1 GBP = 113.44
breaking news

പ്രാർത്ഥനാ ഹാളിൽ ഭാര്യാമാതാവ് ഇരുന്ന സ്ഥലം ഒഴിവാക്കിയാണ് ബോംബ് വെച്ചതെന്ന് ഡൊമിനിക്ക്; മൊഴി പുറത്ത്

പ്രാർത്ഥനാ ഹാളിൽ ഭാര്യാമാതാവ് ഇരുന്ന സ്ഥലം ഒഴിവാക്കിയാണ് ബോംബ് വെച്ചതെന്ന് ഡൊമിനിക്ക്; മൊഴി പുറത്ത്

യഹോവാ സാക്ഷികളുടെ പ്രാർത്ഥനാ ഹാളിൽ ഭാര്യാ മാതാവും ഉണ്ടായിരുന്നുവെന്നും അവർ ഇരുന്ന സ്ഥലം ഒഴിവാക്കിയാണ് ബോംബ് വെച്ചതെന്നും കളമശേരി സ്ഫോടനക്കേസിലെ പ്രതിയുടെ മൊഴി. ബോംബ് സ്ഥാപിച്ചത് പ്ലാസ്റ്റിക് കവറുകളിലാണെന്നാണ് തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിൻ വെളിപ്പെടുത്തി. സ്ഫോടന ശേഷം വ്യാപ്തി കൂടുന്നതിനാണ് പ്രതി ബോംബിനൊപ്പം പെട്രോളും വച്ചത്. 4 കവറുകളിലായി ബോംബ് സ്ഥാപിക്കുകയായിരുന്നുവെന്നും ടിഫിൻ ബോക്സിൽ അല്ല ബോംബ് സ്ഥാപിച്ചതെന്നും ഡൊമിനിക് മൊഴി നൽകി. എല്ലാ കവറുകളും കസേരയുടെ അടിഭാഗത്താണ് വച്ചത്.

ഫോർമാനായതിനാൽ സാങ്കേതിക കാര്യങ്ങളിൽ പ്രതിക്ക് വൈദ​ഗ്ധ്യമുണ്ടെന്നാണ് മനസിലാക്കുന്നത്. പ്രതി സ്ഫോടനത്തിന് ശേഷം സുഹൃത്തിനെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. ഇയാളെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തും. ഇയാളുമായി നേരത്തെ തന്നെ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലുള്ള സർവകക്ഷി യോഗത്തിന് ശേഷം മുഖ്യമന്ത്രി കളമശേരിയിലേക്ക് തിരിക്കും. രാവിലെ 10 മണിക്ക് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിലാണ് സർവകക്ഷി യോ​ഗം നടക്കുക. എല്ലാ പാർട്ടി പ്രതിനിധികളേയും മുഖ്യമന്ത്രി സർവ്വകക്ഷിയോ​ഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കളമശേരിയിൽ ചികിത്സയിൽ കഴിയുന്നവരെ അടക്കം മുഖ്യമന്ത്രി സന്ദർശിക്കുമെന്നാണ് വിവരം.

സാമൂഹികമാധ്യമങ്ങളിലൂടെ മതസ്പര്‍ദ്ധ, വര്‍ഗീയ വിദ്വേഷം എന്നിവ പരത്തുന്ന തരത്തില്‍ സന്ദേശങ്ങള്‍ നൽകുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് അറിയിച്ചിട്ടുണ്ട്. ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകള്‍ കണ്ടെത്താൻ സാമൂഹിക മാധ്യമങ്ങളില്‍ പൊലീസ് 24 മണിക്കൂറും നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.

കളമശേരി സാമ്ര കൺവെൻഷൻ സെന്ററിലുണ്ടായ ബോംബ് സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. മലയാറ്റൂർ സ്വദേശിയായ 12 വയസുകാരിയാണ് ഇന്നലെ അർധരാത്രിയോടെ മരണത്തിന് കീഴടങ്ങിയത്. മലയാറ്റൂർ കടുവൻകുഴി വീട്ടിൽ ലിബിനയാണ് മരിച്ചത്. ബോംബ് സ്ഫോടനത്തിൽ 95 ശതമാനത്തോളം പൊള്ളലേറ്റ കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിലെ വെന്റിലറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മെഡിക്കൽ ബോർഡ് നിർദേശപ്രകാരം കുട്ടിയ്ക്ക് ആവശ്യമായ ചികിത്സ നൽകിയിരുന്നെങ്കിലും രാത്രിയോടെ കുട്ടി മരുന്നുകളോട് പ്രതികരിക്കാതാകുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

മരിച്ച മറ്റ് രണ്ട് സ്ത്രീകളേയും ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. തൊടുപുഴ സ്വദേശിനിയായ കുമാരി(53) ചികിത്സയിലിരിക്കെ മരിച്ചിരുന്നു. 90 ശതമാനത്തിലേറെ പൊള്ളലേറ്റ് കളമശേരി മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ആദ്യം മരിച്ച സ്ത്രീയെ ഇന്നലെ രാത്രിയോടെയാണ് തിരിച്ചറിഞ്ഞത്. കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ്(60) ആണ് മരിച്ചത്. മോതിരത്തിൽ നിന്നാണ് മരിച്ചത് ലയോണയാണ് തിരിച്ചറിഞ്ഞത്. മകൻ വന്നതിന് ശേഷം ഡിഎൻഎ പരിശോധന നടത്തിയതിന് ശേഷം കൂടുതൽ സ്ഥിരീകരണം ഉണ്ടാകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇതുവരെ 52 പേരാണ് ചികിത്സ തേടിയത്. നിലവിൽ 18 പേരാണ് ഐസിയുവിലുള്ളത്. അവരിൽ 6 പേരുടെ നില ഗുരുതരമാണ്. ഞായറാഴ്ച രാവിലെ 9 42 ന് ആണ് നാടിനെ നടുക്കിയ സ്ഫോടനം കളമശ്ശേരിയിൽ ഉണ്ടായത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more