1 GBP = 108.33

നവസുവിശേഷവത്കരണം ശരിയായ അര്‍ത്ഥത്തില്‍ ഉണ്ണീശോയുടെ പിറവിത്തിരുനാള്‍ ആഘോഷിക്കാന്‍ അനിവാര്യം: മാര്‍ ജോസഫ് സ്രാമ്പിക്കല്‍

നവസുവിശേഷവത്കരണം ശരിയായ അര്‍ത്ഥത്തില്‍ ഉണ്ണീശോയുടെ പിറവിത്തിരുനാള്‍ ആഘോഷിക്കാന്‍ അനിവാര്യം: മാര്‍ ജോസഫ് സ്രാമ്പിക്കല്‍

ഓരോ ഡിസംബര്‍ 25ാം തീയതിയും ലോകം മുഴുവനും ഉണ്ണീശോയുടെ പിറവിതിരുനാള്‍ അനുസ്മരിക്കുകയും ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. മൂന്നാം നൂറ്റാണ്ടിന്റെ അവസാനമാണ് ഈ ലിറ്റര്‍ജിക്കല്‍ ആഘോഷം ആരംഭിച്ചത്. ദൈവപുത്രന്റെ മനുഷ്യാവതാരം മിശിഹാരഹസ്യത്തിന്റെ ആരംഭമാണ്. ബേത്‌ലഹേമിലെ പുല്‍ക്കൂട്ടില്‍ ഉണ്ണീശോ ജനിച്ചത് ഒരു ചരിത്രസംഭവമാണ്. പിറവിത്തിരുനാള്‍ ശരിയായി ആഘോഷിക്കുവാന്‍ അതിന്റെ ചരിത്രപരമായ വസ്തുതകളില്‍ നിന്ന് ദൈവത്തിന്റെ തന്നെ രഹസ്യത്തിലേക്ക് നീങ്ങണം. ചരിത്രപരമായി മറിയത്തില്‍ നിന്ന് ജനിക്കുന്ന ഈശോ, ജനിച്ചുവീഴുന്നത് തന്നെ ദാരിദ്രത്തിലേക്കും ഏകാന്തതയിലേക്കും ആരും സഹായിക്കാന്‍ ഇല്ലാത്ത അവസ്ഥയിലേക്കുമാണ്. ഭൂരിപക്ഷം മനുഷ്യരും ഒരു ഭവനത്തിലോ ആശുപത്രിയിലോ ആണ് ജനിച്ചിരിക്കുന്നത്. എന്നാല്‍ മനുഷ്യര്‍ക്കുവേണ്ടി മനുഷ്യരോടൊപ്പം എന്നേക്കുമായി എത്തുന്ന ദൈവം, എമ്മാനുവേല്‍, ജനിച്ചുവീഴുന്നത് ഒരു പുല്‍ക്കൂട്ടിലാണ്, മൃഗങ്ങളുടെ ഇടയിലാണ്, ആടുകളുടെ ഇടയില്‍ മറ്റോരു കുഞ്ഞാടായാണ്. ഈ ജനനം തന്നെ സൂചിപ്പിക്കുന്നത് ദാവീദിന്റെ പട്ടണത്തില്‍ നമുക്കായി ജനിക്കുന്ന ശിശു ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടാണ് എന്നുള്ളതാണ്. സുവിശേഷം നമ്മെ പഠിപ്പിക്കന്നത് രക്ഷകനായ ഈശോ മിശിഹാ ജനിച്ചിരിക്കുന്നു എന്നാണ്. (ലൂക്കാ 2,11). ഈശോ ബേത്‌ലഹേമില്‍ ജനിക്കുമ്പോള്‍ തന്നെ സ്വര്‍ഗ്ഗീയ സൈന്യത്തെ, ആട്ടിടയരെ, കിഴക്കുനിന്നു വന്ന ജ്ഞാനികളെ ആകര്‍ഷിക്കുന്നു. ഈശോ പിന്നീട് നമ്മെ പഠിപ്പിക്കുന്നുണ്ട് ഞാന്‍ കുരിശില്‍ ഉയര്‍ത്തപ്പെട്ടുകഴിയുമ്പോള്‍ എല്ലാവരെയും ഞാന്‍ ആകര്‍ഷിക്കും. ഇന്നും ഈശോ വിശുദ്ധ കുര്‍ബാനയിലൂടെ തന്റെ ആകര്‍ഷണം തുടരുന്നു. ശിശുവായ ഈശോ എല്ലാവരെയും ആകര്‍ഷിക്കുന്നതിന് കാരണം എളിമയില്‍, നിസ്സാരതയില്‍, ബലഹീനതയില്‍ ഈ ശിശുവിലൂടെ ദൈവം സ്വയം വെളിപ്പെടുത്തുന്നതുകൊണ്ടാണ്. ഉണ്ണീശോയുടെ ജനനം നമ്മെ പഠിപ്പിക്കുന്ന കാര്യം മനുഷ്യചരിത്രം ദൈവീകപദ്ധതിയുടെ ശുശ്രൂഷയ്ക്കുള്ളതാണ് എന്നാണ്. അഗസ്റ്റസ് സീസറിന്റെ ലോകമാസകലമുള്ള ജനങ്ങളുടെ പേര് എഴുതിച്ചേര്‍ക്കണം എന്ന കല്പനപോലും മിശിഹായുടെ ജനനമെന്ന അസാധാരണ സംഭവത്തെ ശുശ്രൂഷിക്കുന്നു, സഹായിക്കുന്നു.

ദൈവീകപദ്ധതിപ്രകാരം മറിയത്തില്‍ നിന്ന് ബേത്‌ലഹേമില്‍ ജനിക്കുന്ന രക്ഷകന്‍ എല്ലാവര്‍ക്കുംവേണ്ടിയാണ് ജനിച്ചിരിക്കുന്നത്. ഈ രക്ഷകന്റെ ജനനത്തെക്കുറിച്ചുള്ള ഏറ്റവും പഴക്കമുള്ള തിരുവചനങ്ങള്‍ ഏശയ്യാപ്രവാചകന്റെ പുസ്തകത്തില്‍ നമ്മുക്കു കാണാം ‘നമ്മുക്ക് ഒരു ശിശു ജനിച്ചിരിക്കന്നു. നമ്മുക്ക് ഒരു പുത്രന്‍ നല്കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലിലായിരിക്കും, വിസ്മയനീയനായ ഉപദേഷ്ടാവ്, ശക്തമായ ദൈവം നിത്യനായ പിതാവ്, സമാധാനത്തിന്റെ രാജാവ് എന്ന് അവന്‍ വിളിക്കപ്പെടും. ദാവീദിന്റെ സിംഹാസനത്തലും അവന്റെ രാജ്യത്തിലും അവന്റെ ആധിപത്യം നിസ്സീമമാണ് അവന്റെ സമാധാനം അനന്തവും. നീതിയിലും ധര്‍മ്മത്തിലും എന്നേക്കും അത് സ്ഥാപിച്ചു പരിപാലിക്കാന്‍ തന്നെ. സൈന്യങ്ങളുടെ കര്‍ത്താവിന്റെ തീക്ഷണത ഇത് നിറവേറ്റും’ (ഏശയ്യാ 9, 67)
രക്ഷകനാണ് പ്രകാശത്തിന്റെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഉറവിടം. ഇവയെല്ലാമായിരിക്കണം പിറവിതിരുനാളിന്റെ സ്വഭാവസവിശേഷതകള്‍. പ്രത്യേകിച്ചും സന്തോഷമായിരിക്കണം പ്രഥമ സ്വഭാവ സവിശേഷത. ഒരാളുടെയോ രണ്ടാളുകളുടെയോ സന്തോഷമല്ല ജനങ്ങളുടെ മുഴുവന്‍ സന്തോഷമാണ്. സന്തോഷത്തിന്റെ അടിവേരുകള്‍ നമ്മള്‍ കാണേണ്ടത് സുവിശേഷത്തിന്റെ വാക്കുകളിലാണ്. ‘രക്ഷകന്‍, മിശിഹാ കര്‍ത്താവ് ദാവീദിന്റെ നഗരമായ ബേത്‌ലഹേമില്‍’. രക്ഷിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു. ദുഖത്തില്‍ നിന്ന്, ഭയത്തില്‍ നിന്ന്, തി•യില്‍ നിന്ന്, യുദ്ധത്തില്‍ നിന്ന്, വെറുപ്പില്‍ നിന്ന്, മരണത്തില്‍ നിന്ന് രക്ഷകനായ ഈശോ മിശിഹാ നമ്മെ കൈപിടിച്ച് പുറത്തേക്ക് കൊണ്ടുവരുന്നു. അപ്പോഴാണ് ജീവിതത്തിന് അര്‍ത്ഥവും പ്രത്യാശയും ഉണ്ടാകുന്നത്. നമ്മള്‍ ജീവിക്കുന്ന വ്യക്തിപരമായ അനുഭവങ്ങളെക്കാള്‍ മനോഹരമാണ് ജീവിതം. പ്രത്യേകിച്ചും ദുഖകരമായ സംഭവങ്ങളേക്കാള്‍. എല്ലാം മനോഹരമാകുന്നത് രക്ഷകനായ മിശിഹാകര്‍ത്താവിനോടുകൂടിയാണ്. നമ്മെ നയിക്കാന്‍, പരിപാലിക്കാന്‍ ഒരാളുണ്ട്. ഇത് ദൈവത്താല്‍ അയക്കപ്പെട്ട മിശിഹായാണ്. മനുഷ്യവംശത്തെ രക്ഷിക്കുന്ന ദൗത്യമാണ് ദൈവം മിശിഹായെ ഏല്‍പ്പിച്ചിരിക്കുന്നത്.
ജീവന്‍, സന്തോഷം, ക്രിയാത്മകത, പ്രത്യാശ, വാത്സല്യം, സുഹൃദ്ബന്ധം, സ്‌നേഹം ഇതാണ് പിറവിതിരുനാള്‍ പ്രഖ്യാപിക്കുന്നത്. ഈ പ്രഖ്യാപനം ചരിത്രത്തെയും മനുഷ്യാനുഭവനങ്ങളെയും രൂപാന്തരപ്പെടുത്തുന്നു. മനുഷ്യന്റെ നേര്‍ക്കുള്ള ദൈവത്തിന്റെ അവിശ്വസനീയമായ സ്‌നേഹത്തിന്റെ വലിയ സന്തോഷമാണ് പിറവിത്തിരുനാളിന്റേത്. വലിയ സന്തോഷമാണ്, ദൈവസ്‌നേഹമാണ് ചരിത്രത്തെ മാറ്റിമറിക്കുന്നത്. ആട്ടിടയരോടാണ് വലിയ സന്തോഷവാര്‍ത്ത ആദ്യം പ്രഖ്യാപിക്കുന്നത്. അന്നത്തെ സമൂഹത്തിലെ അവസാനത്തെ ആളുകളായിരുന്നു അവര്‍. സുവിശേഷവിവരണത്തിലെ മുഖ്യകഥാപാത്രങ്ങളായ മാലാഖാമാര്‍, ഇടയന്മാര്‍, ജ്ഞാനികള്‍ ഇവരെല്ലാവരും ഈ വലിയ സന്തോഷത്തില്‍ പങ്കെടുക്കുന്നു.
ജ്ഞാനികള്‍ ഈശോയിലേക്ക് നയിക്കപ്പെടുന്നത് നക്ഷത്രത്താല്‍ മാത്രമല്ല വിശുദ്ധ ഗ്രന്ഥത്തിലെ വാക്കുകളാലുമാണ്. ജറുസലേമില്‍ വച്ച് നക്ഷത്രത്തെ നോക്കാതെ, തിരുവചനം ധ്യാനിക്കാതെ ഹേറോദോസിലേക്ക് നോക്കുന്ന ജ്ഞാനികള്‍ക്ക് പ്രതിസന്ധിയുണ്ടാകുന്നു.
ഇന്നും ഈശോയിലെത്താന്‍ നമ്മെ ഏറ്റവും അധികം സഹായിക്കുന്നത് തിരുവചനമാണ്. സുവിശേഷമാണ്. ശരിയായി ക്രിസ്മസ്സ് ആഘോഷിക്കുവാന്‍ സുവിശേഷവത്കരണം അനിവാര്യമാണ്. ശരിയായ ക്രിസ്മസ്സ് ആഘോഷം സുവിശേഷവത്കരണത്തെ വീണ്ടും ശക്തിപ്പെടുത്തുകയും ചെയ്യും.
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോമലബാര്‍ രൂപത സ്ഥാപിതമായതിനുശേഷമുള്ള ആദ്യത്തെ പിറവിതിരുനാളാണ് നാം ഈ വര്‍ഷം ആഘോഷിക്കുന്നത്. സുവിശേഷകന്റെ ജോലി ചെയ്യുക എന്ന തിരുവചനമാണ് എന്നെ അജപാലനശുശ്രൂഷയില്‍ നയിക്കുന്നത്. ഉണ്ണീശോയുടെ ജനനം എന്ന ചരിത്രവസ്തുതയില്‍ നിന്ന് അതിന്റെ ദൈവീക രഹസ്യങ്ങളിലേക്ക് പ്രവേശിക്കുവാനാണ് ഈ ആഘോഷത്തിനായി ഒരുങ്ങുമ്പോള്‍, അതില്‍ പങ്കെടുക്കുമ്പോള്‍ നമ്മള്‍ പരിശ്രമിക്കേണ്ടത്. പ്രത്യേകിച്ച് ഉണ്ണീശോ ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ മിശിഹായാണ് എന്ന സത്യം നമ്മള്‍ പൂര്‍ണ്ണമായി മനസ്സിലാക്കണം. ഭൂമിയില്‍ ജനിച്ചിട്ടുള്ള മറ്റെല്ലാ ശിശുക്കളും സൃഷ്ടികളാണെന്നും എന്നാല്‍ ഉണ്ണീശോ സൃഷ്ടിയല്ലായെന്നും നമ്മള്‍ ഗ്രഹിക്കണം. വിശ്വാസ പ്രമാണത്തില്‍ നമ്മള്‍ ചൊല്ലുന്നത് ഇപ്രകാരമാണ് ‘ദൈവത്തിന്റെ ഏക പുത്രനും സകല സൃഷ്ടികള്‍ക്കും മുമ്പുള്ള ആദ്യജാതനും യുഗങ്ങള്‍ക്കെല്ലാം മുമ്പു പിതാവില്‍ നിന്നു ജനിച്ചവനും എന്നാല്‍ സൃഷ്ടിക്കപ്പെടാത്തവനും ഏക കര്‍ത്താവുമായ ഈശോമിശിഹായില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു’. ഉണ്ണീശോ പിതാവില്‍നിന്ന് ജനിക്കുകയാണ്. സൃഷ്ടിക്കപ്പെടുകയല്ല. ഉണ്ണീശോ ഒരേ സമയം സൃഷ്ടാവിന്റെയും ദാസന്റെയും സാദൃശ്യത്തിലാണ്.
ഡിസംബര്‍ 25 ാം തീയതി ആരുടെ ജന്മദിനമാണ് ആഘോഷിക്കുന്നതെന്ന് തിരിച്ചറിഞ്ഞ് ഉണ്ണീശോയുടെ ചൈതന്യത്തിന് ചേര്‍ന്നതരത്തില്‍ പ്രത്യേകിച്ചും ലാളിത്യത്തിലും എളിമയിലും ക്രിസ്മസ്സ് ആഘോഷിക്കാന്‍ സാധിക്കണം. നിശ്ശബ്ദതയില്‍ വചന പാരായണത്തിലും ധ്യാനത്തിലും പ്രത്യേകിച്ചും ലൂക്കാ 1,2 അദ്ധ്യായങ്ങള്‍, മത്തായി 1,2 അദ്ധ്യായങ്ങള്‍ യോഹന്നാന്‍ 1 ാം അദ്ധ്യായവും ഏശയ്യാപ്രവാചകന്റെ പുസ്തകവും ധ്യാനിച്ചുകൊണ്ട് ക്രിസ്മസ്സ് ആഘോഷത്തിനായി ഒരുങ്ങാം. ബേത്‌ലഹേമിലെ ഉണ്ണീശോ നിങ്ങളെ എല്ലാവരേയും അനുഗ്രഹിക്കട്ടെയെന്നും ഞാന്‍ ഹൃദയപൂര്‍വ്വം ആശംസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

മാര്‍ ജോസഫ് സ്രാമ്പിക്കല്‍

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more