1 GBP = 126.48
breaking news

യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളിൽ കലാമാമാങ്കം.  പതിനേഴാമത് യുക്മ ദേശീയ കലാമേള നവംബർ 7ന് ചെൽറ്റൻഹാമിൽ; റീജിയണൽ വേദികൾ ഒരുങ്ങി.

യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളിൽ കലാമാമാങ്കം.  പതിനേഴാമത് യുക്മ ദേശീയ കലാമേള നവംബർ 7ന് ചെൽറ്റൻഹാമിൽ; റീജിയണൽ വേദികൾ ഒരുങ്ങി.

കുര്യൻ ജോർജ്ജ്

(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)

യുകെ മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന യുക്മ കലാമേളക്കാലത്തിന് ഒക്ടോബർ 3 ശനിയാഴ്ച തിരിതെളിയും. ആദ്യവാരത്തിൽ തന്നെ നാല് റീജിയണുകളിൽ ഒരേസമയം കലാമേളകൾ അരങ്ങേറുന്നതോടെ യുക്മയുടെ ഈ വർഷത്തെ കലോത്സവ സീസണിന് ആവേശകരമായ തുടക്കമാകും. സൗത്ത് ഈസ്റ്റ്, ഈസ്റ്റ് ആംഗ്ലിയ, യോർക്‌ഷയർ & ഹംബർ, നോർത്ത് വെസ്റ്റ് റീജിയണുകളിലാണ് ഒക്ടോബർ 3ന് കലാമേളകൾ നടക്കുന്നത്.

റോഥർഹാം മാൻവേഴ്‌സ് തടാകത്തിൽ അതിഗംഭീരമായി സംഘടിപ്പിക്കപ്പെട്ട എട്ടാമത് യുക്മ കേരളപൂരം വള്ളംകളിയുടെയും, യുകെയുടെ വിവിധ ഭാഗങ്ങളിൽ നടന്ന 2026 ഓണാഘോഷങ്ങളുടെയും ആവേശത്തിന്റെ അലയൊലികൾ അടങ്ങും മുൻപാണ് യുക്മയുടെ മറ്റൊരു വലിയ സാംസ്കാരിക ആഘോഷത്തിന് തുടക്കമാകുന്നത്.

യുകെയിലെ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ കലാസംഗമങ്ങളിലൊന്നായ പതിനേഴാമത് യുക്മ ദേശീയ കലാമേള നവംബർ 7ന് ചെൽറ്റൻഹാമിൽ നടക്കും. യുക്മയുടെ ഏഴ് ശക്തമായ റീജിയണുകളിൽ നടക്കുന്ന കലാമത്സരങ്ങളിൽ മികവ് തെളിയിക്കുന്ന പ്രതിഭകളാണ് ദേശീയ കലാമേളയിൽ മാറ്റുരയ്ക്കുന്നത്. വിവിധ റീജിയണുകളിൽ നിന്നെത്തുന്ന മികച്ച കലാപ്രതിഭകൾ ഒരേ വേദിയിൽ സംഗമിക്കുമ്പോൾ, പ്രവാസലോകത്തെ ഏറ്റവും വലിയ മലയാളി കലാമാമാങ്കങ്ങളിലൊന്നായി ഇത്തവണത്തെ ദേശീയ കലാമേള മാറുമെന്ന പ്രതീക്ഷയിലാണ് യുക്മ.

ഒക്ടോബർ 3 ന് നാല് റീജിയണുകളിൽ കലാമേള

സൗത്ത് ഈസ്റ്റ് റീജിയണൽ കലാമേള ക്രോളിയിലെ Hazelwick School-ൽ നടക്കും. Crawley Malayalee Community ആതിഥേയത്വം വഹിക്കുന്ന കലാമേള Crawley MP Peter Lamb ഉദ്ഘാടനം ചെയ്യും. യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ മുഖ്യാതിഥിയായിരിക്കും. Cllr Michael Jones, Atif Nawaz, Cllr Neha Boghani എന്നിവരും അതിഥികളായി പങ്കെടുക്കും. റീജിയണൽ പ്രസിഡൻ്റ് ജിപ്സൺ തോമസിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ യുക്മ ദേശീയസമിതിയംഗം സുരേന്ദ്രൻ ആരക്കോട്ട്, റീജിയണൽ സെക്രട്ടറി സാംസൺ പോൾ, ട്രഷറർ തേജു മാത്യൂസ്, കലാമേള കോർഡിനേറ്റർ മെബി മാത്യു, മറ്റ് റീജിയണൽ ഭാരവാഹികൾ, അംഗ അസ്സോസ്സിയേഷൻ ഭാരവാഹികൾ മുതലായവർ പങ്കെടുക്കും. സമാപനയോഗത്തിൽ യുക്‌മ ദേശീയ ജോയിൻ്റ് ട്രഷറർ പീറ്റർ താണോലിൽ മുഖ്യാതിഥിയായിരിക്കും.

ഈസ്റ്റ് ആംഗ്ലിയ റീജിയണൽ കലാമേള Rayleighയിലെ The Sweyne Park School-ൽ അരങ്ങേറും. ദേശീയ വൈസ് പ്രസിഡൻ്റ് സ്മിത തോട്ടം കലാമേള ഉദ്ഘാടനം ചെയ്യും. ദേശീയ ജോയിൻ്റ് സെക്രട്ടറി സണ്ണിമോൻ മത്തായി മുഖ്യാതിഥിയാകും. റീജിയണൽ പ്രസിഡൻ്റ് ജോബിൻ ജോർജ്ജിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ദേശീയ സമിതിയംഗം ജയ്സൺ ചാക്കോച്ചൻ, സെക്രട്ടറി ഭുവനേഷ് പീതാംബരൻ, ട്രഷറർ ഷിൻ്റോ സ്‌കറിയ, കലാമേള കോർഡിനേറ്റർ സുമേഷ് അരവിന്ദാക്ഷൻ, മറ്റ് റീജിയണൽ ഭാരവാഹികൾ, അംഗ അസ്സോസ്സിയേഷൻ ഭാരവാഹികൾ മുതലായവർ പങ്കെടുക്കും. 

സമാപന യോഗത്തിൽ യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ മുഖ്യാതിഥിയാകും. കേരളത്തിൻ്റെ  തനത് കലാരൂപങ്ങളും സംഗീത-നൃത്ത-സാഹിത്യ മത്സരങ്ങളും നിറഞ്ഞ വേദിയിലൂടെ മേഖലയിലെ പ്രതിഭകൾ ദേശീയ കലാമേളയിലേക്കുള്ള യാത്രയ്ക്ക് തുടക്കം കുറിക്കും. 

അതേ ദിവസം യോർക്‌ഷയർ & ഹംബർ റീജിയണൽ കലാമേള Hull-ലെ St Mary’s College-ൽ നടക്കും. യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ കലാമേള ഉദ്ഘാടനം ചെയ്യും. യുക്മ വൈസ് പ്രസിഡൻ്റും ദേശീയ കലാമേള കോർഡിനേറ്ററുമായ വർഗ്ഗീസ് ഡാനിയൽ മുഖ്യാതിഥിയാകും. റീജിയണൽ പ്രസിഡൻ്റ് അമ്പിളി മാത്യൂസിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ദേശീയസമിതിയംഗം ജോസ് വർഗ്ഗീസ്, സെക്രട്ടറി അജു തോമസ്, ട്രഷറർ ഡോ. ശീതൾ മാർക്ക്, കലാമേള കോർഡിനേറ്റർ ആതിര മജ്നു, മറ്റ് റീജിയണൽ ഭാരവാഹികൾ, അംഗ അസ്സോസ്സിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. 

സമാപന സമ്മേളനത്തിൽ യുക്മ ദേശീയ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ മുഖ്യാതിഥിയായിരിക്കും. മേഖലയിലെ അംഗ അസോസിയേഷനുകളിൽ നിന്നുള്ള മത്സരാർത്ഥികൾ വിവിധ ഇനങ്ങളിൽ മാറ്റുരയ്ക്കും.

നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള Liverpool, West Derbyയിലെ Broughton Hall Catholic High School-ലാണ് നടക്കുന്നത്. യുക്മ ദേശീയ ട്രഷറർ ഷീജോ വർഗ്ഗീസ് റീജിയണൽ കലാമേള ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ ദേശീയസമിതിയംഗം ബിജു പീറ്റർ മുഖ്യാതിഥിയാകും. റീജിയണൽ പ്രസിഡൻ്റ് ഷാജി തോമസ് വരാക്കുടിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സെക്രട്ടറി സനോജ് വർഗ്ഗീസ്, ട്രഷറർ ഷാരോൺ ജോസഫ്, കലാമേള കോർഡിനേറ്റർ രാജീവ് C. P, മറ്റ് റീജിയണൽ ഭാരവാഹികൾ, അംഗ അസ്സോസ്സിയേഷൻ ഭാരവാഹികൾ മുതലായവർ പങ്കെടുക്കും. 

സമാപന സമ്മേളനത്തിൽ യുക്മ ചാരിറ്റി വൈസ് ചെയർമാൻ അലക്സ് വർഗ്ഗീസ് മുഖ്യാതിഥിയാകും. സംഗീതം, നൃത്തം, സാഹിത്യം തുടങ്ങി വിവിധ വിഭാഗങ്ങളിലെ മത്സരങ്ങളിലൂടെ നോർത്ത് വെസ്റ്റിലെ നൂറ് കണക്കിന് കലാപ്രതിഭകൾ ദേശീയ വേദിയിലേക്കുള്ള യോഗ്യതയ്ക്കായി മാറ്റുരയ്ക്കും.

ആദ്യദിനം തന്നെ നാല് റീജിയണുകളിൽ കലാമേളകൾ നടക്കുന്നത് ഈ വർഷത്തെ യുക്മ കലാമേള സീസണിന്റെ വ്യാപ്തിയും സമൂഹത്തിൽ അതിനുള്ള സ്വീകാര്യതയും വ്യക്തമാക്കുന്നു. ശേഷിക്കുന്ന റീജിയണുകളിലെ കലാമേളകളും തുടർന്നുള്ള ആഴ്ചകളിൽ നടക്കുന്നതോടെ ഒക്ടോബർ മാസം യുകെ മലയാളികൾക്ക് അക്ഷരാർത്ഥത്തിൽ കലയുടെ ഉത്സവമാസമായി മാറും.

ആയിരത്തിലേറെ പ്രതിഭകൾ റീജിയണൽ വേദികളിലേക്ക്

മാസങ്ങളായി നിരന്തര പരിശീലനത്തിലേർപ്പെട്ടിരിക്കുന്ന ആയിരത്തിലേറെ കലാകാരന്മാരും കലാകാരികളും തങ്ങളുടെ കഴിവുകൾ മാറ്റുരയ്ക്കാൻ തയ്യാറെടുക്കുമ്പോൾ, റീജിയണൽ കലാമേള വേദികളുടെ ഒരുക്കങ്ങളും അതിവേഗം പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള വിവിധ പ്രായവിഭാഗങ്ങളിലെ മത്സരാർത്ഥികൾ സംഗീതം, നൃത്തം, സാഹിത്യം, പ്രസംഗം തുടങ്ങി നിരവധി ഇനങ്ങളിൽ പങ്കെടുക്കും.

മത്സരത്തിലെ വിജയത്തിനപ്പുറം, യുകെയിൽ വളരുന്ന പുതിയ തലമുറയ്ക്ക് കേരളത്തിന്റെ ഭാഷയോടും കലകളോടും പാരമ്പര്യത്തോടും ആത്മബന്ധം വളർത്തുന്ന സാംസ്കാരിക വേദി കൂടിയാണ് യുക്മ കലാമേള. ബ്രിട്ടന്റെ ബഹുസാംസ്കാരിക സമൂഹത്തിൽ മലയാളി സമൂഹത്തിന്റെ സമ്പന്നമായ കലാ-സാംസ്കാരിക പൈതൃകം പരിചയപ്പെടുത്തുന്നതിനും മറ്റു സമൂഹങ്ങളുമായി കൂടുതൽ ശക്തമായ ബന്ധങ്ങൾ സൃഷ്ടിക്കുന്നതിനും ഇത്തരം പരിപാടികൾ നിർണായക പങ്കുവഹിക്കുന്നു.

അംഗ അസോസിയേഷനുകൾ, റീജിയണൽ കമ്മിറ്റികൾ, കലാകാരന്മാർ, പരിശീലകർ, മാതാപിതാക്കൾ, വിധികർത്താക്കൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങി നൂറുകണക്കിന് ആളുകളുടെ കൂട്ടായ പ്രവർത്തനമാണ് ഓരോ കലാമേളയുടെയും വിജയത്തിന് പിന്നിൽ.

ഇനി കണ്ണുകൾ ചെൽറ്റൻഹാമിലേക്ക്

ഒക്ടോബറിലുടനീളം ഏഴ് റീജിയണുകളിലായി നടക്കുന്ന മത്സരങ്ങളിൽ വിജയിക്കുന്ന പ്രതിഭകൾ ഒടുവിൽ നവംബർ 7ന് ചെൽറ്റൻഹാമിലെ പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ മാറ്റുരയ്ക്കും.

റീജിയണൽ വേദികളിൽ നിന്ന് ദേശീയ വേദിയിലേക്കുള്ള ആ യാത്രയ്ക്ക് നാളെ തുടക്കമാകുകയാണ്. കേരളത്തിന്റെ കലയും സംസ്കാരവും പാരമ്പര്യവും ബ്രിട്ടീഷ് മണ്ണിൽ പുതിയ തലമുറയിലൂടെ കൂടുതൽ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകുന്ന യുക്മയുടെ മഹത്തായ സാംസ്കാരിക ദൗത്യത്തിന്റെ മറ്റൊരു അധ്യായത്തിനാണ് ഇതോടെ തിരിതെളിയുന്നത്.

ഒക്ടോബർ 3 മുതൽ നവംബർ 7 വരെ — ഇനി യുകെ മലയാളികൾക്ക് കലാമേളക്കാലം.റീജിയണുകളിൽ നിന്ന് ചെൽറ്റൻഹാമിലേക്ക്… പ്രതിഭകളുടെ മഹാസംഗമത്തിന് അരങ്ങൊരുങ്ങുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more