1 GBP = 103.17
breaking news

രാഗ വർണ്ണങ്ങൾക്ക് ഏഴഴക് നൽകി “Let’s Break It Together” ൽ നോട്ടിംഗ്ഹാം പ്രതിഭകളുടെ അവിസ്മരണീയ പ്രകടനം ….സിബിനും സിയോണയും സാന്ദ്രയും തോമസും ഡാനിയലും ചേർന്നൊരുക്കിയത് വാദ്യഘോഷങ്ങളുടെ ആഘോഷ സന്ധ്യ ….

രാഗ വർണ്ണങ്ങൾക്ക് ഏഴഴക് നൽകി “Let’s Break It Together” ൽ നോട്ടിംഗ്ഹാം പ്രതിഭകളുടെ അവിസ്മരണീയ പ്രകടനം ….സിബിനും സിയോണയും സാന്ദ്രയും തോമസും ഡാനിയലും ചേർന്നൊരുക്കിയത് വാദ്യഘോഷങ്ങളുടെ ആഘോഷ സന്ധ്യ ….

കുര്യൻ ജോർജ്ജ്

(യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ)


കോവിഡ് – 19 എന്ന മഹാമാരിക്കെതിരെ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്ന ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർക്ക് ആദരവർപ്പിക്കുന്ന യുക്മ സാംസ്കാരിക വേദിയുടെ ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ൽ ഇന്നലെ പ്രേക്ഷകർക്ക് മുന്നിലെത്തിയ  നോട്ടിംഗ്ഹാമിലെ അഞ്ചംഗ സംഘം ഒരുക്കിയത് അനുപമ സംഗീതത്തിന്റെ  വിസ്മയ കാഴ്ചകളായിരുന്നു. സിബിൻ, സാന്ദ്ര എന്നിവർ കീബോർഡിലും സിയോണ ഫ്‌ളൂട്ടിലും തോമസും ഡാനിയലും ഡ്രംസിലും ഒരുക്കിയത് ഒന്നേകാൽ മണിക്കൂർ നീണ്ട് നിന്ന വാദ്യ സംഗീതത്തിന്റെ വർണ്ണക്കാഴ്ചകൾ.

ഇതിനോടകം ആയിരക്കണക്കിന് സംഗീത പ്രേമികൾ ആസ്വദിച്ച ഷോയിൽ, ലൈവിൽ വന്നത് പ്രേക്ഷകരുടെ ആവേശഭരിതമായ നൂറ് കണക്കിന് കമന്റുകളാണ്. സംഗീതാസ്വാദകർ എക്കാലവും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരു പിടി മനോഹര ഗാനങ്ങൾ കോർത്തിണക്കിയ ലൈവ് ഷോ പ്രേക്ഷകർ ഹൃദയങ്ങളിലേറ്റ് വാങ്ങി.

 
“കുറി വരച്ചാലും കുരിശ് വരച്ചാലും” എന്ന് തുടങ്ങുന്ന പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച ഷോയിൽ സിബിനും സാന്ദ്രയും കീബോർഡിലും സിയോണ ഫ്ളൂട്ടിലുമായി തുടർന്ന് വായിച്ചത് “വാ വാ യേശു നാഥാ / നിത്യ വിശുദ്ധയാം / നന്മ നേരും അമ്മ എന്നീ ഗാനങ്ങളുടെ ഒരു മെഡ്ലേ ആയിരുന്നു. പിന്നീട് തോമസ് ഡ്രംസിൽ ഒരു തകർപ്പൻ ഫ്രീസ്റ്റൈൽ പ്രകടനം കാഴ്ച വെച്ചതിനെ തുടർന്ന് ” പൂമരം” എന്ന സൂപ്പർ ഹിറ്റ് ഗാനം സിബിൻ അതി മനോഹരമായി കീബോർഡിൽ വായിച്ചു. ഡ്രംസിൽ ഫ്രീസ്റ്റൈൽ പ്രകടനവുമായെത്തിയ ഡാനിയൽ പ്രേക്ഷകരെ ഹരം പിടിപ്പിച്ചപ്പോൾ സിബിനും സിയോണയും ചേർന്ന് അവതരിപ്പിച്ച “കൽ ഹോ ന ഹോ” എന്ന ഗാനം പ്രേക്ഷക മനസ്സുകളെ കീഴടക്കി.

നോട്ടിംങ്ഹാമിൽ നിന്നുള്ള കുട്ടികൾ “Let’s Break it Together” ൽ അവതരിപ്പിച്ച പരിപാടി കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

 
“മുക്കാല മുക്കാബല” എന്ന ഗാനം ഡ്രംസിൽ വായിച്ച് തോമസും ” തുജെ ദേക്കാ” എന്ന ഗാനം കീബോർഡിൽ വായിച്ച് സാന്ദ്രയും ” ഷോട്ട്ഗൺ” എന്ന ഗാനം ഡ്രംസിൽ വായിച്ച് ഡാനിയലും പ്രേക്ഷകരെ ആവേശത്തിരകളിൽ അമ്മാനമാട്ടിയപ്പോൾ “തും ഹി ഹോ” എന്ന ഗാനം കീബോർഡിൽ ആലപിച്ച് സിബിൻ പ്രേക്ഷകരുടെ പ്രശംസകൾ ഏറ്റ് വാങ്ങി. തുടർന് ഡ്രംസിൽ ” സക്കർ” എന്ന ഗാനം തോമസ് മനോഹരമായി അവതരിപ്പിച്ചപ്പോൾ “യഹോവയാം ദൈവമെൻ” എന്ന ഗാനം സാന്ദ്ര കീബോർഡ് വായിച്ച് പാടിയത് ഏറെ ആകർഷണീയമായിരുന്നു. ഹിന്ദിയിലെ എക്കാലത്തേയും ഹിറ്റുകളിലൊന്നായ “കുച്ച് കുച്ച് ഹോത്താ ഹേ”, മലയാളം സൂപ്പർ ഹിറ്റ് ” മാണിക്യ മലരായ പൂവി” എന്നീ ഗാനങ്ങൾ കീബോർഡിൽ വായിച്ച സിബിൻ തന്റെ അസാമാന്യമായ പ്രതിഭ പ്രേക്ഷകർക്ക് മുന്നിൽ ഒരിക്കൽ കൂടി തെളിയിച്ചു.  ഹിന്ദിയിലെ എവർഗ്രീൻ സോങ്ങായ ” യേ ദോസ്ത്” സിബിൻ കീബോർഡിലും തോമസ് ഡ്രംസിലും വായിച്ച് ഷോ അവസാനിപ്പിക്കുമ്പോൾ ഒന്നേകാൽ മണിക്കൂറിലേറെ നീണ്ട് നിന്ന ഷോ വളരെ വേഗം അവസാനിച്ചുവെന്ന പരിഭവത്തിലായിരുന്നു പ്രേക്ഷകർ. ഷോയിൽ അവതാരകനായി എത്തിയ മനോജ് നായർ വളരെ ഭംഗിയായി തന്റെ ഉത്തരവാദിത്വം നിറവേറ്റി. നോട്ടിംഗ്ഹാം മലയാളി കൾച്ചറൽ അസ്സോസ്സിയേഷൻ ഒന്നാകെ ലൈവ് ഷോയ്ക്ക് പിന്തുണയുമായി കുട്ടികൾക്കൊപ്പം ഉണ്ടായിരുന്നു.


“LET’S BREAK IT TOGETHER” ലൈവ് ടാലന്റ് ഷോയുടെ സംഘാടകരായ യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർക്ക് നന്ദി പറഞ്ഞു കൊണ്ട്, കുട്ടികളുടെ മാതാപിതാക്കളെ പ്രതിനിധീകരിച്ച് ലൈവിൽ വന്ന സിജു സ്റ്റീഫനും ബിന്ദു സിജുവും കുട്ടികൾക്ക് വേണ്ടി ഇതു പോലൊരു ലൈവ് ഷോ ഒരുക്കിയതിന് നന്ദി പറയുകയും കുട്ടികളെ പ്രോൽസാഹിപ്പിക്കുവാൻ യുക്മ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുകയും  ചെയ്തു. ലോകം മുഴുവൻ ഭീതിയിലാണ്ട് കഴിയുന്ന ഈ കാലത്ത് യു കെ മലയാളികൾ നേരിടുന്ന പ്രശ്നങ്ങളിൽ സമയോചിതമായി ഇടപെടുകയും പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തി നടപ്പിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന യുക്മ നേതൃത്വത്തിന് സിജു പ്രത്യേകം നന്ദി പറഞ്ഞു. 


കലയുടെ ലോകത്ത് കൂടുതൽ ഉയരങ്ങളിലെത്താൻ ആഗ്രഹിക്കുന്ന സിബിൻ, സിയോണ, സാന്ദ്ര, തോമസ്, ഡാനിയൽ  എന്നിവർക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ എല്ലാവിധ ഭാവുകങ്ങളും നേരുന്നു. “LET’S BREAK IT TOGETHER” ലൈവ് ഷോയ്ക്ക്  ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ നൽകി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.


“LET’S BREAK IT TOGETHER” ഷോയുടെ അടുത്ത ലൈവ് 15/08/2020 ശനി വൈകുന്നേരം 4 ന് ( ഇൻഡ്യൻ സമയം രാത്രി 8:30) ആയിരിക്കും.


കോവിഡ് – 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ  എൻ എച്ച് എസ്    ഹോസ്‌പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ്  സംപ്രേക്ഷണം ചെയ്യുന്നത്. 


എട്ടു വയസ്സു മുതൽ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ  വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം. എന്നാൽ ഹാസ്യാത്മകമായ പരിപാടികൾ ഉൾപ്പെടെ വൈവിധ്യമാർന്നതും ആകർഷണങ്ങളുമായ മറ്റു കലാപരിപാടികൾ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.


യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ്  യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ  ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുന്നതാണ്.


ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന “ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ ” എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു. 


യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്‌സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.


പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602), യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more