തിരുനാളിനെ കൂടുതൽ ആകർഷകമാക്കി.

രാവിലെ 10ന് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ വികാരി ജനറാളും ഇടവക വികാരിയുമായ മോൺസിഞ്ഞോർ സജി മലയിൽ പുത്തൻപുരയിൽ കൊടിയേറ്റിയതോടെ തിരുനാളിന് തുടക്കം കുറിച്ചു. തുടർന്ന് അഭിവന്ദ്യ പിതാക്കന്മാരെയും വൈദികരേയും മുത്തുക്കുടകളുടേയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പരമ്പരാഗതമായ നടവിളിയോടെ ദേവാലയത്തിനുള്ളിലേക്ക് വിശ്വാസി സമൂഹം സ്വീകരിച്ചാനയിച്ചു. ഫാ.സജി മലയിൽ പുത്തൻപുരയിൽ അഭിവന്ദ്യ പിതാക്കൻമാർക്കും വൈദികർക്കും മറ്റെല്ലാവർക്കും സ്വാഗതം ആശംസിച്ചതോടെ ഭക്തിപൂർവ്വമായ പൊന്തിഫിക്കൽ ദിവ്യബലി ആരംഭിച്ചു.


വത്തിക്കാൻ സ്ഥാനപതി മാർ കുര്യൻ വയലുങ്കൽ മുഖ്യകാർമികനായിരുന്നു. ഗേറ്റ് ബ്രിട്ടൻ രൂപതാ മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ സന്ദേശം നല്കി. ക്നാനായ സമുദായംഗങ്ങൾ തനിമയിലും ഒരുമയിലും സീറോ മലബാർ സഭയുടെ വളർച്ചയിൽ പങ്കുകാരകണമെന്ന് മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ബോധിപ്പിച്ചു. പരിശുദ്ധ കന്യാമറിയത്തിന്റെ അനുഗ്രഹങ്ങളുമായി കൂടുതൽ വിശ്വാസത്തിൽ വളരുവാൻ സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഷ്രൂസ്ബറി രൂപതാ വികാരി ജനറാൾ ഫാ.മൈക്കൾ ഗാനൻ, സീറോ മലബാർ ചാപ്ലയിൻ റവ.ഡോ.ലോനപ്പൻ അറങ്ങാശ്ശേരി, മലങ്കര ചാപ്ലയിൻ ഫാ.രഞ്ജിത്ത്, ഫാ.സിറിൾ ഇടമന, ഫാ. ഫിലിപ്പ്, ഫാ.ജിനോ അരീക്കാട്ട്, ഫാ.മാത്യു, ഫാ.ഫാൻസ പത്തിൽ, ഫാ.സാജു ദേവസ്യ ഉൾപ്പെടെ പതിനാലോളം വൈദികർ സഹകാർമ്മികരായിരുന്നു.

ദിവ്യബലിക്ക് ശേഷം നടന്ന ആഘോഷമായ പ്രദക്ഷിണത്തിൽ മാതാവിന്റെ തിരുസ്വരൂപവും വഹിച്ച് പൊന്നിൻ കുരിശ്, വെള്ളിക്കുരിശ്, മുത്തുക്കുടകൾ, കൊടികൾ, എന്നിവയുമായി അടുക്കും ചിട്ടയുമായി വിശ്വാസി സമൂഹം അണിനിരന്നു. നഗരവീഥികളിലൂടെ നടന്ന പ്രദക്ഷിണം കാണാൻ അനേകമാളുകൾ റോഡിനിരുവശവും കൂടി നിന്നിരുന്നു. മേളക്കൊഴുപ്പേകൻ റിഥം ഓഫ് വാറിംഗ്ടൺ, ഐറിഷ് ബാന്റ് എന്നിവയും ഉണ്ടായിരുന്നു. രാവിലെ മുതൽ ചെറിയ തോതിൽ പെയ്തിരുന്ന മഴ പ്രദക്ഷിണ സമയമത്രയും മാറി നിന്നു. പ്രദക്ഷിണം തിരികെ ദേവാലയത്തിൽ പ്രവേശിച്ച ശേഷം കനത്ത മഴ പെയ്തിറങ്ങി. തുടർന്ന് ലദീഞ്ഞ് വാഴ് വ് എന്നിവയും സമാപനാശീർവാദവും ഉണ്ടായിരുന്നു.കഴുന്ന്, അടിമ വയ്ക്കുന്നതിനും സൗകര്യം ഉണ്ടായിരുന്നു.

ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഫോറം സെൻററിൽ പിതാവിന് സ്വീകരണവും, സൺഡേ സ്കൂൾ വാർഷികവും കലാ സന്ധ്യയും അരങ്ങേറി. ഫാ.സജി പിതാവിനെയും മറ്റ് അതിഥികൾക്കും സ്വാഗതം ആശംസിച്ചു. അഭിവന്ദ്യ കുര്യൻ വയലുങ്കൽ പിതാവ് വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. ഷ്രൂസ്ബറി മെത്രാൻ മാർക്ക് ഡേവിസിനെ പ്രതിനിധീകരിച്ച് വികാരി ജനറാൾ ഫാ.മൈക്കൾ ഗാനൻ ആശംസകൾ നേർന്നു. യു.കെ.കെ.സി.എ, യുകെകെസിവൈഎൽ, ഇടവക ട്രസ്റ്റിമാർ, സൺഡേ സ്കൂൾ അധ്യാപകർ, വിമൻസ് ഫോറം, തുടങ്ങിയവരെ പ്രതിനിധീകരിച്ച് ബിജു മടക്കക്കുഴി, ജോസി, ബാബു തോട്ടം, ബെന്നി മാവേലി, റെജി മടത്തിലേട്ട്, ജോസ്, സിൻന്റോ, ജോമോൾ സന്തോഷ്, സ്റ്റീഫൻ ടോം, സാജൻ ചാക്കോ, ലിസി ജോർജ്, ഷാരോൺ ഷാജി, എന്നിവർ ആശംസകൾ നേർന്നു.

തുടർന്ന് നടന്ന കലാസന്ധ്യയിൽ സൺഡേ സ്കൂൾ കുട്ടികളുടേയും മാതാപിതാക്കൻമാരുടേയും വിവിധ കലാപരിപാടികൾ വേദിയിൽ നിറഞ്ഞാടി. വെൽക്കം ഡാൻസ്, പുരുഷൻമാരുടേയും വനിതകളുടേയും വിവിധ പ്രകടനങ്ങൾ കാണികൾക്ക് നല്ലൊരു വിരുന്നായി മാറി. സൺഡേ സ്കൂൾ കുട്ടികൾക്ക് സ്കോളർഷിപ്പുകളും സമ്മാനങ്ങളും വിതരണം ചെയ്തു.

അധ്യാപകർക്ക് മൊമെന്റോകൾ നല്കി ആദരിച്ചു. തുടർന്ന് റെഡിച്ച് ക്നാനായ കൂടാരയോഗം അവതരിപ്പിച്ച തൊമ്മന്റെ സ്വപ്നങ്ങൾ എന്ന നാടകം മികച്ച നിലവാരം പുലർത്തി.
തിരുനാളിനും കലാസന്ധ്യക്കും ട്രസ്റ്റി മാരായ ജോസ് അത്തിമറ്റം, ജോസ് കുന്നശ്ശേരി, പുന്നൂസ്കുട്ടി ചാക്കോ എന്നിവർ നേതൃത്വം നല്കി. തിരുനാൾ വൻപിച്ച വിജയമാക്കുവാൻ സഹകരിച്ച സീറോ മലബാർ, മലങ്കര, യാക്കോബായ തുടങ്ങിയ എല്ലാ ക്രൈസ്തവ വിഭാഗങ്ങൾക്കും ക്നാനായ ചാപ്ലയൻസിക്ക് വേണ്ടി ഫാ.സജി മലയിൽ പുത്തൻ പുരയിൽ നന്ദി രേഖപ്പെടുത്തി.


തിരുനാളിന്റെ കൂടുതൽ ചിത്രങ്ങൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Post Your Comments Here ( Click here for malayalam )

Press Esc to close
show more