1 GBP = 108.47
breaking news

യുക്മ നേതൃനിരയിലേക്ക് പുതുമുഖങ്ങള്‍; സംഘടനയിലെ എക്കാലത്തെയും ജനകീയമായ തിരഞ്ഞെടുപ്പിന് ശനിയാഴ്ച തുടക്കമാവും

യുക്മ നേതൃനിരയിലേക്ക് പുതുമുഖങ്ങള്‍; സംഘടനയിലെ എക്കാലത്തെയും ജനകീയമായ തിരഞ്ഞെടുപ്പിന് ശനിയാഴ്ച തുടക്കമാവും

2009 ജൂലൈ ഒന്‍പതിന് ലെസ്റ്ററില്‍ രൂപം കൊണ്ട് എട്ടാം വര്‍ഷത്തില്‍ എത്തുമ്പോള്‍ യുകെയിലെ മലയാളി സംഘടനകളെ ഒരേ കുടക്കീഴില്‍ അണിനിരത്തി യുകെ മലയാളികളുടെ പൊതുവികാരമായി യുക്മ എന്ന സംഘടന മാറിക്കഴിഞ്ഞു.ഒരു സംഘടന എന്ന നിലയില്‍ കെട്ടുറപ്പിലും ജനസമ്മിതിയിലും ഏറെ മുന്നേറിയ നാളുകള്‍ ആയിരുന്നു യുക്മയെ സംബന്ധിച്ചിടത്തോളം ഇക്കഴിഞ്ഞ വര്‍ഷങ്ങള്‍. യുക്മയുടെ പ്രസക്തിയെക്കുറിച്ച് മലയാളി സംഘടനകളെ ബോധ്യപ്പെടുത്താനും കൂടുതല്‍ അംഗ അസോസിയേഷനുകളെ
ചേര്‍ത്ത് മാതൃ സംഘടനയെ ബലപ്പെടുത്തുവാനും ഇക്കാലത്ത് കഴിഞ്ഞിരുന്നു.റീജിയന്‍ തലത്തില്‍ സംഘടന കൂടുതല്‍ ശക്തിപ്പെട്ടത് ആദ്യ കാലങ്ങളില്‍ സംഘടനയോട് മുഖം തിരിച്ച് നിന്ന പാല സംഘടനകളെയും യുക്മയില്‍ സജീവമാക്കുവാന്‍ സഹായിച്ചു.

യുക്മയുടെ അനിവാര്യത യു കെ മലയാളികള്‍ മനസിലാക്കിയെങ്കിലും ദേശീയ നേതൃത്വത്തില്‍ ചിലരെങ്കിലും സ്ഥിരമായി തുടരുന്നതില്‍ പല അംഗ സംഘടനകളും വ്യക്തികളും പ്രതിഷേധം അറിയിച്ചിരുന്നു.ബഹുമുഖ കഴിവുകളുള്ള പലരും യുക്മ നേതൃത്വത്തില്‍ എത്തുന്നതിന് മേല്‍പ്പറഞ്ഞ കീഴ്വഴക്കം തടസം സൃഷ്ട്ടിച്ചിരുന്നു.യുക്മയെന്ന ജനകീയ സംഘടനയുടെ മുന്നോട്ടുള്ള പ്രയാണത്തിന് പുത്തന്‍ നേതാക്കളും അവരുടെ ആശയങ്ങളും അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞ യുക്മ പ്രസിഡണ്ട് ഫ്രാന്‍സീസ് മാത്യു കവളക്കാട്ട് ,ജനറല്‍സെക്രട്ടറി സജീഷ് ടോം എന്നിവര്‍ മുന്‍കൈയെടുത്ത് നടപ്പിലാക്കിയ വിപ്ലവകരമായ പരിഷ്‌ക്കാരമാണ് ഇത്തവണത്തെ യുക്മ തിരഞ്ഞെടുപ്പിനെ വേറിട്ടതാക്കുന്നത്.

കഴിഞ്ഞ വര്‍ഷം ജനുവരി മാസത്തില്‍ ചേര്‍ന്ന യുക്മ ദേശീയ ജനറല്‍ബോഡി യോഗത്തിലാണ് യുക്മ തിരഞ്ഞെടുപ്പ് സംബന്ധിച്ച് നേതൃത്വം മുന്നോട്ട് വച്ച പുത്തന്‍ പരിഷ്‌ക്കാരങ്ങള്‍ പൊതുയോഗം അംഗീകരിച്ചത്.അതനുസരിച്ച് ഏതെങ്കിലും വിധത്തില്‍ തുടര്‍ച്ചയായി മൂന്ന് ടേം ദേശീയ ഭരണസമിതിയുടെ ഭാഗമായി വന്നിട്ടുള്ളവര്‍ തൊട്ടടുത്ത ഒരു ടേം മത്സരരംഗത്തുനിന്ന് മാറി നില്‍ക്കേണ്ടതാണ്. ഇത് ദേശീയ ഭാരവാഹികള്‍, നാഷണല്‍ എക്‌സിക്യുട്ടീവ് അംഗങ്ങള്‍, എക്‌സ് ഒഫീഷ്യോ അംഗങ്ങള്‍, റീജിയണല്‍ പ്രസിഡന്റ്മാര്‍ എന്നിവര്‍ക്ക് ബാധകമാണ്.യുക്മ പ്രസിഡണ്ട് ,സെക്രട്ടറി,ട്രഷറര്‍ എന്നീ ഏതെങ്കിലും സ്ഥാനങ്ങളില്‍ തുടര്‍ച്ചയായി തുടരാവുന്ന കാലാവധി രണ്ടു ടേം ആണ്.

യുക്മ നേതൃത്വത്തില്‍ പുതുമുഖങ്ങള്‍ എത്താന്‍ വഴിയൊരുക്കുന്ന ഈ പരിഷ്‌ക്കാരം യുക്മയിലെ അംഗ സംഘടനകളും പ്രാദേശിക നേതാക്കളും പൊതുജനവും പരക്കെ സ്വാഗതം ചെയ്തു കഴിഞ്ഞു.ഇതോടെ സംഘടനയുടെ എക്കാലത്തെയും ജനകീയമായ തിരഞ്ഞെടുപ്പായി ഇത്തവണത്തെ തിരഞ്ഞെടുപ്പ് മാറുമെന്ന് ഉറപ്പായി.അതുകൊണ്ടുതന്നെ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ പങ്കെടുത്ത് സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുവാന്‍ ഭൂരിപക്ഷം അംഗ സംഘടനകളും തയ്യാറെടുത്തു കഴിഞ്ഞു.ശനിയാഴ്ച തുടങ്ങുന്ന റീജണല്‍ തിരഞ്ഞെടുപ്പുകളില്‍ അംഗ സംഘടനകള്‍ ആവേശപൂര്‍വ്വം പങ്കെടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

മുന്‍കൂട്ടി തയ്യാറാക്കി പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിന്റെ മറ്റൊരു പ്രത്യേകത.യുക്മ ദേശീയ ജനറല്‍സെക്രട്ടറി സജീഷ് ടോമിന്റെ നിശ്ചയദാര്‍ഢ്യമാണ് മുന്‍കൂട്ടി നിശ്ചയിച്ച തീയതി പ്രകാരം അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതിലേക്ക് എത്തിച്ചത്.അവസാന നിമിഷങ്ങളിലെ ലിസ്റ്റ് തിരുത്തലുകള്‍ക്ക് യാതൊരുവിധ പഴുതുകളും അവശേഷിപ്പിക്കാതെ, തികച്ചും സുതാര്യമായ തെരഞ്ഞെടുപ്പിന് അവസരം ഒരുക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു പരിഷ്‌ക്കാരം നടപ്പിലാക്കിയത്.ഇതിന്‍ പ്രകാരം ശനിയാഴ്ച തുടങ്ങുന്ന തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പില്‍ പങ്കെടുക്കുന്നവരുടെ അന്തിമ വോട്ടര്‍ പട്ടിക മുന്‍പ് പ്രഖ്യാപിച്ചത് പോലെ ഇന്നലെ യുക്മയുടെ ഔദ്യോകിക വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചു.(http://www.uukma.org/final-voters-list-uukma-2017.html).

ചുരുക്കത്തില്‍ പറഞ്ഞാല്‍ യുക്മ എന്ന സംഘടനയുടെ എക്കാലത്തെയും ജനകീയവും സുതാര്യവുമായ തിരഞ്ഞെടുപ്പിനാണ് ഇത്തവണ കളമൊരുങ്ങുന്നത്.ഒപ്പം സംഘടനാ നേതൃത്വത്തിലേക്ക് ഒരു പിടി പുതുമുഖങ്ങളും കടന്നുവരുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more