ഗസ്സ സിറ്റി: ഇസ്രായേൽ വ്യോമാക്രമണം തുടരുന്ന ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 5000 പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 400ഓളം ഫലസ്തീനികളാണ് കൊല്ലപ്പെട്ടതെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. 5087 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. 15,273 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കനത്ത വ്യോമാക്രമണമാണ് ഇന്നലെ രാത്രിയിലുൾപ്പെടെ നടത്തിയത്. ജബലിയ അഭയാർഥി കാമ്പ് മേഖലയിലുൾപ്പെടെ ആക്രമണം നടത്തി.
ജബലിയ്യ അഭയാർഥി ക്യാമ്പില് മാത്രം 30 പേർ കൊല്ലപ്പെട്ടു. പരിക്കേറ്റ ആയിരങ്ങൾ കഴിയുന്ന ഗസ്സയിലെ പ്രധാന ആശുപത്രികൾ ഒഴിയണമെന്ന ഭീഷണി മുഴക്കുകയാണ് ഇസ്രായേൽ. ഗസ്സയിലെ അൽ ശിഫ, അൽ ഖുദ്സ് ആശുപത്രികൾക്കടുത്ത് ഇസ്രായേൽ വ്യോമാക്രമണം നടത്തി. രോഗികളെ ഒഴിപ്പിച്ചില്ലെങ്കിൽ ആശുപത്രികൾ തകർക്കുമെന്നാണ് ഇസ്രായേലിന്റെ ഭീഷണി. പല ആശുപത്രികളിലും ഇന്ധനം തീർന്നെന്നും അടിയന്തര ഇടപെടൽ ഇല്ലെങ്കിൽ നവജാത ശിശുക്കൾ അടക്കം മരണത്തിന് കീഴടങ്ങുമെന്നും യു.എൻ മുന്നറിയിപ്പ് നൽകി.
അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവർ 95 ആയി. 1650 പേർക്ക് ഇവിടെ പരിക്കേറ്റിട്ടുമുണ്ട്. ഇന്നും ഇവിടെ വ്യോമാക്രമണം തുടരുകയാണെന്ന് വഫ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. റാമല്ലയിലും നുബ്ലുസിലുമായി ഇരുപതോളം പേരെ ഇസ്രായേൽ അറസ്റ്റ് ചെയ്തു. അതേസമയം, ലെബനാൻ അതിർത്തിയിലേക്കും ഏറ്റുമുട്ടൽ പടരുകയാണ്. ഇവിടെ ഇസ്രായേൽ സൈന്യത്തിന് നേരെ ഹിസ്ബുല്ല ആക്രമണം നടത്തി. തുടർന്ന് ഇസ്രായേൽ തിരിച്ചടിച്ചു. ആക്രമണം ശക്തമാകുന്നത് മുൻനിർത്തി അതിർത്തി മേഖലയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്.
ഗസ്സയിലെ ആക്രമണം മാസങ്ങൾ നീളുമെന്നാണ് ഇസ്രായേലിന്റെ മുന്നറിയിപ്പ്. ഗസ്സയെ വിജനദ്വീപാക്കി മാറ്റുമെന്നായിരുന്നു യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞത്. ഗസ്സ അതിർത്തിയിൽ വൻ തോതിലുള്ള സൈനിക വിന്യാസമാണ് ഇസ്രായേൽ നടത്തുന്നത്.
അതേസമയം ഇസ്രായേലിന് പിന്തുണയുമായി ആറ് പാശ്ചാത്യരാജ്യങ്ങൾ രംഗത്തെത്തി. യു.എസ്, യു.കെ, കാനഡ, ഫ്രാൻസ്, ജർമനി ഇറ്റലി എന്നീ രാജ്യങ്ങളാണ് ഇസ്രായേലിന് പിന്തുണയുമായി സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. ഇസ്രായേലിന് ഭീകരതയ്ക്കെതിരെ സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നാണ് പ്രസ്താവന.
click on malayalam character to switch languages