1 GBP = 113.63
breaking news

സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം പ്രചാരണ ആയുധമാക്കി മുന്നണികള്‍; മധുരം വിതരണം ചെയ്ത് ഇടതുപ്രവര്‍ത്തകര്‍

സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം പ്രചാരണ ആയുധമാക്കി മുന്നണികള്‍; മധുരം വിതരണം ചെയ്ത് ഇടതുപ്രവര്‍ത്തകര്‍

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം പ്രചാരണ ആയുധമാക്കി മുന്നണികള്‍. മധുരം വിതരണം ചെയ്തും സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിച്ചും വാര്‍ഷികം ആഘോഷമാക്കുകയാണ് ഇടതുമുന്നണി. ഇന്ന് വൈകിട്ട് എല്ലാ ബൂത്തിലും മധുരം വിതരണം ചെയ്തും വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണിപറഞ്ഞും വോട്ടു തേടാനാണ് ഇടതുമുന്നണി നീക്കം. വികസന വിരുദ്ധമായ ഒരു വര്‍ഷം എന്നാണ് യുഡിഎഫും എന്‍ഡിഎയും ഇന്ന് പ്രചരിപ്പിക്കുന്നത്. പത്ത് ദിവസം മാത്രമാണ് തൃക്കാക്കരയില്‍ പ്രചാരണത്തിന് വേണ്ടി ബാക്കിയുള്ളത്.

അതേസമയം, 45 മീറ്റര്‍ ദേശീയപാത വികസം ഒന്നാം പിണറായി സര്‍ക്കാരില്ലായിരുന്നുവെങ്കില്‍ നമുക്ക് സ്വപ്‌നം കാണാന്‍ കഴിയില്ലായിരുന്നുവെന്ന് കെ.ടി.ജലീല്‍ പറഞ്ഞു. അതിന്റെ സ്ഥലമേറ്റെടുപ്പുള്‍പ്പെടെ എത്ര ഭംഗിയായാണ് പൂര്‍ത്തിയാക്കിയത്. ഒരാളുടെയും കണ്ണുനീര്‍ വീഴാത്ത മണ്ണിലൂടെയാണ് കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റെ അറ്റം വരെയുള്ള ദേശീയ പാതയുടെ 45 മീറ്റര്‍ വീതിയിലുള്ള വികസനം നടന്നു വരുന്നത്. അത് നടന്നു കൊണ്ടിരിക്കെ കേരളത്തില്‍ വികസനം ഉണ്ടായിട്ടില്ലെന്ന് പറയാന്‍ പ്രതിപക്ഷത്തിന് എങ്ങനെയാണ് കഴിയുക എന്ന് കെ.ടി.ജലീല്‍ ചോദിച്ചു.

ഇടത് സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നത് എന്തിനെന്ന് ഉമ തോമസ്. സര്‍ക്കാര്‍ വികസന വിരുദ്ധരാണെന്ന് ആരോപിച്ചുകൊണ്ടായിരുന്നു ഉമ തോമസിന്റെ പരാമര്‍ശം. വികസന മുരടിപ്പിന് കൊച്ചി മെട്രൊ തന്നെ തെളിവാണ്. തൃക്കാക്കരയിലെ ജനങ്ങള്‍ തനിക്ക് നല്‍കുന്ന മികച്ച സ്വീകരണം ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ടെന്നും ഉമ തോമസ് കൂട്ടിച്ചേര്‍ത്തു.

ജനഹിതത്തിന് വേണ്ടിയുള്ള വികസനമാണ് ആവശ്യമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഉമ തോമസിന്റെ പരാമര്‍ശങ്ങള്‍. നൂറ് തികയ്ക്കാന്‍ കിട്ടിയ സൗഭാഗ്യമായിട്ട് തൃക്കാക്കരയെ കാണുന്നവരല്ലേ ആഘോഷിക്കുന്നത്? സീറ്റ് മാത്രമാണ് അവര്‍ക്ക് പ്രധാനം. മെട്രൊ വിപുലീകരണം പോലും തൃക്കാക്കരയ്ക്ക് വേണ്ടി നടപ്പിലാക്കിയില്ലെന്നത് വികസനവിരുദ്ധത തെളിയിക്കുന്നുണ്ടെന്നും ഉമ തോമസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞു.

അതേസമയം, സില്‍വര്‍ലൈനിലൂടെ വികസന വിപ്ലവം സ്വപ്നം കണ്ട് മുന്നോട്ടുപോകുന്ന സര്‍ക്കാരിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി സാമ്പത്തിക പ്രതിസന്ധി തന്നെയാണ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം രണ്ടാം പിണറായി സര്‍ക്കാര്‍ ഭരണത്തിന്റെ വിധിയെഴുത്ത് കൂടിയാകുമെന്നതിനാല്‍ കര പിടിക്കാന്‍ സര്‍വ ശക്തിയുമെടുത്ത് പ്രവര്‍ത്തിക്കുകയാണ് നിലവില്‍ ഇടതുമുന്നണി.

സര്‍ക്കാര്‍ ഭരണനേട്ടത്തിനുള്ള അംഗീകാരം തൃക്കാക്കരയിലെ ജനങ്ങള്‍ നല്‍കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് നേതൃത്വമുള്ളത്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തൃക്കാക്കരയില്‍ നൂറുമേനി കൊയ്തെടുക്കാനാകുമന്നാണ് നേതാക്കള്‍ വിശ്വസിക്കുന്നത്. എന്നാല്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ ജനകീയ പ്രതിഷേധങ്ങളെ ഏതുവിധത്തിലാണ് പ്രതിരോധിക്കേണ്ടതെന്നത് സംബന്ധിച്ച ആശയക്കുഴപ്പവും സര്‍ക്കാരിനെ വലയ്ക്കുന്നുണ്ട്. തൃക്കാക്കരയെ നൂറ് സീറ്റ് നേടാനുള്ള സുവര്‍ണാവസരമായാണ് തങ്ങള്‍ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കേണ്ടത് സര്‍ക്കാരിന് മുന്നില്‍ വലിയ അഭിമാനപ്രശ്നം തന്നെയാകുന്നുണ്ട്. തെരഞ്ഞെടുപ്പായതിനാല്‍ അടുത്ത മാസം രണ്ടാം തിയതിയാണ് വാര്‍ഷികാഘോഷങ്ങള്‍ നടക്കുക.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴിച്ച് കഴിഞ്ഞ സര്‍ക്കാരിലെ മറ്റ് മന്ത്രിമാരെയെല്ലാം മാറ്റി പുതുമോടിയോടെയായിരുന്നു രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ തുടക്കം. രാജ്യമെങ്കും കൊവിഡ് കേസുകള്‍ കുറഞ്ഞ് നില്‍ക്കുമ്പോഴും കേരളത്തില്‍ കേസുകള്‍ ഉയര്‍ന്നുനില്‍ക്കുന്നതിന്റെ ആശങ്കകളായിരുന്നു സര്‍ക്കാരിന് മുന്നില്‍ ആദ്യം വെല്ലുവിളി ഉയര്‍ത്തിയിരുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും സില്‍വര്‍ലൈന്‍ പ്രതിഷേധങ്ങളും പിന്നാലെ വന്നു. എന്ത് വിലകൊടുത്തും സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. തൃക്കാക്കരയില്‍ ജയിക്കാനായാല്‍ സില്‍വര്‍ലൈന് വേഗം കൂടും. ഈ പ്രതീക്ഷയില്‍ കരയില്‍ തന്നെ ക്യാമ്പ് ചെയ്യുകയാണ് മുഖ്യമന്ത്രിയും മറ്റ് ഇടത് ജനപ്രതിനിധികളും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more