1 GBP = 108.33

ഫാന്‍സി സണ്ണിക്ക് യുകെ മലയാളികളുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി; സംസ്‌കാരം ശനിയാഴ്ച്ച കോഴിക്കോട് തോട്ടുമുക്കം സെന്റ് തോമസ് ദേവാലയത്തില്‍

ഫാന്‍സി സണ്ണിക്ക് യുകെ മലയാളികളുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി; സംസ്‌കാരം ശനിയാഴ്ച്ച കോഴിക്കോട് തോട്ടുമുക്കം സെന്റ് തോമസ് ദേവാലയത്തില്‍

വര്‍ഗീസ് ഡാനിയേല്‍

ഹഡര്‍സ്സ്ഫീല്‍ഡില്‍ നിര്യാതയായ മലയാളി നഴ്സ് ഫാന്‍സിയുടെ മൃതദേഹം ഇന്നലെ വൈകിട്ട് ആറുമണിക്ക് പൊതുദര്‍ശ്ശനത്തിനായി ലീഡ്സിലുള്ള സെന്റ് വില്‍ഫ്രഡ് ദേവാലയത്തില്‍ കൊണ്ടുവന്നപ്പോള്‍ അവസാനമായി ഒരുനോക്ക് കാണാന്‍ ലീഡ്സിലും പരിസരപ്രദേശങ്ങളിലുമുള്ള മലയാളി സമൂഹത്തേയും സഹപ്രവര്‍ത്തകരെയും കൊണ്ടു ദേവാലയം തിങ്ങി നിറഞ്ഞിരുന്നു.

ഒപ്പീസിനുശേഷം നടത്തിയ വിശുദ്ധ കുര്‍ബാനക്ക് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രധാന കാര്‍മ്മീകത്വം വഹിച്ചു. സീറോ മലബാര്‍ സഭയുടെ വികാരി ജനറല്‍ ഫ. മാത്യൂ ചൂരപൊയ്കയില്‍, ലീഡ്സ് ഇടവക വികാരി ഫാ. മാത്യൂ മുളയോലില്‍, ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ വൈദീകന്‍ ഫാ. ഹാപ്പി ജേക്കബ് എന്നിവര്‍ സഹകാര്‍മ്മീകരായിരുന്നു.

ഈ ലോകത്തില്‍ നിന്നുള്ള വിടവാങ്ങല്‍ സ്വര്‍ഗ്ഗത്തിലെ നിത്യ ജീവിതത്തിലേക്കുള്ള കാല്‍വെപ്പാണെന്നും അതു പൂര്‍ണ്ണമായി ഉള്‍കൊണ്ടുകൊണ്ടാണു ഫാന്‍സി ധൈര്യസമേതം സന്തോഷത്തോടെ മരണം പൂകിയത് എന്നും ഫാന്‍സി നമ്മുടെ സമൂഹത്തിനു ഒരു മാതൃകയാണെന്നും അഭിവന്ദ്യ പിതാവു തന്റെ അനുശോചന പ്രസംഗത്തില്‍ പറഞ്ഞു.


പഠനകാലത്ത് ഉയര്‍ന്ന മാര്‍ക്കുവാങ്ങി പാസ്സായ ഫാന്‍സിയുടെ വിദ്യാഭ്യാസകാലത്തെയും ഡല്‍ഹി, സൗദി അറേബ്യ, യുകെ മുതലായ സ്ഥലങ്ങളില്‍ ജോലി ചെയ്തു കൊണ്ട് കുടുംബത്തിനു എന്നും താങ്ങും തണലുമായിരുന്ന ചേച്ചിയാണു തങ്ങളെ കൈപിടിച്ചുയര്‍ത്തിയത് എന്നും എന്തിനെയും സധൈര്യം നേരിടുകയും മറ്റുള്ളവരോട് അനുകമ്പയും ദയയും കാണിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു എന്നും ഫാന്‍സിയുടെ സഹോദരി സൂസന്‍ അനുസ്മരിച്ചു.

‘എപ്പോഴും പുഞ്ചിരിക്കുന്ന അമ്മയെ നഷ്ടപ്പെട്ടു.’ അമ്മയില്‍ നിന്നും പകര്‍ന്നുകിട്ടിയ ധൈര്യം ഏറ്റുവാങ്ങി മകന്‍ അമല്‍ ഇതു പറയുമ്പോള്‍ സമൂഹത്തില്‍ അങ്ങിങ്ങു വിതുമ്പലുകള്‍ കേള്‍ക്കാമായിരുന്നു.

സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ ഫാന്‍സിക്ക് അന്തിമോപചാരം അര്‍പ്പിച്ചു. യുക്മ റീജിയണല്‍ പ്രസിഡന്റ് ശ്രീ കിരണ്‍ സോളമന്‍, നാഷണല്‍ കമ്മറ്റിയംഗം ശ്രീജിജോ ചുമ്മാര്‍, വൈസ് പ്രസിഡന്റ് ശ്രീമതി റീനാ മാത്യൂ, മുന്‍ പ്രസിഡന്റ് ശ്രീ അലെക്‌സ് ഏബ്രഹാം, യോര്‍ക്ക് മലയാളി ക്ലബ് പ്രസിഡന്റ് ശ്രീ ബിബി മാത്യൂ, ശ്രീ ജോജി, സ്Iറോ മലബാര്‍ കാത്തലിക് കമ്യൂനിറ്റിക്കുവേണ്ടി സോജന്‍ മാത്യൂ, ഹാരോഗേറ്റ് മലയാളി സമൂഹത്തിനുവേണ്ടി ആന്റണി ജോണ്‍ മുതലായവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

ഫാന്‍സി മുന്‍പ് ജോലിചെയ്തിരുന്ന ഹേവാര്‍ഡ്ഹീത് ലുള്ള മുന്‍ കാല സഹ പ്രവര്‍ത്തകരായ ജിമ്മി അഗസ്റ്റിന്‍, രാജു ലൂക്കോസ്, സജിജോണ്‍, ആന്റോ തോമസ്, ബിന്ദു പോള്‍, സിലു ജിമ്മി, ഡിനി ആന്റോ, സ്മിത, ജെയിംസ് എന്നിവരും അസ്സോസിയേഷന്‍ പ്രതിനിധികളും അന്തിമോപചാരം അര്‍പ്പിക്കുവാനും അനുശോചിക്കുവാനുമായി ലീഡ്സിലെത്തിയിരുന്നു.

ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകുന്ന മൃതദേഹത്തെ ഭര്‍ത്താവ് സണ്ണിയും മകന്‍ അമലും സഹോദരി സൂസനും അനുഗമിക്കും. ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് സണ്ണിയുടെ ഭവനമായ തോട്ടത്തില്‍ ഹൗസില്‍ വെച്ചു ഭവന ശുശ്രൂഷകള്‍ ആരംഭിക്കും. അഞ്ച് മണിക്ക് തോട്ടമുക്കം സെന്റ് തോമസ് ദേവാലയത്തിന്റെ സെമിത്തേരിയില്‍ സംസ്‌ക്കരിക്കുമെന്ന് ബന്ധുക്കള്‍ യുക്മ ന്യൂസിനെ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more