1 GBP = 106.15
breaking news

യുക്മ സാംസ്കാരിക വേദി – സാഹിത്യ മത്സരങ്ങൾക്ക് രചനകൾ ക്ഷണിക്കുന്നു, എല്ലാ യുകെ മലയാളികൾക്കും അവസരം….

യുക്മ സാംസ്കാരിക വേദി – സാഹിത്യ മത്സരങ്ങൾക്ക് രചനകൾ ക്ഷണിക്കുന്നു, എല്ലാ യുകെ മലയാളികൾക്കും അവസരം….

മനോജ്‌കുമാർ പിള്ള

യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന സാഹിത്യമത്സരങ്ങൾക്ക് എല്ലാ യുകെ മലയാളികളിൽ നിന്നും രചനകൾ ക്ഷണിക്കുന്നു. ലേഖനം, കഥ, കവിത എന്നീ ഇനങ്ങളിൽ സബ്‌ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടത്തപ്പെടുക. സബ്‌ജൂനിയർ, ജൂനിയർ വിഭാഗത്തിലെ എല്ലാ മത്സര ഇനങ്ങളിലും മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേകം വേർതിരിച്ചുള്ള മത്സരങ്ങൾ നടത്തുന്നതാണ്. സീനിയർ വിഭാഗത്തിൽ എല്ലാ മത്സര ഇനങ്ങളിലും മലയാളത്തിൽ മാത്രമുള്ള രചനകളാണ് സമർപ്പിക്കേണ്ടത്. 01/11/2017 – നു പത്തു വയസ്സിൽ താഴെയുള്ളവരെ സബ്‌ജൂനിയറായും, പത്തു മുതൽ പത്തൊൻപതു വയസ്സിൽ താഴെയുള്ളവരെ ജൂനിയറായും പത്തൊൻപതു വയസ്സും അതിനു മുകളിലുള്ളവരെ സീനിയർ വിഭാഗവുമായാണ് പരിഗണിക്കുന്നത്. മത്സരാർത്ഥികൾക്ക് ഒന്നോ അതിലധികമോ ഇനങ്ങളിൽ പങ്കെടുക്കാം. എന്നാൽ ഒരാൾ ഒരിനത്തിൽ ഒരു രചന മാത്രമേ സമർപ്പിക്കാവൂ.

മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി വളർന്നു വരുന്ന കൊച്ചു കുട്ടികളിൽ അന്തർലീനമായിട്ടുള്ള സാഹിത്യാഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതിനായി സബ്‌ജൂനിയർ വിഭാഗത്തിലും മത്സരങ്ങൾ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. സബ്‌ജൂനിയർ വിഭാഗത്തിലുള്ളവർക്ക് ഇഷ്ടമുള്ള വിഷയങ്ങളിൽ ലേഖനം, കഥ, കവിത എന്നിവ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതി നൽകാവുന്നതാണ്. എല്ലാ വിഭാഗത്തിലുമുള്ള വിജയികൾക്കു സമ്മാനങ്ങൾ യുക്മയോ യുക്മ സാംസ്‌കാരിക വേദിയോ സംഘടിപ്പിക്കുന്ന പ്രൗഢോജ്വലമായ സമ്മേളന വേദിയിൽ വെച്ച് നൽകുന്നതാണ്.

ലേഖന വിഷയം – ജൂനിയേർസ്

Social Media – A Necessary Evil

(സാമൂഹ്യമാധ്യമം – ഒരു അനിവാര്യ തിന്മ)

ലേഖന വിഷയം – സീനിയേർസ്

Roots of Modern Expatriate Keralites – An Introspection

(ആധുനിക പ്രവാസി മലയാളിയുടെ വേരുകൾ , ഒരു പുനരന്വേഷണം)

കഥ, കവിത എന്നീ മത്സര ഇനങ്ങളിൽ പങ്കെടുക്കുന്ന ജൂനിയർ, സീനിയർ വിഭാഗങ്ങളിലുള്ളവർക്കും അനുയോജ്യമായ വിഷയങ്ങൾ യഥേഷ്ടം തെരെഞ്ഞെടുത്തു രചനകൾ നൽകാവുന്നതാണ്. കഥയും ലേഖനവും മൂന്ന് പേജിൽ കുറയാത്തതും അഞ്ചു പേജിൽ കവിയാത്തതും ആയിരിക്കണം. കവിത പന്ത്രണ്ടു വരിയിൽ കുറയാത്തതും ഇരുപത്തിനാലു വരിയിൽ അധികമാകാതെയുമിരിക്കണം. എല്ലാ മത്സരഇനങ്ങളിലുമുള്ള രചനകൾ മുൻപ് പ്രസിദ്ധീകരിച്ചവയാവരുത്. രചനകൾ ടൈപ്പ് ചെയ്തോ വ്യക്തമായി പേപ്പറിൽ എഴുതി സ്കാൻ ചെയ്തോ ഇമെയിൽ ആയി അയച്ചു തരേണ്ടതാണ്. രചനയുടെ ഒരു ഭാഗത്തും രചയിതാവിന്റെ പേരോ ഫോൺ നമ്പറോ മേൽവിലാസമോ എഴുതാൻ പാടില്ല. മത്സരങ്ങളിൽ പങ്കെടുക്കുന്നവർ അവരുടെ പേര്, വയസ്സ്, ഫോൺ നമ്പർ, വിലാസം, ഇമെയിൽ, സബ്‌ജൂനിയർ/ജൂനിയർ/സീനിയർ എന്നീ വിവരങ്ങൾ പ്രത്യേകമായി ടൈപ്പ് ചെയ്തോ, വ്യക്തമായി എഴുതിയോ ഒരു കവർ പേജായി നിർബന്ധമായും അയക്കേണ്ടതാണ്. എല്ലാ വിഭാഗങ്ങളിലുമുള്ള മത്സര ഇനങ്ങളിലെ രചനകൾ [email protected] എന്ന ഇമെയിൽ വിലാസത്തിൽ 15/11/2017 നു മുമ്പായി ലഭിച്ചിരിക്കേണ്ടതാണ്. നിഷ്പക്ഷരും പ്രഗത്ഭരുമായ വിധികർത്താക്കൾ നടത്തുന്ന വിധി നിർണ്ണയം അന്തിമമായിരിക്കും.

സാഹിത്യമത്സരങ്ങൾക്കു അയക്കുന്ന രചനകളിൽ നിന്നും സമ്മാനാർഹമായവയും അനുയോജ്യമായവയും യുക്മ പ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധീകരിക്കുവാനുള്ള അവകാശം യുക്മ സാംസ്‌കാരിക വേദിയിൽ നിക്ഷിപ്തമാണ്. യുക്മ സാഹിത്യവിഭാഗം സാരഥികളായ ജേക്കബ് കോയിപ്പള്ളി , മാത്യു ഡൊമിനിക്., കുര്യൻ ജോർജ്, ആശ മാത്യു, അനസുദ്ദീൻ അസീസ് എന്നിവർ സാഹിത്യമത്സരങ്ങളുടെ മേൽനോട്ടം വഹിക്കുന്നതാണ്.

യശ്ശശരീരനായ പദ്മഭൂഷൺ കാവാലം നാരായണപ്പണിക്കരുടെ നേതൃത്വത്തിൽ പ്രശസ്ത സാഹിത്യ പ്രതിഭകളായ ശ്രീ പി ജെ ജെ ആന്റണി, ശ്രീ ജോസഫ് അതിരുങ്കൽ, ഡോ. ജോസഫ് കോയിപ്പള്ളി, ശ്രീമതി മീര കമല എന്നിവർ വിധി നിർണ്ണയം നടത്തിയ യുക്മ സാംസ്‌കാരിക വേദി കഴിഞ്ഞ തവണ സംഘടിപ്പിച്ച സാഹിത്യ മത്സരങ്ങൾക്ക് എല്ലാ വിഭാഗങ്ങളിലും നിന്ന് ആവേശകരമായ പ്രതികരണമായിരുന്നു ലഭിച്ചത്. ഇത്തവണയും വിധി നിർണയം നടത്തുവാൻ പ്രമുഖ സാഹിത്യ പ്രതിഭകളെയാണ് തെരഞ്ഞെടുക്കുന്നത്.

യുകെയിൽ വളർന്നു വരുന്ന കുട്ടികൾ, വിദ്യാർത്ഥികൾ, യുവജനങ്ങൾ, മുതിർന്നവർ എന്നിവരുടെ ഇടയിലെ നൈസർഗികമായ സാഹിത്യാഭിരുചികളും സർഗ്ഗാത്മകതയുമുള്ള പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹനം നൽകുവാനുള്ള ഉദ്ദേശത്തോടെ യുക്മ സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന സാഹിത്യ മത്സരങ്ങളിൽ എല്ലാവരും സജീവമായി പങ്കെടുത്തും മറ്റുള്ളവരെ പ്രേരിപ്പിച്ചും ഈ സംരംഭം വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ്, ജനറൽ സെക്രട്ടറി റോജിമോൻ വർഗീസ്, സാംസ്‌കാരിക വേദി കോഓർഡിനേറ്റർ തമ്പി ജോസ്, വൈസ് ചെയർമാൻ സി എ ജോസഫ് , ജനറൽ കൺവീനർമാരായ മനോജ്‌കുമാർ പിള്ള, ഡോ. സിബി വേകത്താനം എന്നിവർ അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:

മനോജ്‌കുമാർ പിള്ള (07960357679), ഡോ. സിബി വേകത്താനം (07903748605), ജേക്കബ് കോയിപ്പള്ളി (07402935193), മാത്യു ഡൊമിനിക് (07780927397), കുര്യൻ ജോർജ് (07877348602) എന്നിവരെയോ മറ്റു യുക്മ സാംസ്‌കാരിക വേദി ഭാരവാഹികളെയോ ബന്ധപ്പെടാവുന്നതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more