സജീഷ് ടോം, (യുക്മ പി.ആര്.ഒ.)
യു.കെ. മലയാളികളുടെ ദേശീയോത്സവം എന്ന് വിശേഷിപ്പിക്കാവുന്ന യുക്മ ദേശീയ കലാമേളയുടെ പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയായി എല്ലാ റീജിയണല്‍ കമ്മറ്റികളും ഈ വര്‍ഷത്തെ റീജിയണല്‍ കലാമേളകളുടെ തീയതിയും സ്ഥലങ്ങളും പ്രഖ്യാപിച്ചു കഴിഞ്ഞു. യുക്മയുടെ ചരിത്രത്തില്‍ ആദ്യമായി നോര്‍ത്ത് ഈസ്റ്റ് റീജിയണിലും ഈ വര്‍ഷം കലാമേള സംഘടിപ്പിക്കപ്പെടും.
ഏഴ് റീജിയണുകളും തങ്ങളുടെ കലാമേളകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കെ ഒക്റ്റോബര്‍ ആദ്യശനിയാഴ്ച വീണ്ടും ശ്രദ്ധാകേന്ദ്രമാകുകയാണ്. നാല് റീജിയണുകളാണ് ഒക്റ്റോബര്‍ 7 ശനിയാഴ്ച റീജിയണല്‍ കലാമേളകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2015 ലാണ് ഇതുപോലെ നാല് റീജിയണല്‍ കലാമേളകള്‍ ഒരേദിവസം സംഘടിപ്പിക്കപ്പെട്ട ‘സൂപ്പര്‍ സാറ്റര്‍ഡേ’ ഉണ്ടായിട്ടുള്ളത്. ദേശീയ കലാമേളക്ക് മുന്‍പുതന്നെ രാജ്യത്തിന്റെ നാലുകോണുകളും മഞ്ജീരധ്വനിയാല് മുഖരിതമാകുന്ന ഒക്റ്റോബര്‍ 7 ന് ഈസ്റ്റ്ആംഗ്ലിയ, സൗത്ത് വെസ്റ്റ്, മിഡ്ലാന്‍ഡ്സ്, യോര്‍ക്ക് ഷെയര്‍ റീജിയണുകളിലാണ് കലാമേളകള്‍ അരങ്ങേറുന്നത്.
രഞ്ജിത്ത് കുമാറും ജോജോ തെരുവനും നയിക്കുന്ന ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ കലാമേള ബാസില്ഡണിലാണ് അരങ്ങേറുന്നത്. ബാസില്ഡണ് മലയാളി അസോസിയേഷന് ആതിഥേയത്വം വഹിക്കുന്ന കലാമേള ജെയിംസ് ഹോണ്‍സ്ബി സ്കൂളില്‍ നടക്കും. യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പിന്റെ റീജിയനായ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്ലാന്‍ഡ്സ് റീജിയണ്‍ കലാമേളയും ഒക്റ്റോബര്‍ ഏഴിന് തന്നെയാണ് നടക്കുന്നത് . ഡിക്സ് ജോര്‍ജ്, സന്തോഷ് തോമസ് എന്നിവര്‍ നേതൃത്വം നല്കുന്ന മിഡ്ലാന്‍ഡ്സ് റീജിയണ്‍ നിലവിലുള്ള ദേശീയ ചാമ്പ്യന്മാരാണ്.
പ്രസിഡന്റ് കിരണ്‍ സോളമന്, സെക്രട്ടറി ജസ്റ്റിന് എബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള യോര്‍ക്ക് ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജിയണല്‍ കലാമേളയ്ക്ക് കീത്ത്ലി അരങ്ങൊരുക്കുന്നു. കീത്ത്ലി മലയാളി അസോസിയേഷന്റെ ആതിഥേയത്വത്തില്‍ സംഘടിപ്പിക്കപ്പെടുന്ന റീജിയണല്‍ കലാമേള കീത്ത്ലി ഹോളി ഫാമിലി കാത്തലിക് സ്കൂളില്‍ നടക്കും. സൗത്ത് വെസ്റ്റ് റീജിയണ്‍ കലാമേളക്ക് ഈ വര്‍ഷം രണ്ട് അസോസിയേഷനുകള്‍ സംയുക്തമായാണ് ആതിഥേയത്വം വഹിക്കുന്നത്. വര്‍ഗീസ് ചെറിയാന്, എം.പി. പദ്മരാജ് എന്നിവര്‍ നേതൃത്വം നല്കുന്ന റീജിയണില്‍, റീജിയണല്‍ പ്രസിഡന്റിന്റെ അസ്സോസിയേഷനായ ഓക്സ്മാസ്സും, യുക്മയിലെ നവാഗതരായ ‘ഒരുമ’യും ചേര്‍ന്ന് കലാമേളയ്ക്ക് വേദിയൊരുക്കും. ദേശീയ കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരം ഈ വര്‍ഷത്തെ സൗത്ത് വെസ്റ്റ് കലാമേളയില്‍ വെയ്ല്‍സ് റീജിയണിലെ അംഗ അസോസിയേഷനുകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ക്ക് പങ്കെടുക്കുവാനുള്ള പ്രത്യേക അവസരം ഒരുക്കിയിട്ടുണ്ട്. വാലിംഗ്ഫോര്‍ഡ് സ്കൂളിലാണ് കലാമേള അരങ്ങേറുന്നത്.
ഒക്റ്റോബര്‍ 14 ശനിയാഴ്ച രണ്ട് റീജിയണുകളിലാണ് കലാമേള അരങ്ങേറുന്നത്. ഷീജോ വര്‍ഗീസ്, തങ്കച്ചന് എബ്രഹാം എന്നിവര്‍ നയിക്കുന്ന നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേള ലിവര്‍പൂളിലെ പ്രഗത്ഭരായ ലിംകയുടെ ആതിഥേയത്വത്തില്‍ ബ്രോഡ് ഗ്രീന്‍ സ്കൂളില്‍ നടക്കും. അന്നേദിവസം തന്നെ സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേളയും അരങ്ങേറുന്നു. ലാലു ആന്റണി, അജിത് വെണ്മണി എന്നിവരുടെ നേതൃത്വത്തിലുള്ള സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേള, യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസിന്റെ അസ്സോസിയേഷനായ റിഥം മലയാളി അസോസിയേഷന് ഓഫ് ഹോര്‍ഷത്തിന്റെ ആതിഥേയത്വത്തില്‍ കോളേജ് ഓഫ് റിച്ചാര്‍ഡ് കൊല്ലയേര്സില് നടക്കും.
റീജിയണല്‍ കലാമേളകളുടെ സമാപന ദിവസമായ ഒക്റ്റോബര്‍ 22 ന് നോര്‍ത്ത് ഈസ്റ്റ് റീജിയണല്‍ കലാമേള നടക്കും. നോര്‍ത്ത് ഈസ്റ്റ് റീജിയന്റെ പ്രഥമ കലാമേളക്കാണ് തിരശീല ഉയരുന്നത് എന്ന പ്രത്യേകത കൂടി ഈ കലാമേളയ്ക്ക് സ്വന്തം. യുക്മയിലെ പുതിയ അംഗമായ മലയാളി അസോസിയേഷന് ഓഫ് നോര്‍ത്ത് ഈസ്റ്റ് (മാന്‍) നേതൃത്വം നല്കുന്ന റീജിയണല്‍ കലാമേളയുടെ വിജയത്തിനായി ഷെല്ലി ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള സംഘാടക സമിതി തകൃതിയായ മുന്നൊരുക്കങ്ങളുമായി സജീവമായിക്കഴിഞ്ഞു. ന്യൂകാസിലിലെ യൂണിയന് ജാക്ക് ഹാളിലാണ് കലാമേള അരങ്ങേറുന്നത്.
സപ്തവര്‍ണ്ണങ്ങള്‍ പീലിവിടര്ത്തിയാടുന്നപോലെ ഏഴ് കരുത്തരായ റീജിയണുകളില്‍ യുക്മ കലാമേളകളുടെ ചിലമ്പൊലി ഉയരുമ്പോള്‍, ഒക്റ്റോബര്‍ 28 ന് നടക്കുന്ന ദേശീയ കലാമേളയില്‍ മാറ്റുരക്കാനെത്തുന്ന കലാകാരന്മാരും കലാകാരികളും ആരെന്ന ചോദ്യത്തിന് ഉത്തരമാകും. യുക്മ ദേശീയ നേതാക്കളായ മാമ്മന്‍ ഫിലിപ്പ്, റോജിമോന്‍ വര്‍ഗീസ്, അലക്സ് വര്‍ഗീസ്, സുജു ജോസഫ്, ഡോക്ടര്‍ ദീപ ജേക്കബ്, ഓസ്റ്റിന്‍ അഗസ്റ്റിന്, സിന്ധു ഉണ്ണി, ജയകുമാര്‍ നായര്‍, വിവിധ റീജിയനുകളില്‍ നിന്നുള്ള നാഷണല്‍ എക്സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് ദേശീയ തലത്തില്‍ കലാമേളക്കായി നടന്നു വരുന്നത്. ലോക മലയാളി പ്രവാസികള്‍ക്കിടയിലെ ഏറ്റവും വലിയ ഈ കലാമാമാങ്കത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.
click on malayalam character to switch languages