1 GBP = 105.84

കുത്തേറ്റ് മരിച്ച ഫാദര്‍ സേവ്യര്‍ തേലക്കാട്ടിന്റെ സംസ്‌കാരം ശനിയാഴ്ച

കുത്തേറ്റ് മരിച്ച ഫാദര്‍ സേവ്യര്‍ തേലക്കാട്ടിന്റെ സംസ്‌കാരം ശനിയാഴ്ച

കൊച്ചി: ഇന്ന് ഉച്ചക്ക് കുത്തേറ്റ് കൊല്ലപ്പെട്ട ക്രൈസ്തവ തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാദര്‍ സേവ്യര്‍ തേലക്കാട്ടിന്റെ സംസ്‌കാരം ശനിയാഴ്ച സ്വദേശമായ പെരുമ്പാവൂര്‍ ഈസ്റ്റ് ചേരാനല്ലൂരില്‍ നടക്കും.

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ കളമശേരി മെഡിക്കല്‍ കോളജില്‍ പൂര്‍ത്തിയാക്കി അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ സൂക്ഷിക്കുന്ന മൃതദേഹം നാളെ ഫാദര്‍ സേവ്യര്‍ തേലക്കാട്ട് സേവനം ചെയ്തിരുന്ന മലയാറ്റൂരിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ 10 മുതല്‍ രാത്രി എട്ടുവരെ മൃതദേഹം മലയാറ്റൂര്‍ സെന്റ് തോമസ് പള്ളിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് ഈസ്റ്റ് ചേരാനല്ലൂരിലുള്ള വസതിയിലേക്കു കൊണ്ടുപോകും.

സംസ്‌കാരശുശ്രൂഷകള്‍ ശനിയാഴ്ച രാവിലെ പത്തിനു പെരുമ്പാവൂര്‍ ഈസ്റ്റ് ചേരാനല്ലൂര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയില്‍ നടക്കും. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തിലാണു സംസ്‌കാരശുശ്രൂഷകള്‍.

മലയാറ്റൂര്‍ കുരിശുമുടി പള്ളിയിലെ കപ്യാരായിരുന്ന ജോണിയാണ് ഫാദര്‍ സേവ്യര്‍ തേലക്കാട്ടി(52)നെ ഇന്ന് ഉച്ചയോടെ കുത്തിക്കൊലപ്പെടുത്തിയത്. ജോണിനെ കപ്യാര്‍ ജോലിയില്‍ നിന്ന് ഒഴിവാക്കയതിന്റെ വിരോധത്തിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്. മലയാറ്റൂര്‍ മലമുകളിലെ തീര്‍ത്ഥാടനകേന്ദ്രത്തിലേക്കുള്ള വഴിയിലെ ആറാമത്തെ കുരിശിന് സമീപം വച്ച് ജോണിയും ഫാദര്‍ സേവ്യര്‍ തേലക്കാട്ടും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും ജോണി കൈയില്‍ കരുതിയിരുന്ന കത്തിയുപയോഗിച്ച് കുത്തുകയുമായിരുന്നു.

ജോണി രാവിലെ മുതല്‍ അടിവാരത്തെ പള്ളിക്ക് സമീപം കറങ്ങി നടക്കുന്നതായി നാട്ടുകാര്‍ കണ്ടിരുന്നു. തുടര്‍ന്ന് ഫാദര്‍ സേവ്യര്‍ മലമുകളിലെ പള്ളിയില്‍ നിന്ന് താഴേക്ക് ഇറങ്ങിവരുന്നതിനിടെ ജോണി ഇവിടെവച്ച് തന്നെ ജോലിക്ക് തിരികെയെടുക്കുന്നത് സംബന്ധിച്ച് ഫാദര്‍ സേവ്യറുമായി വാഗ്വേദത്തിലേര്‍പ്പെടുകയും തുടര്‍ന്ന് ആക്രമണം നടത്തുകയുമായിരുന്നു.

ഫാദര്‍ സേവ്യറിന്റെ ഇടത് കാലിലാണ് കുത്തേറ്റത്. മലമുകളില്‍ നിന്ന് ഇറക്കി ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വൈകിയതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും രക്തം വാര്‍ന്ന് ഫാദര്‍ സേവ്യര്‍ മരിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം സമീപത്തെ വനത്തിലേക്ക് ജോണി ഓടി രക്ഷപെടുകയായിരുന്നു. ജോണിക്ക് വേണ്ടിയുള്ള തിരച്ചിൽ പോലീസ് തുടരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more