1 GBP = 106.56
breaking news

പ്രാദേശിക സംഗമങ്ങള്‍ ഗുണകരമോ?

പ്രാദേശിക സംഗമങ്ങള്‍ ഗുണകരമോ?

എം. ഡൊമിനിക്

ഇന്ത്യയിലുള്ള മറ്റേതൊരു സമൂഹത്തെക്കാളും മലയാളികള്‍ അദ്ധ്വാനശീലരും അന്വേഷണകുതുകികളുമാണ്. അത് കൊണ്ട് അവന് സഹ്യന്റെയും അറബിക്കടലിന്റെയും അതിരുകള്‍ കടന്നു മറുനാടുകളിലേക്കും വിദേശനാടുകളിലേക്കും ചേക്കേറുവാനുള്ള ത്വര ഉണ്ടായി. ഇതിന് ചരിത്രം തന്നെ സാക്ഷ്യം.

ആദ്യകാലങ്ങളില്‍ അത് കേരളത്തിനുള്ളില്‍ തന്നെ, പ്രധാനമായി മധ്യതിരുവിതാകൂറില്‍ നിന്നും മലബാറിലേക്കും ഹൈറേഞ്ചിലേക്കുമുള്ള പറിച്ചു നടല്‍ ആയിരുന്നു. പിന്നെ വടക്കേ ഇന്ത്യ, തമിഴ്നാട് എന്നിവടങ്ങളിലേക്ക് ജോലി തേടിയുള്ള പ്രവാഹമായി. കൂട്ടത്തില്‍ ചിലര്‍ സിലോണ്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും എത്തപ്പെട്ടു.

1960 അവസാനത്തോടെ അറബി നാടുകളിലേക്കുള്ള മലയാളികളുടെ ഒഴുക്ക് തുടങ്ങി. പിന്നീട് അമേരിക്കയും ഇപ്പോള്‍ യൂറോപ്പും മലയാളികളുടെ കാല്‍ ചുവട്ടിലായി. ചെന്നുപെടുന്ന ദേശങ്ങളിലെല്ലാം നമ്മുടെ മലയാളികള്‍ പരസ്പരം കാണുന്നതിനും നാടിനെ കുറിച്ച് സ്മരിക്കുന്നതിനുമുള്ള അരങ്ങുകള്‍ തീര്‍ത്ത്. അങ്ങിനെയാണ് മലയാളിയുള്ള അന്യ നാടുകളിലെല്ലാം മലയാളി സമാജങ്ങള്‍ ഉണ്ടായത്. ഈ സമാജങ്ങള്‍ മറുനാടന്‍ മലയാളിയുടെ ഗൃഹാതുരത്വത്തെയും സര്‍ഗ്ഗ ചേതനകളെയും ഉണര്‍ത്തുന്ന കളരികളായി. പലതും ഇന്നും നന്നായി പ്രവര്‍ത്തിച്ചു പോരുന്നു.

കാലത്തിന്റെ ഒഴുക്കില്‍ ഇപ്പോള്‍ നാം ഒരു പടി കൂടി മുന്നില്‍ കടന്നിരിക്കുന്നു. മലയാളികള്‍, മലയാളി സമാജം അല്ലെങ്കില്‍ മലയാളി അസോസിയേഷന്‍ എന്നിവയ്ക്കും അപ്പുറം ‘ ആ സംഗമം, ഈ സംഗമം, മറ്റേ സംഗമം എന്ന നിലയില്‍ പ്രാദേശികമായ ഒരു കൂട്ടമാകുവാന്‍ ഉള്ള ഒരു പ്രവണത വളര്‍ന്നു വരുന്നതായി കാണുന്നു. ഇത് പ്രോത്സാഹകജനകമായ ഒരു പ്രവണതയാണോ? ഇത്തരം സംഗമങ്ങള്‍ മലയാളി എന്ന സമൂഹത്തിന് ഗുണമോ ദോഷമോ? എന്താണ് ഈ സംഗമ പ്രവണതക്ക് കാരണങ്ങള്‍? ഇതൊക്കെ ചിന്തിക്കേണ്ട സമയമായി എന്ന് തോന്നുന്നു. ഇത് ഇവിടെ മാത്രമല്ല മറ്റു പ്രവാസിസമൂഹങ്ങളിലും ഈ പ്രവണത കാണുന്നുണ്ട്.

യുകെയില്‍ എന്റെ അറിവില്‍ മലയാളികള്‍ക്ക് സംഘടിക്കുവാനും നമ്മുടെ ആഘോഷങ്ങള്‍ കൊണ്ടാടുവാനും എല്ലാ സ്ഥലങ്ങളിലും വേണ്ടത്ര മലയാളി അസോസിയേഷനുകളുണ്ട്. ഇവയോട് ഭൂരിപക്ഷം മലയാളികളും ബന്ധപ്പെട്ടിരിക്കുന്നതായും കാണുന്നു. അത് കൊണ്ട് അസോസിയേഷന്റെ അഭാവമല്ല സംഗമ പ്രവണതക്ക് കാരണമെന്ന് വേണം അനുമാനിക്കുവാന്‍. എന്നാല്‍ സമീപക്കാലത്ത് മലയാളികള്‍ക്ക് അസോസിയേഷനുകളോടുള്ള താല്പര്യം കുറഞ്ഞു വരുന്നതായും കാണുന്നുണ്ട്. തത്ഫലമായി അവയുടെ പ്രവര്‍ത്തനത്തിനുള്ള മന്ദീഭാവവും കാണുന്നുണ്ട്. ചില സംഘടനകള്‍ ഇതിന് അപവാദമാകാം. അസോസിയേഷനുകളോടുള്ള മടുപ്പില്‍ നിന്നാണോ ഈ സംഗമങ്ങളുടെ ഉത്ഭവം അല്ലെങ്കില്‍ സംഗമ പ്രസരം? കാലക്രമേണ അസോസിയേഷനുകളുടെ പ്രസക്തി തന്നെ ഈ സംഗമങ്ങള്‍ ഇല്ലാതാക്കുമോ?

പൊതുവെ തിരക്ക് പിടിച്ച ജീവിതരീതിയാണ് ഇവിടെ നിലവിലുള്ളത്. അതിനിടയില്‍കൂടെ വീട്ടുകാര്യങ്ങള്‍, മക്കളുടെ കാര്യങ്ങള്‍, ജോലിക്കാര്യങ്ങള്‍ എല്ലാം നോക്കിയിട്ടു വേണം നമുക്ക് സംഘടനാകാര്യങ്ങളില്‍ ഇടപെടാന്‍. ഇതിനിടയില്‍ വീണു കിട്ടുന്ന ചെറിയ സമയവും ഊര്‍ജവും സംഗമങ്ങള്‍ക്കായി പാഴായിപ്പോയാല്‍ മുഖ്യധാരയില്‍ പ്രവാസിമലയാളിയുടെ ജിഹ്വയായി പ്രവര്‍ത്തിക്കേണ്ട അസോസിയേഷന് വേണ്ടി പ്രവര്‍ത്തിക്കുവാന്‍ ആളുണ്ടാവുമോ ആവോ. ഈ സന്ദേഹത്തെ ഒരനാവശ്യ വേവലാതിയാണ് കാണുന്നവരുമുണ്ടാകാം. ഏതു കാര്യത്തിനും അനുകൂലമായും പ്രതികൂലമായും ചിന്തകള്‍ ഉണ്ടാകുന്നത് സാധാരണം തന്നെ. എന്നാല്‍ ഇതിനെ ചിന്താവിഷമാക്കേണ്ടതുണ്ട് എന്നാണ് എന്റെ പക്ഷം.
ലോകത്തിലുള്ള ഒട്ടുമിക്ക രാജ്യങ്ങളില്‍ നിന്നുമുള്ള ജനവിഭാഗം ഈ യുകെയില്‍ വസിക്കുന്നുണ്ട്. അവരെല്ലാം സമൂഹമെന്ന നിലയില്‍ അവരുടേതായ ഇടം നേടിയിരിക്കുന്നു. ഇവിടെ വൈകിവന്ന മലയാളിക്കും ഈ ഇടം നേടേണ്ടതുണ്ട്.

ഇപ്പോഴും ഒരു സമൂഹമെന്ന നിലയില്‍ നാം നിലയുറപ്പിച്ചു വരുന്നതേയുള്ളു ഇവിടെ. ഇത് സാധിക്കണമെങ്കില്‍ നാം മലയാളികള്‍, കോട്ടയംകാര്‍, തൃശൂര്‍കാര്‍, ഇടുക്കിക്കാര്‍ തുടങ്ങിയ പ്രാദേശിക ചിന്തകള്‍ വളര്‍ത്താന്‍ ഇടം കൊടുക്കാതെ ‘നാം മലയാളി’ എന്ന ഒറ്റ ബാനറിന്റെ കീഴില്‍ നമ്മുടെ ഊര്‍ജത്തെ ഒഴുക്കുകയും അതിനെ ബലപ്പെടുത്തുകയുമാണ് ചെയ്യേണ്ടത്. എന്താണ് ഈ ലേബലിന് നമ്മെ സംബന്ധിച്ച് ഇത്ര പ്രാധാന്യം? ഈ ബ്രിട്ടീഷ് സമൂഹത്തില്‍ നമുക്ക് എന്ത് തന്നെ നേടുവാന്‍ കഴിഞ്ഞാലും നമ്മുടെ വേരുകള്‍ മലയാള മണ്ണില്‍ എന്നത് തന്നെ. അതാണ് നമ്മുടെ പൈതൃകം. ഒരു പരിഷ്‌കൃത സമൂഹമെന്ന നിലയില്‍ നാം ആ പൈതൃകത്തിലാണ് ഊറ്റം കൊള്ളേണ്ടതും അതിനെ കെടാതെ സൂക്ഷിക്കേണ്ടതും ….

ലേഖകനായ ഡൊമിനിക് മാത്യു യുക്മ സാംസ്‌കാരികവേദി സാഹിത്യ വിഭാഗം അംഗമാണ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more