1 GBP = 106.57
breaking news

കാവല്‍ മാലാഖ (നോവല്‍ –4 ); കാരൂര്‍ സോമന്‍

കാവല്‍ മാലാഖ (നോവല്‍ –4 ); കാരൂര്‍ സോമന്‍

നൈജീരിയക്കാരി നഴ്സിന്‍റെ വിളി കേട്ടാണു സൂസന്‍ കണ്ണു തുറന്നത്.

“തലവേദന എങ്ങനെ, കുറവുണ്ടോ?”

അവള്‍ തലയാട്ടി.

നേരം പുലര്‍ന്നിരിക്കുന്നു. ഒരു മണിക്കൂറിലേറെ അങ്ങനെയിരുന്ന് ഉറങ്ങിപ്പോയി. പാവം, തന്‍റെ ജോലി കൂടി സഹപ്രവര്‍ത്തക ചെയ്യേണ്ടി വന്നിട്ടുണ്ടാവും. അവര്‍ ഡ്യൂട്ടി കഴിഞ്ഞു പോകാന്‍ തയാറായ ശേഷമാണു തന്നെ വിളിച്ചത്. സൂസനും എഴുന്നേറ്റു മുഖം കഴുകി യൂനിഫോം മാറ്റി.

ആശുപത്രിയില്‍നിന്നു വന്നു ബസിറങ്ങിയ സൂസന്‍ മേരിയുടെ വിട്ടിലേക്ക് ഓടുകയായിരുന്നു. ചെല്ലുമ്പോള്‍ത്തന്നെ കണ്ടു. ചാര്‍ലിയെയും മടിയില്‍വച്ച് മരിയന്‍ സിറ്റൗട്ടിലുണ്ട്. അമ്മയെ കണ്ട് കുഞ്ഞ് കൈനീട്ടി. അവളവനെ വാരിയെടുത്തു. പുറത്തേക്കു വന്ന മേരിയോടു വാക്കികളിലൊതുങ്ങാത്ത കൃതജ്ഞതയോടെ ചിരിച്ചു.

“വല്യ ഉപകാരമായി ചേച്ചീ….”

മേരി അവളെ മുഴുമിപ്പിക്കാന്‍ വിട്ടില്ല.

“അതൊന്നും സാരമില്ല സൂസന്‍. വല്ലപ്പോഴും ഈ കുഞ്ഞിനെ ഒന്നു നോക്കുന്നതില്‍ ഞങ്ങള്‍ക്കു സന്തോഷമേയുള്ളൂ. പക്ഷേ, സൂസന്‍ എന്തു കരുതിയാലും ശരി, സൈമന്‍റെ ഈ പോക്ക് അത്ര ശരിയല്ല. ഇതുവരെ ഇവിടെ വന്ന് ഒന്നന്വേഷിച്ചതു പോലുമില്ലല്ലോ. ആണുങ്ങളായാല്‍ കുറച്ച് ഉത്തരവാദിത്തമൊക്കെ വേണ്ടേ? തന്‍റെ കെട്ടിയോന്‍ മാത്രമെന്താ ഇങ്ങനെ? ഉദ്യോഗത്തിനൊന്നും പോകാനില്ലല്ലോ, നാടു നന്നാക്കാനെന്നും പറഞ്ഞ് ഇറങ്ങുന്നതല്ലേ, സ്വന്തം കുട്ടിയെക്കാള്‍ വലുതാണോ ഇയാള്‍ക്കു സാമൂഹ്യ പ്രവര്‍ത്തനം”

“ഞാനും ചിലതൊക്കെ തീരുമാനിച്ചിട്ടുണ്ടു ചേച്ചീ.”

എന്തോ നിശ്ചയിച്ചുറച്ചതു പോലെ സൂസന്‍ വീട്ടിലേക്കു നടന്നു. അകത്തു ചെല്ലുമ്പോള്‍ പാതി സോഫയിലും പാതി നലത്തുമായി ഉറക്കത്തിലാണു സൈമണ്‍. സൂസന്‍റെ കണ്ണുകളില്‍ ഒരു നിമിഷം വെറുപ്പു പതഞ്ഞു. പിന്നെ നിര്‍വികാരത നിറഞ്ഞു. അകത്തു പോയി കുഞ്ഞിനു പാലു കൊടുത്ത്, വേഷം മാറാതെ, ഒരു ചായ പോലും കുടിക്കാതെ, അവനെയുമെടുത്തു പുറത്തേക്ക്.

ലണ്ടന്‍ നഗരത്തിന്‍റെ അഴകാര്‍ന്ന ചുവപ്പുനിറമുള്ള ഇരുനില ബസ് മുന്നില്‍വന്നു നിന്നു. കുഞ്ഞിനെയുംകൊണ്ട് അവള്‍ കയറി. പിന്നാലെ മദാമ്മ തന്‍റെ പ്രിയങ്കരിയായി പൂച്ചക്കുഞ്ഞിനെയും കൊണ്ടു കയറുന്നു. മനുഷ്യര്‍ ഇരിക്കുന്ന സീറ്റില്‍ പൂച്ചകളും പട്ടികളും മനുഷ്യരെപ്പോലെ ഗമയില്‍ ഇരിക്കും.

കുട്ടികളെ കിടത്തുന്ന വണ്ടികളുടമായി ബസില്‍ കയറുന്നവര്‍ക്കും തീരെ ബുദ്ധിമുട്ടില്ല. ഒരേസമയം ഇത്തരം രണ്ടു വണ്ടികള്‍ വയ്ക്കാനുള്ള സൗകര്യമുണ്ട് ബസില്‍. അമ്മമാര്‍ക്ക് ഇരിക്കാനുള്ള സീറ്റും അടുത്തു തന്നെ. കേരളത്തില്‍ കുഞ്ഞുങ്ങളുമായി വണ്ടിയില്‍ കയറുന്ന പാവം സ്ത്രീകളുടെ ദുരിതം സൂസന്‍റെ മനസിലൂടെ കടന്നു പോയി.

ചില്‍ഡ്രന്‍സ് ഹോമിനടുത്തുള്ള സ്റ്റോപ്പ് എത്തിയപ്പോള്‍ സൂസന്‍ കുഞ്ഞുമായി ഇറങ്ങി.

മദാമ്മമാര്‍ നടത്തുന്ന ചില്‍ഡ്രന്‍സ് ഹോമില്‍ കുഞ്ഞിനെ ആക്കാന്‍ ഇഷ്ടമുണ്ടായിട്ടല്ല. പക്ഷേ, സ്വന്തം വീട്ടിലെക്കാള്‍ സുരക്ഷിതത്വം അവന് അവിടെ കിട്ടിമെങ്കില്‍ പിന്നെന്തിനു മടിക്കണം. വീടുവിട്ടു നില്‍ക്കുന്ന ഓരോ നിമിഷവും കുഞ്ഞിനെയൊര്‍ത്തു വേവലാതിയാണ്. വീടിന്‍റെ ഇടനാഴികള്‍ ഇനി അവനു നിലവിളിയുടെ നിലവറകളാകാന്‍ പാടില്ല. ഉത്തരവാദിത്വമില്ലാത്ത ഒരച്ഛന്‍റെ കൈയില്‍ ഇനിയും അവനെ വിശ്വസിച്ചേല്‍പ്പിച്ചു പോകാന്‍ വയ്യ. അയല്‍ക്കാരെ എത്രയെന്നു വച്ചാണു ബുദ്ധിമുട്ടിക്കുക. ഒന്നും പറയുന്നില്ലെങ്കിലും പതിവായാല്‍ അവരും മുഖം തിരിക്കും.

ചില്‍ഡ്രന്‍സ് ഹോമിലെ കാഴ്ച സൂസന്‍റെ ഹൃദയം തണുപ്പിച്ചു. മധ്യവയസ്കരും യുവതികളുമായി മദാമ്മമാരാണ് ആയമാര്‍. വലിയൊരു ഹോള്‍ നിറയെ കളിപ്പാട്ടങ്ങളും തൊട്ടിലുകളും. ചുവരിലെല്ലാം വര്‍ണചിത്രങ്ങള്‍. നിറയെ കുഞ്ഞുങ്ങളുടെ ചിരിയും ചിണുക്കവും. എല്ലാവരെയും നോക്കാനും ഏതാവശ്യവും നിറവേറ്റാനും ആളുണ്ട്. നല്ല വൃത്തിയും വെടിപ്പുമുള്ള സ്ഥലം.

അവള്‍ക്കു തൃപ്തിയായി. വീട്ടിലെ അന്ധകാരത്തില്‍നിന്നു മാറി, തന്‍റെ കുഞ്ഞും ഇവിടെ മറ്റു കുട്ടികളോടൊപ്പം ആത്മാര്‍ഥതയുള്ള ആയമാരുടെ പരിചരണത്തില്‍ സുഖമായി കഴിയട്ടെ. ആകാശത്ത് സ്ച്ഛന്ദം ഒഴുകി നടക്കുന്ന മേഘക്കുഞ്ഞിനെപ്പോലെ തന്‍റെ കുഞ്ഞും ഇവിടെ ഓടിക്കളിക്കട്ടെ. ഭര്‍ത്താവിനെക്കാള്‍ അവനു തണലേകാന്‍ ഇവിടെയുള്ളവര്‍ക്കു കഴിയും. മദ്യത്തിന്‍റെയും സിഗരറ്റിന്‍റെയും മണത്തിനു പകരം കുഞ്ഞുടുപ്പുകളുടെയും പാല്‍ച്ചിരികളുടെയും മണം അവനറിയട്ടെ.

നാളെ മുതല്‍ കുഞ്ഞിനെ കൊണ്ടു വരാമെന്നു പറഞ്ഞ്, പേപ്പറുകള്‍ ഫില്‍ ചെയ്ത് ഒപ്പിട്ടു കൊടുത്തു. നല്ലൊരു തുകയും കെട്ടേണ്ടി വന്നു. പക്ഷേ, അതു തന്‍റെ കുഞ്ഞിന്‍റെ നന്മയ്ക്കാണ്.

ഭര്‍ത്താവ് സംരക്ഷകനാണ്. എന്നിട്ടും സുരക്ഷ മാത്രം തനിക്കില്ല, തന്‍റെ കുഞ്ഞിനു തീരെയുമില്ല. മകന്‍ അനാഥനെപ്പോലെ അന്യവീട്ടില്‍ ഉറങ്ങേണ്ടി വന്ന മണിക്കൂറുകളെ അവള്‍ വെറുത്തു. ജീവിതം എന്നുമൊരു സംഘര്‍ഷഭൂമി മാത്രം. ഓടുക, ഓടിത്തളരുക, എന്നാണൊന്ന് ഓടി ജയിക്കാന്‍ കഴിയുക.

സൈമന്‍ ഇങ്ങനെയൊക്കെയായത് താന്‍ കാരണമൊന്നുമല്ലല്ലോ. തനിക്കു ഭര്‍ത്താവിനെ തിരുത്താന്‍ കഴിഞ്ഞില്ലെന്നതു സത്യം. പക്ഷേ, തിരുത്തേണ്ട പ്രായത്തില്‍ മാതാപിതാക്കള്‍ അതു ചെയ്തിരുന്നെങ്കില്‍ തനിക്കും കുഞ്ഞിനും ഈ ഗതി വരില്ലായിരുന്നു. അലസനായും അധ്വാനമറിയാത്തവനായുമാണ് അവര്‍ സൈമനെ വളര്‍ത്തിയത്.

ഉറക്കം കണ്ണുകളെ വേട്ടയാടിക്കൊണ്ടിരുന്നു. വിശപ്പും ദാഹവും അവള്‍ വകവച്ചില്ല. ഒരു സത്യം അവളുടെ മനസില്‍ കൂടുതല്‍ ഇരുട്ടു പരത്തിക്കൊണ്ട് ശക്തമായി വന്നു- ഈ അന്യരാജ്യത്ത്, ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാതെ അനാഥാരാണു താനും തന്‍റെ കുഞ്ഞും. ഒന്നാശ്വസിപ്പിക്കാന്‍ പോലും ആരുമില്ല.

നിരാശ നിറഞ്ഞ കണ്ണുകളോടെ സൂസന്‍ കുഞ്ഞിനെ നോക്കി. കുളിരിളം കാറ്റില്‍ ഗാഢമായി ഉറങ്ങുകയായിരുന്നു അവന്‍. ആകാശത്തു പറക്കുന്ന പ്രാവുകളെയും ആശ്വാസം തേടി പറക്കുന്ന അമ്മമനസിനെയും ആ വീട്ടിലെ ആശങ്കകളെയും ഒന്നും അവന്‍ കാണുന്നുണ്ടായിരിക്കില്ല. ഓര്‍മ വയ്ക്കുന്ന പ്രായം വരെയെങ്കിലും സമാധാനം കിട്ടിയാല്‍ മതിയായിരുന്നു എന്‍റെ മോന്, സൂസന്‍റെ മനസ് പ്രാര്‍ഥനാനിര്‍ഭരമായി.

തുടരും….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more