1 GBP = 106.31

റഗ്ബിയിലെ മഴമേഘങ്ങള്‍ പെയ്യാന്‍ മറന്ന പകല്‍…

റഗ്ബിയിലെ മഴമേഘങ്ങള്‍ പെയ്യാന്‍ മറന്ന പകല്‍…

എം. ഡൊമിനിക്

2017 ജൂലൈ 29, ശനിയാഴ്ച. റഗ്ബിയില്‍ മെല്ലെ വിടരുന്ന ഒരു നനുത്ത പ്രഭാതം. സൂര്യകിരണങ്ങള്‍ കുഞ്ഞു മേഘങ്ങള്‍ക്കിടയിലൂടെ ഒളിഞ്ഞും തെളിഞ്ഞും പ്രകൃതിയെ മെല്ലെ തഴുകിക്കൊണ്ടിരുന്നു. ഡ്രേക്കോട്ട് തടാകത്തിന്റെ പുല്‍തകിടികളിലെ പുല്‍ നാമ്പുകളില്‍ ശേഷിച്ച മഞ്ഞിന്‍ കണികകള്‍ സൂര്യരശ്മിയില്‍ വജ്രകാന്തിയണിഞ്ഞു. പരിസരത്തെ മരച്ചില്ലകളില്‍ കണ്‍ ചിമ്മി ഉണര്‍ന്ന പറവകള്‍ മെല്ലെ ഒഴുകിയെത്തിയ ജനപ്രവാഹത്തെ കളകൂജനങ്ങളാല്‍ സ്വാഗതം ചെയ്തു. ഇളംകാറ്റ് തഴുകിത്തലോടുന്ന ഡ്രേക്കോട്ട് തടാകത്തിലെ ജലവിതാനം ഒരു ജനതയുടെ വള്ളംകളി ആവേശത്തെ പുല്‍കാന്‍ ഒരുങ്ങി നിന്നു.

യുകെ മലയാളി മനസ്സില്‍ കൊണ്ടു നടന്ന ഒരു വള്ളംകളി. അതും ആദ്യമായി ഒരു വിദേശ മണ്ണില്‍. ആ മഹാസംഭവം അന്ന് ഡ്രേക്കോട്ട് തടാകത്തില്‍ യാഥാര്‍ത്ഥ്യമാവുകയാണ്. എങ്ങും ഉത്സാഹം ഉള്ളില്‍ നിറച്ച ജനക്കൂട്ടം. ആ കണ്ണുകളിലെല്ലാം തിളങ്ങി നിന്നത് അന്ന് അരങ്ങു വാഴാന്‍ പോകുന്ന ചുണ്ടന്‍വള്ളങ്ങളുടെ മനോഹര രൂപങ്ങള്‍.

തടാകത്തോട് ചേര്‍ന്ന് മൈതാനത്തു കള്‍ച്ചറല്‍ പരിപാടികള്‍ക്കായി പ്രൗഢഗംഭീരമായ ഒരു സ്റ്റേജും തയ്യാറാക്കിയിരിക്കുന്നു. അതിനടുത്ത് നീലഗിരി കണ്ണന്‍ എന്ന കുട്ടിക്കൊമ്പന്‍ തല ഉയര്‍ത്തി നില്‍ക്കുന്നു., എങ്ങും ഉത്സാഹം വിതറിക്കൊണ്ട് അവന്‍ വാലാട്ടുകയും ചെവിവട്ടം പിടിക്കുകയും തുമ്പിക്കൈ ഉയര്‍ത്തുകയും ഒക്കെ ചെയ്യുന്നുണ്ട്. കണ്ണന്‍ എന്ന പേരില്‍ ഇലക്ട്രോ മെക്കാനിക്കല്‍ ബുദ്ധിയില്‍ ജനിച്ച ഒരു കൊമ്പനാന. ഈ നീലഗിരി കൊമ്പനെ കണ്ടപ്പോള്‍ ഗുരുവായൂര്‍പത്മനാഭനെ പോലെ, പാമ്പാടി രാജനെ പോലെ യുകെ മലയാളി സമൂഹത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ‘യുക്മ’ എന്ന ലക്ഷണമൊത്ത കൊമ്പനാണ് മനസിലേക്ക് വന്നത്.

യുകെ മലയാളികളുടെ അഭിമാനമായ ‘യുക്മ’ എന്ന ഈ ഗജരാജന്‍ മസ്തകം കുലുക്കുന്നതും, ചെവികള്‍ ആട്ടുന്നതും തുമ്പിക്കൈ ഉയര്‍ത്തി ചിന്നം വിളിക്കുന്നതും അതിന്റെ ഉള്ളില്‍ ഇരുന്നു വിദഗ്ധമായി അതിനെ പ്രവര്‍ത്തിപ്പിക്കുന്ന ഒരു പറ്റം പ്രഗത്ഭമതികളുടെ കൈവിരുതല്ലേ. അവരുടെ താളം തെറ്റാതെയുള്ള കൂട്ടുപ്രവര്‍ത്തനമാണ് അവന്റെ ചാലകശക്തി. അത് അങ്ങിനെ തന്നെ അഭംഗുരം തുടരട്ടെ.
വള്ളംകളി മത്സരത്തിനായി തീപ്പൊരി മത്സരം ഉള്ളില്‍ നിറച്ച് 22 ടീമിന്റെ അംഗങ്ങളും അതാ വന്നു കഴിഞ്ഞു. അവരെല്ലാം താന്താങ്ങളുടെ മിന്നുന്ന ജേഴ്സികളണിഞ്ഞു ആവേശഭേരി മുഴക്കുന്നു. മാസങ്ങളായി മത്സര വീര്യത്തിനായി പെരുപ്പിച്ച മസിലുകള്‍ ഉയര്‍ത്തി എങ്ങും ‘ആര്‍പ്പോ, ഇര്‍റോ’ വിളികള്‍ മുഴക്കി.

തദ്ദേശത്തെയും വിദേശത്തെയും വിശിഷ്ടാതിഥികള്‍ സാക്ഷിയായി വള്ളംകളി കാര്‍ണിവലിന്റെ ഉത്ഘാടനമായി. തുടര്‍ന്ന് കൊട്ടിക്കയറിയ ചെണ്ടമേളം കാണികളുടെ ഉത്സാഹത്തെ ഉച്ചസ്ഥായിയിലെത്തിച്ചു.
പിന്നെ ജലരാജാക്കന്മാരുടെ ശക്തി മാറ്റുരയ്ക്കുന്ന കാഴ്ചയായി. യുകെയുടെ എല്ലാ ദേശത്ത് നിന്നും കുട്ടനാടിന്റെ അഭിമാനം കാത്ത ചുണ്ടന്‍വള്ളങ്ങളുടെ പേരില്‍ വള്ളമിറക്കിയ മലയാളത്തിന്റെ കൈക്കരുത്ത് ഡ്രേക്കോട്ടില്‍ തുഴയെറിഞ്ഞു. മത്സരത്തിന് സാക്ഷിയായ ഡ്രേക്കോട്ട് കരയിലെ മണ്‍ത്തരികള്‍ ഈ പകല്‍പ്പൂരം കണ്ട് പുളകിതരായി. വാനവീഥികളില്‍ നിരന്ന മഴമേഘങ്ങളും ഇടയ്ക്കിടെ തെളിഞ്ഞ ഇളംവെയിലും ഈ മാമാങ്കം കണ്ട് മതിമറന്നു.

ഫൈനല്‍ റൗണ്ടില്‍ തുഴയെറിഞ്ഞു ജലപരപ്പില്‍ പറന്നു നീങ്ങിയ കടല്‍പക്ഷി കണക്കെ വൂസ്റ്ററിന്റെ ചുണക്കുട്ടികള്‍ ഒന്നാം സ്ഥാനത്തെത്തി മനോഹരമായി ട്രോഫിയില്‍ മുത്തമിട്ടു. രണ്ടും മൂന്നും സ്ഥാനത്തെത്തിയവരും ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടെന്ന് തെളിയിച്ചു. മത്സരത്തിനിടയില്‍ ഉടനീളം ഉയര്‍ന്ന് കേട്ട റണ്ണിങ് കമന്ററി കാണികളുടെ ആവേശം എവറസ്റ്റോളം ഉയര്‍ത്തി. മലയാളികള്‍ ഇതിനോടകം സ്വന്തമാക്കിയ ഗര്‍ഷോം ടിവി ഓരോ ചലനങ്ങളും നിരന്തരം തന്റെ ക്യാമറാക്കണ്ണിലൂടെ ഈ മഹാമേളയെ ആസ്വദിച്ചു കൊണ്ടിരുന്നു.

പ്രഭാതം മുതല്‍ ഏതു നേരവും തിമിര്‍ത്തു പെയ്യാന്‍ കാത്തുനിന്ന മഴമേഘങ്ങള്‍ ഈ വള്ളംകളി കാര്‍ണിവല്‍ കണ്ട് അരങ്ങ് മറന്നു പെയ്യാന്‍ മറന്നു പോയി. ഡെര്‍ബിയുടെ ഹരിതഭൂമി തീര്‍ച്ചയായും ഈ മേഘങ്ങള്‍ക്ക് മാപ്പ് കൊടുത്തിട്ടുണ്ടാവും. ‘ഒത്തു പിടിച്ചാല്‍ മലയും പോരും’ എന്ന മലയാള പഴഞ്ചൊല്ലിന്റെ അര്‍ത്ഥം അങ്ങനെ വാറിക്ഷയര്‍ കൗണ്ടിക്കും മനസിലായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more