1 GBP = 107.12
breaking news

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ കൂര്യാ സമ്മേളനം നാളെ

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ കൂര്യാ സമ്മേളനം നാളെ

പ്രസ്റ്റണ്‍ : ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ കച്ചേരിയുടെ (കൂര്യാ) പ്രഥമ സമ്മേളനം നാളെ വൈകുന്നേരം പ്രസ്റ്റണിലെ രൂപതാ കാര്യാലയത്തില്‍ നടക്കും. വൈകുന്നരം 6 മണിക്ക് സെന്റ് അല്‍ഫോന്‍സാ ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ കത്തീഡ്രലില്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതിനു ശേഷമായിരിക്കും പ്രഥമ സമ്മേളനം നടക്കുക.

വികാരി ജനറാളന്മാരായ ഫാ. തോമസ് പാറടിയില്‍ MST, ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍, ഫാ. മാത്യു ചൂരപ്പൊയ്കയില്‍, ചാന്‍സിലര്‍ ഫാ. മാത്യു പിണക്കാട്ട്, സെക്രട്ടറി ഫാ. ഫാന്‍സുവ പത്തില്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായിരിക്കും. പ്രഥമ രൂപതാകച്ചേരി നടക്കുന്ന സമയത്ത് വിശ്വാസികള്‍ കത്തീഡ്രലില്‍ ദിവ്യകാരുണ്യാരാധനയും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും നടത്തുന്നതാണ്. തുടര്‍ന്ന് മധുര പലഹാരങ്ങള്‍ വിതരണം ചെയ്യുന്നതുമാണ്.

പൗരസ്ത്യ കാനന്‍ നിയമത്തിലെ 243 ാം കാനന്‍ നിഷ്‌കര്‍ഷിക്കും വിധം രൂപതാഭരണത്തിലും അജപാലന ധര്‍മ്മത്തിലും തന്നെ സഹായിക്കുന്നതിനായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഒക്ടോബര്‍ 10 ാം തീയതി തന്നെ രൂപതാ കച്ചേരി സ്ഥാപിച്ചിരുന്നു. പ്രഥമ സമ്മേളനത്തില്‍ വെച്ച് കച്ചേരി അംഗങ്ങള്‍ തങ്ങളെ ഏല്പിച്ചിരിക്കുന്ന ചുമതലകള്‍ വിശ്വസ്ഥതാപൂര്‍വ്വം നിറവേറ്റി കൊള്ളാമെന്നും നിയമമോ രൂപതാ മെത്രാനോ നിശ്ചയിച്ചിരിക്കുന്ന പരിധിക്കുള്ളിലും രീതിയനുസരിച്ചും രഹസ്യം പാലിച്ചു കൊള്ളാമെന്നും രൂപതാദ്ധ്യക്ഷന്റെ മുമ്പില്‍ പ്രതിജ്ഞ എടുക്കുന്നതുമായിരിക്കും.

Post Your Comments Here ( Click here for malayalam )

Press Esc to close
show more