സുജു ജോസഫ്, പിആർഒ
സാലിസ്ബറി: യുകെ മലയാളി സമൂഹത്തിന്റെ കലാപരമായ കഴിവുകൾക്ക് വേദിയൊരുക്കി യുക്മ നടത്തുന്ന ദേശീയ കലാമേളയ്ക്ക് മുന്നോടിയായി നടത്തപ്പെടുന്ന യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേള ഒക്ടോബർ പതിനേഴിന് സാലിസ്ബറിയിൽ വച്ച് നടത്തപ്പെടും. സാലിസ്ബറിയിലെ തന്നെ പ്രശസ്തമായ ഷാഫിൻ ഗോഡോൾഫിൻ സീനിയർ സ്കൂളിലാണ് കലാമേള അരങ്ങേറുക.
കലാമേളയ്ക്കുള്ള രജിസ്ട്രേഷൻ നടപടിക്രമങ്ങൾ ആരംഭിച്ചതായും ഇതിനായുള്ള ഓണലൈൻ ലിങ്കുകളുടെ വിശദ വിവരങ്ങൾ റീജിയണിലെ മുഴുവൻ അംഗ അസ്സോസിയേഷനുകൾക്കും അയച്ചു നൽകിയതായി റീജിയണൽ സെക്രട്ടറി ജോബി തോമസ് അറിയിച്ചു. രജിസ്ട്രേഷൻ ഒക്ടോബർ പന്ത്രണ്ട് അർദ്ധരാത്രിയോടെ അവസാനിക്കും.
സംഗീതം, നൃത്തം, പ്രസംഗം, മോണോആക്ട് തുടങ്ങി വൈവിധ്യമാർന്ന കലാരൂപങ്ങളിൽ പ്രതിഭകൾ മാറ്റുരയ്ക്കുമ്പോൾ, ഓരോ വേദിയും കഴിവിന്റെയും ആത്മവിശ്വാസത്തിന്റെയും ആഘോഷമായി മാറും. അഞ്ച് സ്റ്റേജുകളിലായിട്ടായിരിക്കും ഇത്തവണയും മത്സരങ്ങൾ അരങ്ങേറുക. വിവിധ വേദികളിലായി നടക്കുന്ന മത്സരങ്ങൾ വിലയിരുത്തുന്നതിനായി പരിചയസമ്പന്നരായ ജഡ്ജസും തയ്യാറായി കഴിഞ്ഞതായി പ്രഡിഡന്റ് സുനിൽ ജോർജ്ജ് അറിയിച്ചു. മത്സരത്തിന്റെ ആവേശത്തിനൊപ്പം സൗഹൃദവും കൂട്ടായ്മയും സംസ്കാരവും ആഘോഷിക്കുന്ന ഒരു വലിയ സംഗമം കൂടിയായിരിക്കും ഈ കലാമേള എന്ന് പ്രസിഡന്റ് കൂട്ടിച്ചേർത്തു.
കലാമേളയുടെ സുഗമമായ നടത്തിപ്പിനായി നാഷണൽ ജോയിന്റ് സെക്രട്ടറി റെയ്മോൾ നിധിരി, പ്രസിഡന്റ് സുനിൽ ജോർജ്ജ്, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, ദേശീയ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം രാജേഷ് രാജ്, സെക്രട്ടറി ജോബി തോമസ്, ട്രഷറർ ബേബി വർഗ്ഗീസ് ആലുങ്കൽ, മറ്റു റീജിയണൽ ഭാരവാഹികൾ, ആർട്ട്സ് കോർഡിനേറ്റർ ബിജോയ് വർഗ്ഗീസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിപുലമായ മുന്നൊരുക്കങ്ങളാണ് നടന്നു വരുന്നത്.
ലൈഫ് ലൈൻ പ്രൊട്ടക്റ്റ്, ഇൻഫിൻ ടൂർസ് ആൻഡ് ട്രാവൽസ്, പോൾ ജോൺ ആൻഡ് കോ സോളിസിറ്റേഴ്സ്, ജിയ ടൂർസ് ആൻഡ് ട്രാവൽസ്, ക്യൂബക്സ് ലേണിങ്, ആക്സിമിസ് ഡിജിറ്റൽ പ്രിന്റിങ്, മട്ടാഞ്ചേരി റെസ്റ്റോറന്റ്, ബെറ്റർ ഫ്രെയിംസ്, യുക്മ ന്യൂസ് തുടങ്ങിയവരാണ് കലാമേളയുടെ സ്പോൺസർമാർ. കുട്ടികളുടെയും യുവജനങ്ങളുടെയും കഴിവുകളെ പ്രോത്സാഹിപ്പിക്കാനും അവരുടെ കലാപ്രകടനങ്ങൾ ആസ്വദിക്കാനും കുടുംബസമേതം ഏവരും എത്തിച്ചേരണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
കലാമേള നടക്കുന്ന വേദിയുടെ വിലാസം:
Chafyn Godolphin School Milford Hill, Salisbury, Wiltshire, SP1 2RA
click on malayalam character to switch languages