1 GBP = 96.43
breaking news

യുകെ മലയാളികൾക്കഭിമാനമായി ടോം ആദിത്യ മേയറായി തിരഞ്ഞെടുക്കപ്പെട്ടു

യുകെ മലയാളികൾക്കഭിമാനമായി ടോം ആദിത്യ മേയറായി തിരഞ്ഞെടുക്കപ്പെട്ടു

ബ്രിസ്റ്റോൾ:ലണ്ടന്‍: യുകെ മലയാളികൾക്കഭിമാനമായി കൗൺസിലർ ടോം ആദിത്യ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. ബ്രിസ്റ്റോളിലെ ബ്രാഡ്‌ലി സ്റ്റോക്ക് കൗൺസിൽ മേയറായാണ് ടോം ആദിത്യ തിരഞ്ഞെടുക്കപ്പെട്ടത്. ഈ മാസാദ്യം ബ്രിട്ടനില്‍ നടന്ന പ്രാദേശിക തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നും മല്‍സരിച്ച ടോം ആദിത്യ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിലാണ് വിജയക്കൊടി നാട്ടിയത്. ബ്രെക്സിറ്റ്‌ വിഷയത്തിൽ കൺസർവേറ്റിവ് പാർട്ടിയുടെ നയങ്ങൾക്ക് വൻ തിരിച്ചടിഏറ്റു വാങ്ങേണ്ടി വന്ന തെരഞ്ഞെടുപ്പിൽ പോലും തന്റെ ഭൂരിപക്ഷം കൂട്ടി തിളങ്ങുന്ന വിജയം നേടിയ ടോം പാർട്ടിയിലും ആദരണീയ വ്യക്തിത്വത്തിനുടമയാണ്. തെരഞ്ഞെടുപ്പിന്റെ അവസാനനിമിഷം പാർട്ടിയുടെ അഭ്യർത്ഥന മാനിച്ച് നിനച്ചിരിക്കാതെ മത്സര ഗോദയിൽ ഇറങ്ങേണ്ടിവന്ന ടോമിന് ഈ വിജയം തന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ്.

സാമൂഹ്യ പ്രതിബദ്ധതയും അര്‍പ്പണമനോഭാവവും കൈമുതലായുള്ള ടോം ബ്രിസ്റ്റോളിലെ മലയാളികൾക്കിടയിലും സുപരിചിതനാണ്. കഴിഞ്ഞ രണ്ടു തവണയും(2011,2015) ബ്രിസ്റ്റോള്‍ ബ്രാഡ്ലി സ്റ്റോക്കില്‍ നിന്നും പോള്‍ ചെയ്യപ്പെട്ട വോട്ടിന്റെ മൂന്നില്‍ രണ്ടു ഭാഗവും നേടിയാണ് കൗണ്‍സിലറായി ടോം തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ ഇത്തവണ വോട്ടിംഗ് നില പൊതുവേ കുറഞ്ഞിരുന്നെങ്കിലും ടോമിന്റെ ജനകീയതയ്ക്ക് കോട്ടം തട്ടിയില്ല. ഈ ജനകീയത തന്നെയാണ് മേയർ തിരഞ്ഞെടുപ്പിലും ടോമിന് തുണയായത്. 98% ഇംഗ്ലീഷുകാർ താമസിക്കുന്ന തെക്കന്‍ ഗ്ളോസ്ററര്‍ഷയര്‍ കൗണ്ടിയില്‍ കൗണ്സിലറായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഇന്ത്യക്കാരനും ആദ്യ ഏഷ്യക്കാരനുമാണ് ടോം ആദിത്യ. എന്നാലിപ്പോൾ മേയറായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരനും ഏഷ്യക്കാരനുമെന്ന പദവി കൂടി ടോമിന്റെ പേരിൽ എഴുതിച്ചേർക്കപ്പെടുകയാണ്.

സൗത്ത് വെസ്ററ് ഇംഗ്ളണ്ടിലെ ബ്രിസ്റ്റോള്‍ സിറ്റിയും ഒന്‍പതു സമീപ ജില്ലകളും ഉള്‍പ്പെടുന്ന എവണ്‍ ആന്റ് സമര്‍സെറ്റ് പോലീസ് ബോര്‍ഡിന്റെ (സൂക്ഷ്മപരിശോധനാ പാനല്‍) വൈസ് ചെയര്‍മാനായും സേവനം ചെയ്യുന്ന ടോം ഈ കൗണ്ടിയില്‍ (പ്രവിശ്യയില്‍) തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഏഷ്യന്‍ വംശജനാണ്.ബ്രിസ്റേറാള്‍ നഗരത്തിലെ പൊതു പ്ളാറ്റ്ഫോമായ ബ്രിസ്റേറാള്‍ ഫോറത്തിന്റെ (മള്‍ട്ടി ഫെയിത്ത് ഫോറം) ചെയര്‍മാനുമാണ് ആദിത്യ. മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ്, ഹ്യൂമന്‍ റൈറ്റ് കാമ്പേയ്നര്‍ എന്നീ നിലകളിലുള്ള ടോമിന്റെ മികച്ച പ്രവര്‍ത്തനം ഇത്തവണയും തന്റെ തിളക്കമാർന്ന വിജയത്തിന്റെ ഘടകങ്ങളായി.

റാന്നി ഇരൂരിയ്ക്കല്‍ ആദിത്യപുരം തോമസ് മാത്യുവിന്റെയും, ഗുലാബി മാത്യുവിന്റെയും പുത്രനും പാലാ നഗരപിതാവായിരുന്ന സ്വാതന്ത്ര്യസമര സേനാനി വെട്ടം മാണിയുടെ പൗത്രനുമാണ് ടോം.

ബിരുദം നേടിയ ശേഷം നിയമപഠനവും, എംബിഎയും പൂര്‍ത്തിയാക്കിയ ടോം അമേരിക്കയിലെ പ്രൊജക്ട് മാനേജ്മെന്റ് ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്നും ലണ്ടനിലെ ഐഎഫ്എസ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഫിനാന്‍ഷ്യല്‍ സര്‍വീസില്‍ ഉപരിപഠനവും പൂര്‍ത്തിയാക്കിയാണ് ടോം യുകെയിലെത്തുന്നത്. ലിനിയാണ് ടോമിന്റെ ഭാര്യ.

മക്കള്‍: അഭിഷേക്, അലീന, ആല്‍ബെര്‍ട്ട്, അഡോണ,അല്‍ഫോന്‍സ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more