പ്രതിഭാശാലികള്‍ മാറ്റുരയ്ക്കുന്ന വെറുമൊരു വേദി മാത്രമല്ല ബ്രിസ്റ്റോള്‍ ബൈബിള്‍ കലോത്സവത്തിന്റേത്, മറിച്ച് തിരുവചനങ്ങള്‍ കലാരൂപങ്ങളിലൂടെ കാഴ്ചക്കാരുടെ മനസിന്റെ ആഴങ്ങളിലേക്കെത്തിക്കുന്ന മനോഹരമായ കുറേ നിമിഷങ്ങള്‍ കൂടിയാണ്. യുകെയിലെ വിവിധ സമൂഹത്തിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നടത്തിയ മത്സരങ്ങള്‍ ആവേശവും ഒപ്പം ആത്മീയതയും നിറഞ്ഞപ്പോള്‍ വേദിയില്‍ മഹനീയ മുഹൂര്‍ത്തങ്ങളാണ് സമ്മാനിച്ചത്.
ക്ലിഫ്റ്റണ്‍ രൂപതാ സീറോ മലബാര്‍ കാത്തലിക് സമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കലോത്സവം അഭിവന്ദ്യ മാര്‍ സ്രാമ്പിക്കല്‍ പിതാവാണ് ഉത്ഘാടനം നിര്‍വ്വഹിച്ചത്. ബൈബിള്‍ പ്രതിഷ്ഠ നടത്തി കലോത്സവത്തിന് തിരി തെളിയിക്കുകയായിരുന്നു. ബ്രിസ്റ്റോള്‍ സൗത്ത് മീഡ് ഗ്രീന്‍വേ സെന്ററില്‍ ഏഴു വേദികളിലായി നടന്ന മത്സരങ്ങള്‍ക്ക് എല്ലാ പ്രോത്സാഹനവുമായി ഉണര്‍വ്വോടെ പിതാവും കൂടെ കൂടി. കലോത്സവത്തിന് പങ്കെടുത്തില്ലായിരുന്നെങ്കില്‍ വലിയൊരു നഷ്ടമുണ്ടായേനെയെന്നാണ് സ്രാമ്പിക്കല്‍ പിതാവ് പറഞ്ഞത്. ആദ്യാവസാനം വരെ പിതാവിന്റെ സാന്നിധ്യം മുന്‍ ബൈബിള്‍ കലോത്സവത്തില്‍ നിന്ന് ഇത്തവണത്തെ കലോത്സവത്തെ കൂടുതല്‍ മഹനീയമാക്കി.
മുന്നൂറോളം വ്യക്തിഗത ഇനങ്ങളിലും 50 ഗ്രൂപ്പ് ഇനങ്ങളിലുമായി നാനൂറോളം കുട്ടികളാണ് കലോത്സവത്തില്‍ പങ്കെടുത്തത്. വിവിധ പ്രദേശങ്ങളിലുള്ള പ്രഗത്ഭരായ കലാ പ്രവര്‍ത്തകരാണ് മത്സരങ്ങള്‍ വിലയിരുത്തിയത് .
വൈകീട്ട് ആറേ മുക്കാലോടെ പൊതു സമ്മേളനം ആരംഭിച്ചു. വിവിധ റീജ്യണുകളിലായി മത്സരം സംഘടിപ്പിച്ച് രൂപതയുടെ കീഴില്‍ ബൈബിള്‍ കലോത്സവം നടത്തുന്ന കാര്യവും സംഘാടകര്‍ ആലോചിക്കുന്നുണ്ട്. വരും വര്‍ഷങ്ങളില്‍ ഇതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. ബിഷപ്പ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. മറ്റ് പ്രമുഖര്‍ സമ്മാന വിതരണത്തിന് ഒപ്പമുണ്ടായിരുന്നു.
വൈകീട്ട് സ്നേഹ വിരുന്ന് ഒരുക്കിയിരുന്നു. എല്ലാ സജീകരണങ്ങളും ഒരുക്കിയ കമ്മറ്റി പ്രത്യേക അഭിനന്ദനത്തിന് അര്‍ഹരാണ്. ഫാ സണ്ണി പോള്‍, ഫാ പോള്‍ വെട്ടിക്കാട്ട്, ഫാ ജോയി വയലില്‍, ഫാ സിറില്‍ ഇടമന, സജി വാധ്യാനത്ത്, റോയി സെബാസ്റ്റിയന്‍, ഫിലിപ്പ് കണ്ടോത്ത്, ജെസി ഷിബു, ഡെന്നീസ് വി ജോസഫ് എന്നിവരുള്‍പ്പെട്ട കമ്മറ്റിയുടെ കൂട്ടായ പ്രവര്‍ത്തനങ്ങളാണ് കലാമേളയുടെ വിജയത്തിന് കാരണമായതും. പങ്കെടുത്ത എല്ലാവര്‍ക്കും എസ്ടിഎംസി ട്രസ്റ്റി റോയി സെബാസ്റ്റിയന്‍, സിഡിഎംസി ട്രസ്റ്റി ഫിലിപ്പ് കണ്ടോത്ത് എന്നിവര്‍ നന്ദി രേഖപ്പെടുത്തി.
മഹത്തായ കലാസൃഷ്ടികളെ മാനിക്കുന്നവരാണ് ഏവരും. അതിനാല്‍ തന്നെ ബൈബിള്‍ അധിഷ്ഠിതമായ തിരുവചനങ്ങള്‍ കലയുടെ രൂപത്തില്‍ കുരുന്നുകള്‍ വേദിയിലെത്തിക്കുമ്പോള്‍ ആത്മസംതൃപ്തിയാണ് മാതാപിതാക്കള്‍ക്കും സംഘാടകര്‍ക്കും ഒപ്പം കലാ ആസ്വാദകര്‍ക്കും മനസില്‍ തോന്നിയത്. മുന്‍ കലോത്സവങ്ങളുടെ വിജയം ഇക്കുറിയും ആവര്‍ത്തിച്ചതില്‍ തെല്ല് അത്ഭുതവുമില്ല. കാരണം അത്രമാത്രം പങ്കാളിത്തമാണ് ഓരോ വര്‍ഷവും മത്സരത്തിലുണ്ടാകുന്നത് . ആറാമത് ബൈബിള്‍ കലോത്സവം വേദി കൈയ്യടക്കിയപ്പോള്‍ മനസില്‍ ഭക്ത്യാദരമായ കുറേ നിമിഷങ്ങള്‍ കൂടിയാണ് ഏവര്‍ക്കും സമ്മാനിച്ചത്.
click on malayalam character to switch languages