കൊച്ചി: യുവനടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന കേസില്‍ അറസ്റ്റിലായ നടന് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി അന്വേഷണ സംഘത്തിന് മുന്‍പാകെ ചോദ്യം ചെയ്യലിനായി ഹാജരായി. ആലുവ പൊലീസ് ക്ലബിലാണ് അപ്പുണ്ണി ചോദ്യം ചെയ്യലിനായി ഹാജരായത്. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയെപ്പറ്റി അപ്പുണ്ണി എന്ത് പറയുമെന്നതാകും, ഇനിയുള്ള അന്വേഷണത്തില്‍ ഏറെ നിര്‍ണായകമാകുക.
കേസില്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെയാണ് അപ്പുണ്ണി ഒളിവില്‍ പോയത്. കഴിഞ്ഞ രണ്ടാഴ്ചയായി ഒളിവിലായിരുന്ന അപ്പുണ്ണി ഇതിനിടെ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ തിങ്കളാഴ്ച ഹാജരാകാനും കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു.ദിലീപിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനെന്നറിയപ്പെടുന്ന അപ്പുണ്ണിക്ക് നടിയെ ആക്രമിച്ച സംഭവത്തെപ്പറ്റി നിര്‍ണായക വിവരങ്ങള്‍ അറിയാമെന്നാണ് പൊലീസ് നിഗമനം. ഗൂഢാലോചനയില്‍ പങ്കുണ്ടെന്നതിന്റെ തെളിവുകള്‍ ലഭിച്ചാല്‍ അപ്പുണ്ണിയേയും കേസില്‍ പ്രതിചേര്‍ക്കും.
സംശയകരമായ കാര്യങ്ങളെ കുറിച്ച് അപ്പുണ്ണിയില്‍ നിന്ന് വിവരം തേടേണ്ടതുണ്ടെന്നാണ് പൊലീസ് പ്രോസിക്യൂഷന് മുഖേന കോടതിയെ അറിയിച്ചിരിക്കുന്നത് അപ്പുണ്ണിയെ ഗൂഢാലോചന കേസില്‍ പ്രതിചേര്‍ത്തിട്ടില്ലെങ്കിലും ചോദ്യം ചെയ്യിന് ശേഷം നിയമാനുസൃത നടപടിയുണ്ടായേക്കാം. മുഖ്യ പ്രതി സുനില്‍കുമാര്‍ ജയിലില്‍ നിന്ന് അപ്പുണ്ണിയുടെ ഫോണിലേക്ക് വിളിച്ചതിന് തെളിവുകളുണ്ട്. ഈ സമയത്തെല്ലാം ദീലീപും അപ്പുണ്ണിയും ഒരേ ടവറിന് കീഴിലായിരുന്നുവെന്നും പൊലീസ് പറയുന്നു.
അപ്പുണ്ണിയുടെ ഫോണില്‍ വിളിച്ച് ദിലീപുമായി സംസാരിക്കാറുണ്ടായിരുന്നുവെന്ന് ചില സിനിമാ പ്രവര്‍ത്തകര്‍ മൊഴി നല്‍കിയിട്ടുണ്ട്.
സുനില്‍ കുമാര്‍ ജയിലില്‍ വച്ച് എഴുതിയ കത്ത് ദിലീപിന് കൈമാറാന്‍ സുനിലിന്റെ സഹതടവുകാരന് വിഷ്ണു ഫോണില്‍ ബന്ധപ്പെട്ടത് അപ്പുണ്ണിയെയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച തെളിവുകള്‍. കത്ത് കൈപ്പറ്റാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് കത്തിന്റെ ചിത്രം വാട്സ്ആപ്പ് ചെയ്തുകൊടുത്തത്. ഇത് സംബന്ധിച്ചും പൊലീസിന് വിവരം ശേഖരിക്കേണ്ടതുണ്ട്. ഒപ്പം ദീലീപിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും അന്വേഷണസംഘം വിവരം ശേഖരിക്കും.
അപ്പുണ്ണി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും, ദീലിപിനിത് നിര്‍ണ്ണായക ദിവസം
click on malayalam character to switch languages