1 GBP = 122.89
breaking news

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേളയ്ക്ക് വർണ്ണാഭമായ കൊടിയിറക്കം; കിരീടം നിലനിറുത്തി ഐ എം എ ബാൻബറി, രണ്ടാം സ്ഥാനം കൈപ്പിടിയിലൊതുക്കി എയ്ൽസ്ബറി മലയാളി സമാജം, മൂന്നാം സ്ഥാനത്ത് വിൽറ്റ്ഷെയർ മലയാളി അസോസിയേഷൻ

യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേളയ്ക്ക് വർണ്ണാഭമായ കൊടിയിറക്കം; കിരീടം നിലനിറുത്തി ഐ എം എ ബാൻബറി, രണ്ടാം സ്ഥാനം കൈപ്പിടിയിലൊതുക്കി എയ്ൽസ്ബറി മലയാളി സമാജം, മൂന്നാം സ്ഥാനത്ത് വിൽറ്റ്ഷെയർ മലയാളി അസോസിയേഷൻ

സുജു ജോസഫ്, പിആർഒ

സാലിസ്ബറി: പതിനേഴാമത് യുക്മ ദേശീയ കലാമേളയ്ക്ക് മുന്നോടിയായി ഒക്ടോബർ പതിനേഴ് ശനിയാഴ്ച്ച സാലിസ്ബറിയിൽ നടന്ന യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേളയ്ക്ക് വർണ്ണാഭമായ കൊടിയിറക്കം. ആവേശകരമായ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച കലാമേളയിൽ ചാമ്പ്യൻഷിപ്പ് ഇക്കുറിയും ഐ എം എ ബാൻബറിക്ക്.
തുടർച്ചയായി രണ്ടാം തവണയാണ് ഐ എം എ ബാൻബറി ഓവറോൾ ചാമ്പ്യൻഷിപ്പിൽ മുത്തമിടുന്നത്. തുടക്കം മുതൽ ശക്തമായ മത്സരങ്ങൾ കാഴ്ച്ച വച്ച അസ്സോസിയേഷനുകളെ അവസാന നിമിഷങ്ങളിൽ പിന്തള്ളി ശക്തമായ ലീഡുമായാണ് ഐ എം എ ബാൻബറി കിരീടത്തിൽ മുത്തമിട്ടത്. 117 പോയിന്റാണ് ഐ എം എ ബാൻബറി നേടിയത്.

കലാമേളയിൽ റണ്ണറപ്പായ എയ്‌ൽസ്‌ബറി മലയാളി സമാജം കൃത്യമായ മുന്നൊരുക്കങ്ങളിലൂടെ നഷ്ടമായ പ്രതാപം തിരിച്ചു പിടിക്കുകയായിരുന്നു. 73 പോയിന്റുമായാണ് എയ്‌ൽസ്‌ബറിയുടെ തിരിച്ചുവരവ്. 60 പോയിന്റ് നേടി വിൽറ്റ്ഷെയർ മലയാളി അസോസിയേഷനാണ് മൂന്നാം സ്ഥാനത്ത്.

കലാതിലകം – കലാപ്രതിഭ

സീനിയർ വിഭാഗത്തിൽ മത്സരിച്ച ടോണ്ടൻ മലയാളി അസോസിയേഷന്റെ കാവ്യപ്രിയ ബിജുവാണ് ഇക്കുറി കലാതിലകം. ഫോക്ക് ഡാൻസ്, മലയാളം പദ്യപാരായണം എന്നിവയിൽ ഒന്നാം സ്ഥാനവും ഭരതനാട്യത്തിൽ രണ്ടാം സ്ഥാനവും നേടിയാണ് കാവ്യപ്രിയ ബിജു കലാതിലകപ്പട്ടം കരസ്ഥമാക്കിയത്.

അതേസമയം കലാപ്രതിഭ പട്ടം ഇക്കുറി രണ്ടുപേരാണ് പങ്കിട്ടത്. സീനിയർ വിഭാഗത്തിൽ മത്സരിച്ച ഗ്ലോസ്റ്റെർഷെയർ മലയാളി അസോസിയേഷന്റെ ഫ്രാങ്ക്‌ളിൻ ഫെർണാണ്ടസും ജൂനിയർ വിഭാഗത്തിൽ മത്സരിച്ച വിൽറ്റ്ഷെയർ മലയാളി അസോസിയേഷന്റെ അലൻ ബഷീറുമാണ് ഇക്കുറി കലാപ്രതിഭ പട്ടം പങ്കിട്ടെടുത്തത്. മോണോആക്ടിൽ ഒന്നാം സ്ഥാനവും ഫോക്ക് ഡാൻസിൽ രണ്ടാം സ്ഥാനവും നേടിയാണ് ഫ്രാങ്ക്ളിൻ കലാപ്രതിഭയായതെങ്കിൽ സിനിമാറ്റിക് സോളോയിൽ ഒന്നാം സ്ഥാനവും ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ രണ്ടാം സ്ഥാനവും നേടിയാണ് അലൻ ബഷീറിന്റെ പുരസ്‌കാര നേട്ടം. തുടർച്ചയായി രണ്ടാം തവണയാണ് അലൻ ബഷീർ കലാപ്രതിഭയാകുന്നത്. എന്നാൽ മുൻ വർഷങ്ങളിൽ നിരവധി തവണ കലാപ്രതിഭ പട്ടം ഫ്രാങ്ക്‌ളിൻ നേടിയിട്ടുണ്ട്.

ഭാഷാകേസരി – നാട്യമയൂരം

ജൂനിയർ വിഭാഗത്തിൽ മലയാളം പ്രസംഗ മത്സരത്തിലും മോണോആക്ടിലും ഒന്നാം സ്ഥാനം നേടി ഐ എം എ ബാൻബറിയുടെ ഡിയോൺ റ്റിജു ഈ വർഷത്തെ ഭാഷാകേസരി പുരസ്‌കാരം കരസ്ഥമാക്കി. നാട്യമയൂരത്തിൽ ഇക്കുറിയും ആരും യോഗ്യത നേടിയില്ല.

വ്യക്തിഗത ചാമ്പ്യന്മാർ

വ്യക്തിഗത ഇനങ്ങളിൽ ചാമ്പ്യന്മാരായി കിഡ്സ് വിഭാഗത്തിൽ സ്റ്റോറി ടെല്ലിങ് മലയാളത്തിലും സിനിമാറ്റിക് ഗ്രൂപ്പ് ഡാൻസിലും ഒന്നാം സ്ഥാനവും സോളോ സോങ്ങിൽ രണ്ടാം സ്ഥാനവും നേടി ഓക്‌സ്മാസ് ഹെഡിങ്ങ്ടണിന്റെ ഹേസിൽ മേരി ഓവിനും, സബ് ജൂനിയർ വിഭാഗത്തിൽ എയ്ൽസ്ബറി മലയാളി അസോസിയേഷന്റെ ആമിയ അരുൺ വ്യക്തിഗത ചാപ്യനായി. ഫോക്ക് ഡാൻസിലും ഭരതനാട്യത്തിലും ഒന്നാം സ്ഥാനവും ക്‌ളാസിക്കൽ ഡാൻസ് ഗ്രൂപ്പിൽ മൂന്നാം സ്ഥാനവും നേടിയാണ് ആമിയ അരുണിന്റെ നേട്ടം. ജൂനിയർ വിഭാഗത്തിൽ മലയാളം പ്രസംഗ മത്സരത്തിലും മോണോആക്ടിലും ഒന്നാം സ്ഥാനം നേടി ഐ എം എ ബാൻബറിയുടെ ഡിയോൺ റ്റിജു വ്യക്തിഗത ചാമ്പ്യനായപ്പോൾ സീനിയർ വിഭാഗത്തിൽ ടോണ്ടൻ മലയാളി അസോസിയേഷന്റെ കാവ്യപ്രിയ ബിജു ഫോക്ക് ഡാൻസ്, മലയാളം പദ്യപാരായണം എന്നിവയിൽ ഒന്നാം സ്ഥാനവും ഭരതനാട്യത്തിൽ രണ്ടാം സ്ഥാനവും നേടി വ്യക്തിഗത ചാമ്പ്യനായി.

കലാമേള ഉദ്‌ഘാടന സമ്മേളനം

സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് സുനിൽ ജോർജ്ജിന്റെ അധ്യക്ഷതയിൽ രാവിലെ നടന്ന ഉദ്‌ഘാടന സമ്മേളനത്തിൽ കലാമേളയുടെ ഔദ്യോഗിക ഉദ്‌ഘാടനം യുക്മ ദേശീയ ജോയിന്റ് സെക്രട്ടറി റെയ്‌മോൾ നിധിരി നിർവ്വഹിച്ചു. യുക്മ മുൻ നാഷണൽ സെക്രട്ടറിയും ബേസിംഗ്‌സ്‌റ്റോക്ക് കൗൺസിൽ ഡെപ്യൂട്ടി മേയറുമായ സജീഷ് ടോം, യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറി സണ്ണിമോൻ മത്തായി തുടങ്ങിയവർ വിശിഷ്ടാതിഥികളായി ആശംസകൾ നേർന്നു. ചടങ്ങിൽ യുക്മ മുൻ നാഷണൽ പ്രസിഡന്റും യുക്മ യൂത്ത് കോർഡിനേറ്ററുമായ ഡോ ബിജു പെരിങ്ങത്തറ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, ദേശീയ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗങ്ങളായ ബെന്നി അഗസ്റ്റിൻ, രാജേഷ് രാജ്, റീജിയണൽ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ഡെപ്യൂട്ടി മേയർ സജീഷ് ടോമിനും യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫിനും റീജിയണൽ കമ്മിറ്റിയുടെ പ്രത്യേക ഉപഹാരം സമർപ്പിക്കുകയും പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. ചടങ്ങിന് റീജിയണൽ സെക്രട്ടറി ജോബി തോമസ് സ്വാഗതവും ട്രഷറർ ബേബി വർഗ്ഗീസ് ആലുങ്കൽ നന്ദിയും രേഖപ്പെടുത്തി. അശ്വതി രാഘവൻ അവതാരകയായി.

സമാപന സമ്മേളനവും സമ്മാനദാനവും

സാലിസ്ബറിയിലെ ഷാഫിൻ ഗോഡോൾഫിൻ സീനിയർ സ്‌കൂളിൽ അഞ്ചു വേദികളിലായി സംഘടിപ്പിച്ച കലാമേള കൃത്യമായ സംഘാടന മികവോടെ സമയബന്ധിതമായി തന്നെ മത്സരങ്ങൾ നടത്തി തീർക്കുവാൻ സംഘാടക സമിതിയ്ക്ക് കഴിഞ്ഞിരുന്നു. വൈകുന്നേരം ആറര മണിയോടെ ആരംഭിച്ച സമാപന സമ്മേളനം യുക്മ ദേശീയ അധ്യക്ഷൻ അഡ്വ എബി സെബാസ്റ്റിയൻ ഉദ്‌ഘാടനം ചെയ്തു. നാഷണൽ സെക്രട്ടറി ജയകുമാർ നായർ മുഖ്യാതിഥിയായി. കലാമേള കുറ്റമറ്റ രീതിയിൽ സംഘടിപ്പിച്ച സൗത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റിയെ എബി സെബാസ്റ്റിയൻ അഭിനന്ദിക്കുകയും വിജയികളെ നവംബർ ഏഴിന് നടക്കുന്ന ദേശീയ കലാമേളയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. ഓവറോൾ കിരീടം നേടിയ ഐ എം എ ബാൻബറിയ്ക്ക് നാഷണൽ സെക്രട്ടറി ചാമ്പ്യൻഷിപ്പ് ട്രോഫിയും എവർറോളിംഗ് ട്രോഫി യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫും സമ്മാനിച്ചു. റണ്ണറപ്പായ എയ്‌ൽസ്‌ബറി മലയാളി സമാജത്തിന് റീജിയണൽ പ്രസിഡന്റ് സുനിൽ ജോർജ്ജും മൂന്നാം സ്ഥാനം കരസ്ഥമാക്കിയ വിൽറ്റ്ഷെയർ മലയാളി അസോസിയേഷന് റീജിയണൽ സെക്രട്ടറി ജോബി തോമസും ട്രോഫികൾ നൽകി.

കലാതിലക പട്ടം നേടിയ കൃഷ്ണപ്രിയ ബിജുവിന് സജീഷ് ടോമും കലാപ്രതിഭകളായ ഫ്രാങ്ക്‌ളിൻ ഫെർണാണ്ടസിന് റെയ്‌മോൾ നിധിരിയും, അലൻ ബഷീറിന് സുനിൽ ജോർജ്ജും ഭാഷകേസരി പുരസ്‌കാരം നേടിയ ഡിയോൺ റ്റിജുവിന് ഡോ ബിജു പെരിങ്ങത്തറയും ട്രോഫികൾ സമ്മാനിച്ചു. വ്യക്തിഗത ചാമ്പ്യന്മാർക്ക് നാഷണൽ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗംങ്ങളായ ബെന്നി അഗസ്റ്റിൻ, രാജേഷ് രാജ്, ട്രഷറർ ബേബി വർഗ്ഗീസ് ആലുങ്കൽ, ആർട്ട്സ് കോർഡിനേറ്റർ ബിജോയ് പി വർഗ്ഗീസ് എന്നിവർ ചേർന്ന് ട്രോഫികൾ നൽകി. മറ്റു വിജയികൾക്ക് റീജിയണൽ ഭാരവാഹികളായ ചാർളി മാത്യു, ടെസി മാത്യു, സാനി മൈക്കിൾ, ശാലിനി റിജേഷ് എന്നിവരും എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗംങ്ങളായ രാജേഷ് നടേപ്പിള്ളി, സുമിത് മോഹൻ, ഇർഷാദ് മുഹമ്മദ്, ഡിനു ഡൊമിനിക്, സ്റ്റേജ് മാനേജർമാർ, റിസപ്‌ഷൻ – രജിസ്‌ട്രേഷൻ ടീം, വോളന്റിയർമാർ, യുക്മ പ്രതിനിധികൾ, അസോസിയേഷൻ ഭാരവാഹികൾ എന്നിവർ ചേർന്ന് ട്രോഫികളും സർട്ടിഫിക്കേറ്റുകളും വിതരണം ചെയ്തു.

കലാമേളയുടെ വിജയത്തിനായി പ്രവർത്തിച്ചവർ

സൗത്ത് വെസ്റ്റ് റീജിയണൽ കലാമേളയുടെ വിജയത്തിനായി പ്രവർത്തിച്ചവരിൽ ഏറെ അഭിനന്ദനം അർഹിക്കുന്നത് സ്റ്റേജ് മാനേജ്‌മെന്റ് കമ്മിറ്റി തന്നെയാണ്. കൃത്യമായ മുന്നൊരുക്കങ്ങളോടെ സമയബന്ധിതമായി കലാമേള നടത്തി തീർക്കുന്നതിൽ സ്റ്റേജ് കോർഡിനേറ്റർമാരായി പ്രവർത്തിച്ച ബിജോയ് പി വർഗ്ഗീസും ദേവലാൽ സഹദേവനും നടത്തിയ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. സ്റ്റേജ് മാനേജർമാരായി ബെന്നി അഗസ്റ്റിൻ, സിൽവി ജോസ്, ദിലി ജോസ്, സോനാ ജോസ്, ജയ്‌വിൻ ജോർജ്ജ്, കുര്യാച്ചൻ സെബാസ്റ്റിയൻ, സുമിത് മോഹൻ, രശ്മി സുമിത്, ശാലിനി ഫിലിപ്, ജിസ് സേവ്യർ എന്നിവരുടെ അക്ഷീണ പ്രയത്നം കൂടിയാണ് വലിയൊരു വിജയം സമ്മാനിച്ചത്.

റെയ്‌മോൾ നിധിരി, രാജേഷ് രാജ്, ബേബി വർഗ്ഗീസ് ആലുങ്കൽ, ടെസി മാത്യു, സിൻസി സുനിൽ, റോസ്മി ജോബി എന്നിവർ നേതൃത്വം നൽകിയ റിസപ്‌ഷൻ രജിസ്‌ട്രേഷൻ ടീമിൽ ഡിനു ഡൊമിനിക്,‌ ഫെബിൻ ജോസ്, ജിജു യോവിൽ, സുബിൻ സെബാസ്റ്റിയൻ, റിയ ജോബി എന്നിവരുമെത്തി. അഞ്ചു വേദികളെയും ക്രോഡീകരിച്ച് സാനി മൈക്കിൾ, ജോസ് കെ ആന്റണി എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിച്ച ഫെസിലിറ്റിസ് മാനേജ്‌മെന്റിൽ സജീവമായി ജോയ് ജോൺ, ബിജോ തോമസ്, സോജ് ജയപ്രകാശ്, അരുൺ രാജ് എന്നിവരുമുണ്ടായിരുന്നു. കുര്യൻ ഫിലിപ്പ്, രാകേഷ് അലക്സ്, ഡോ ബിജു പെരിങ്ങത്തറ, സുജു ജോസഫ് തുടങ്ങിയവരായിരുന്നു ബാക് ഓഫീസ് നിയന്ത്രിച്ചത്.

കലാമേളയുടെ കാറ്ററിംഗ് പാർട്ട്ണറായ മട്ടാഞ്ചേരി റസ്റ്റോറന്റ് മുഴുവൻ സമയവും പ്രവർത്തിച്ച ഭക്ഷണശാലയിലൂടെ സ്വാദിഷ്ടമായ നാടൻ വിഭവങ്ങൾ ഒരുക്കിയിരുന്നു. ബെറ്റർ ഫ്രെയിംസ് അഞ്ചു വേദികളും കവർ ചെയ്ത് കൊണ്ട് കലാമേളയുടെ മനോഹര ദൃശ്യങ്ങൾ പകർത്തി. യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേളയുടെ വിജയത്തിനായി പ്രവർത്തിച്ച ഏവർക്കും പ്രസിഡന്റ് സുനിൽ ജോർജ്ജ്, സെക്രട്ടറി ജോബി തോമസ് എന്നിവർ നന്ദി അറിയിച്ചു.

കലാമേളയുടെ കൂടുതൽ ചിത്രങ്ങൾക്ക് യുക്മ ന്യൂസിന്റെ ഫേസ്‌ബുക്ക് പേജ് സന്ദർശിക്കുക

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more