1 GBP = 106.31

എഴുത്തിന്റെ വഴിത്താരയില്‍ രക്തസാക്ഷിയായ ഗൗരീ ലങ്കേഷിനെ ആദരിച്ചുകൊണ്ട് ‘ജ്വാല’ സെപ്തംബര്‍ ലക്കം പ്രസിദ്ധീകരിച്ചു

എഴുത്തിന്റെ വഴിത്താരയില്‍ രക്തസാക്ഷിയായ ഗൗരീ ലങ്കേഷിനെ ആദരിച്ചുകൊണ്ട് ‘ജ്വാല’ സെപ്തംബര്‍ ലക്കം പ്രസിദ്ധീകരിച്ചു

വര്‍ഗീസ് ഡാനിയേല്‍ (യുക്മ പി ആര്‍ ഒ)

ലോക പ്രവാസി മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയമായ ‘ജ്വാല’ ഇ-മാഗസിന്‍ സെപ്റ്റംബര്‍ ലക്കം പുറത്തിറങ്ങി. പതിവുപോലെ തന്നെ കരുത്തുറ്റ സാമൂഹ്യ പ്രമേയം ചര്‍ച്ചചെയ്യുന്നതായി ഇതവണത്തേയും എഡിറ്റോറിയല്‍. കേരളത്തിന്റെ സാമൂഹ്യ ജീവിതത്തിലെ കലുഷിതമായ അന്തരീക്ഷത്തെ തുറന്നുകാട്ടുന്ന എഡിറ്റോറിയലില്‍ അധികാരവര്‍ഗ്ഗത്തിന്റെ അഴിമതിയും സ്വജനപക്ഷപാതവും വിലക്കയറ്റവും പുതിയ നികുതിഭാരവും എല്ലാം ഓണത്തിനു ജനങ്ങള്‍ക്ക് ലഭിച്ച അസ്വാരസ്യങ്ങള്‍ ആണെന്നും ഇതു ലജ്ജകരം ആണെന്നും അര്‍ത്ഥശങ്കക്കിടയില്ലാതവണ്ണം റെജി നന്തിക്കാട് വിലയിരുത്തുന്നു.

ഈ ലക്കത്തിലെ കവര്‍ സ്റ്റോറി ഇടുക്കി ഡാമിനെ പറ്റിയാണ്. ബഷീര്‍ വള്ളിക്കുന്നിന്റെ ‘ഇടുക്കി ഡാമിന്റെ വിസ്മയകാഴ്ചകളിലേക്ക്’ എന്ന യാത്രാനുഭവം പ്രവാസി വായനക്കാര്‍ക്ക് പ്രത്യേകിച്ചു ഇടുക്കി ജില്ലക്കു പുറത്തുള്ളവര്‍ക്ക് ഒരു പക്ഷെ ഒരു പുതിയ അറിവായിരിക്കാം. തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു വിനോദ സഞ്ചാര മേഖലയായിട്ടാണു ലേഖകന്‍ ഈ സ്ഥലത്തെ അവതരിപ്പിക്കുന്നത്. വര്‍ഷത്തില്‍ രണ്ടുപ്രാവശ്യം മാത്രം സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കുന്ന ഇടുക്കി ഡാം നേരില്‍ കാണുവാനുള്ള പ്രേരണ നല്‍കുന്നതാണു ഈ യാത്രാവിവരണം.

സുഖത്തിലും ദുഃഖം തിരയുന്ന ‘സ്വയം ശപിക്കുന്ന മലയാളി’യുടെ മുഖത്തെ വരച്ചുകാട്ടുന്ന രാജന്‍ കിണറ്റിങ്കരയുടെ ലേഖനം മലയാളിയുടെ കാപട്യമാര്‍ന്ന സ്വഭാവത്തിന്റെ നേര്‍ച്ചിത്രം തന്നെയാണ്. എന്തിനും ഏതിനും കുറ്റം കണ്ടുപിടിക്കുന്ന നാമോരോരുത്തര്‍ക്കുമുള്ള വികൃതമായ മാനസീക രോഗത്തിനുള്ള ചികില്‍സകൂടിയാണിത് എന്നു പറയാതെവയ്യാ.

‘ദി മിനിസ്ട്രീസ് ഓഫ് ഹാപിനെസ്സ്’ എന്ന നോവലിന്റെ പണിപ്പുരയില്‍ 10 വര്‍ഷത്തോളം എടുത്ത അരുന്ധതി റോയി, ജീവിതാനുഭവങ്ങളില്‍ നിന്നും കുറിച്ചുവച്ചവയെ കൂട്ടിചേര്‍ത്താണു തന്റെ രണ്ടാമത്തെ നോവല്‍ എന്നു വെളിപ്പെടുത്തുന്നു. 37 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയ ‘ഗോഡ് ഓഫ് സ്മാള്‍ തിങ്ങ്‌സ്’ എല്ലാ പേജുകളും തനിക്ക് കാണാപാഠമാണു എന്നുപറയുമ്പോള്‍ മനുഷ്യനെ, സഹജീവിയെ തൊട്ടറിഞ്ഞ ഒരു എഴുത്തുകാരിയെ നമ്മള്‍ക്കു പരിചയപ്പെടുത്തുന്നു ഇസാക്ക് ചോട്ടിനാര്‍ തയ്യാറാക്കിയ ‘എനിക്കൊട്ടും തിരക്കില്ലായിരുന്നു’ എന്ന അഭിമുഖത്തിലൂടെ.

സ്മരണകളിലൂടെ എന്ന പംക്തിയില്‍, സഹജീവനക്കാരന്റെ മരണത്തില്‍ തൊഴില്‍ സ്ഥാപനം അടച്ചിടാത്തതില്‍ നടത്തിയ ഒറ്റയാള്‍ പ്രതിഷേധത്തെപറ്റി ജോര്‍ജ്ജ് അറങ്ങാശ്ശേരില്‍ എഴുതുന്നു ‘ഹുസൈന്‍’. ശ്രീനി ബാലുശ്ശേരിയുടെ ഹൃദയസ്പര്‍ശ്ശിയായ കഥ ‘ഭവാനി ഹോട്ടല്‍’ വായനക്കാരന്റെ കണ്ണുകളെ ഈറനണിയിക്കും എന്നതില്‍ തര്‍ക്കമില്ല. നാഷിഫ് അലിയിമാന്‍ തയ്യറാക്കിയ ജീവിതം എന്ന പംക്തിയില്‍ എന്‍ ശശിധരന്റെ ‘വായിച്ചുതീര്‍ക്കാന്‍ മാത്രം ഒരു ജന്മം കൂടി’ എന്ന ലേഖനം പുസ്തകവയനക്കാരില്‍ അത്ഭുതമുളവക്കുന്നതാണു. ആറാം വയസ്സില്‍ 350 ല്‍ പരം പുസ്തകങ്ങള്‍ വായിച്ചുതീര്‍ത്ത കഥാകാരന്‍ ഒരുപക്ഷെ പ്രവാസിവായനക്കാര്‍ക്കു അപരിചിതനായിരിക്കാം.

കൂടാതെ, നാനാത്വത്തില്‍ ഏകത്വം പുലര്‍ത്തുന്ന ഇന്‍ഡ്യയുടെ ഐക്യതയുടെ വര്‍ണ്ണനനിറഞ്ഞ കവിത ശബ്‌നം സിദ്ധിഖി യുടെ ‘ഉയരുക ഭാരതമെ’, രാഹുല്‍ കോട്ടപ്പുറത്തിന്റെ കവിത ‘നില്‍പ്പ്’, വിശാല്‍ റോയിയുടെ കവിത ‘ഭാര്യ’, വിജയശ്രീ മധുവിന്റെ ‘അനാഥ ബാല്യം’, ബാബു ആലപ്പുഴയുടെ നര്‍മ്മം ‘വധുവിനെ കാണാനില്ല’, സിപ്പി പള്ളിപ്പുറം എഴൂതിയ കവിത ‘ പനിനീര്‍പ്പുവിന്റെ കൂട്ടുകാരന്‍’, എന്നിവയും യൂത്ത് കോര്‍ണ്ണറില്‍ മലയാളിയായ ആംഗലേയ കവിയും ഗാനരചയിതാവും ഗിത്താറിസ്റ്റുമായ ജീത്ത് തയ്യിലുമായുള്ള ഇന്റര്‍വ്യൂവും ഉള്‍പ്പെടുത്തിയിരിക്കുന്നു. പേനതുമ്പിന്റെ ശക്തിക്ക് മുന്നില്‍ ഭയന്ന രാജ്യ ദ്രോഹികളുടെ വെടിയുണ്ടകള്‍ക്ക് മുന്നില്‍ ജീവന്‍ പൊലിഞ്ഞ മുതിര്‍ന്ന പത്രപ്രവര്‍ത്തകയായ ഗൗരീ ലങ്കേഷിനെ ആദരിച്ചുകൊണ്ടാണു ജ്വാല ഈ ലക്കം പുറത്തിറക്കിയിരിക്കുന്നത്.

വിശദമായ വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more