രാജപ്പൻ വർഗീസ്
(പി ആർ ഒ, യുക്മ മിഡ്‌ലാൻഡ്സ് റീജിയൻ)
റെഡിറ്റ്ച്: യുക്മ ഈസ്റ്റ്–വെസ്റ്റ് മിഡ്‌ലാൻഡ്സ് റീജിയൻ സംഘടിപ്പിച്ച കായികമാമാങ്കം റെഡിറ്റ്ചിലെ ആബി സ്റ്റേഡിയത്തിൽ ആവേശകരമായ മത്സരങ്ങളോടെയും മികച്ച പങ്കാളിത്തത്തോടെയും വിജയകരമായി സമാപിച്ചു. റീജിയണിലെ വിവിധ മലയാളി അസോസിയേഷനുകളിൽ നിന്നായി നൂറുകണക്കിന് കായികതാരങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്ത ഈ പരിപാടി കായിക മികവിന്റെയും കൂട്ടായ്മയുടെയും മഹോത്സവമായി മാറി.
രാവിലെ നടന്ന ഉദ്ഘാടന ചടങ്ങിൽ യുക്മ നാഷണൽ വൈസ് പ്രസിഡന്റ് വർഗീസ് ഡാനിയേൽ കായികമേള ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. യുക്മ നാഷണൽ വൈസ് പ്രസിഡന്റ് സ്മിത തോട്ടം, നാഷണൽ കമ്മിറ്റി അംഗം ജോർജ് തോമസ്, റീജിയണൽ പ്രസിഡന്റ് അഡ്വ. ജോബി പുതുകുളങ്ങര, മറ്റ് റീജിയണൽ ഭാരവാഹികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. തുടർന്ന് വിവിധ അസോസിയേഷനുകളെ പ്രതിനിധീകരിച്ച് താരങ്ങൾ അണിനിരന്ന വർണ്ണാഭമായ മാർച്ച് പാസ്റ്റ് അരങ്ങേറി.
ദിവസം മുഴുവൻ വിവിധ ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിലായി നടന്ന മത്സരങ്ങൾ എല്ലാ പ്രായവിഭാഗങ്ങളിലുമുള്ള താരങ്ങളുടെ ഉജ്ജ്വല പ്രകടനങ്ങൾക്ക് സാക്ഷ്യം വഹിച്ചു. മത്സരങ്ങൾ സ്പോർട്സ് കോർഡിനേറ്റർ സജീവ് സെബാസ്റ്റ്യന്റെയും ട്രാക്ക് കോർഡിനേറ്റർ ജിനു സെബാസ്റ്റ്യന്റെയും നേതൃത്വത്തിൽ സുഗമമായി നടന്നു.
കടുത്ത മത്സരങ്ങൾക്കൊടുവിൽ വാർവിക് & ലെമിങ്ടൺ മലയാളി അസോസിയേഷൻ ഓവറോൾ ചാമ്പ്യന്മാരായി കിരീടം സ്വന്തമാക്കി. കേരള കൾച്ചറൽ അസോസിയേഷൻ റെഡിറ്റ്ച് റണ്ണർ-അപ്പായും അമ്മ മലയാളം മാൻസ്ഫീൽഡ് രണ്ടാം റണ്ണർ-അപ്പായും തിരഞ്ഞെടുക്കപ്പെട്ടു.
വ്യക്തിഗത ചാമ്പ്യൻമാർ
കിഡ്സ് വിഭാഗത്തിൽ പെൺകുട്ടികളുടെ ചാമ്പ്യനായി അഹാന അഭിഷേക് (വാർവിക് & ലെമിങ്ടൺ മലയാളി അസോസിയേഷൻ)യും ആൺകുട്ടികളുടെ ചാമ്പ്യനായി ആയ്ഡൻ ഷെറിൻ (അമ്മ മലയാളം മാൻസ്ഫീൽഡ്)യും തിരഞ്ഞെടുക്കപ്പെട്ടു.
സബ് ജൂനിയേഴ്സ് വിഭാഗത്തിൽ കൈറ ഫെർണാണ്ടസ് (വാർവിക് & ലെമിങ്ടൺ മലയാളി അസോസിയേഷൻ) പെൺകുട്ടികളുടെ ചാമ്പ്യനായി, ആരോൺ വിൻസെന്റ് (അമ്മ മലയാളം മാൻസ്ഫീൽഡ്) ആൺകുട്ടികളുടെ ചാമ്പ്യനായി തിരഞ്ഞെടുക്കപ്പെട്ടു.
ജൂനിയേഴ്സ് വിഭാഗത്തിൽ റിയാന ജോസഫ് (വാർവിക് & ലെമിങ്ടൺ മലയാളി അസോസിയേഷൻ) പെൺകുട്ടികളുടെ ചാമ്പ്യനായി, ഏസൽ ജെയിംസ് വിപിൻ (വാർവിക് & ലെമിങ്ടൺ മലയാളി അസോസിയേഷൻ) ആൺകുട്ടികളുടെ ചാമ്പ്യനായി തിരഞ്ഞെടുക്കപ്പെട്ടു.
സീനിയേഴ്സ് വിഭാഗത്തിൽ നേഹ റെൻജിത്ത് (സട്ടൺ കോൾഡ്ഫീൽഡ് മലയാളി അസോസിയേഷൻ) പെൺകുട്ടികളുടെ ചാമ്പ്യനായി, ധ്യാൻ കൃഷ്ണ (അമ്മ മലയാളം മാൻസ്ഫീൽഡ്) ആൺകുട്ടികളുടെ ചാമ്പ്യനായി തിരഞ്ഞെടുക്കപ്പെട്ടു.
അഡൾട്ട് വിഭാഗത്തിൽ വനിതാ ചാമ്പ്യനായി ദിവ്യ നിഖിൽ (കോവെൻട്രി കേരള കമ്മ്യൂണിറ്റി)യും പുരുഷ ചാമ്പ്യനായി ആകാശ് ഉപേന്ദ്രൻ പാലാപറമ്പിൽ (കോവെൻട്രി കേരള കമ്മ്യൂണിറ്റി)യും വിജയിച്ചു.
സീനിയർ അഡൾട്ട് വിഭാഗത്തിൽ വനിതാ വിഭാഗത്തിൽ നിഷ ലിജു (നോട്ടിംഗ്ഹാം മലയാളി കൾച്ചറൽ അസോസിയേഷൻ)യും ഷീബ സ്‌കറിയ (വോർസെസ്റ്റർഷയർ മലയാളി അസോസിയേഷൻ)യും സംയുക്ത ചാമ്പ്യന്മാരായി. പുരുഷ വിഭാഗത്തിൽ ജോസ് പരയ്ക്കൽ (വാർവിക് & ലെമിങ്ടൺ മലയാളി അസോസിയേഷൻ) ചാമ്പ്യനായി.
സൂപ്പർ സീനിയർ വിഭാഗത്തിൽ വനിതാ ചാമ്പ്യനായി ബിൻസി ലിനു (കേരള കൾച്ചറൽ അസോസിയേഷൻ റെഡിറ്റ്ച്)യും പുരുഷ വിഭാഗത്തിൽ മനോജ് വർക്കി (കേരള കൾച്ചറൽ അസോസിയേഷൻ റെഡിറ്റ്ച്)യും സണ്ണി ജോൺ (വാർവിക് & ലെമിങ്ടൺ മലയാളി അസോസിയേഷൻ)യും സംയുക്ത ചാമ്പ്യന്മാരായി തിരഞ്ഞെടുക്കപ്പെട്ടു.
വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിലും സമ്മാനദാന ചടങ്ങിലും റീജിയണൽ ട്രഷറർ പോൾ ജോസഫ് സ്വാഗത പ്രസംഗം നടത്തി. അദ്ദേഹം മുഖ്യാതിഥിയെയും വിവിധ അസോസിയേഷനുകളെയും കായികതാരങ്ങളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്തു. ദിനം മുഴുവൻ മികച്ച രീതിയിൽ മത്സരങ്ങൾ സംഘടിപ്പിച്ച സംഘാടക സമിതിയെയും വോളണ്ടിയർമാരെയും അദ്ദേഹം അഭിനന്ദിച്ചു. കായികമാമാങ്കം വിജയകരമാക്കാൻ പങ്കെടുത്ത എല്ലാ അസോസിയേഷനുകളുടെയും സഹകരണവും ആവേശവും പ്രശംസിച്ച അദ്ദേഹം, ഇത്തരം പരിപാടികൾ സമൂഹ ഐക്യവും യുവജനങ്ങളുടെ കായികമികവും ശക്തിപ്പെടുത്തുന്നതിൽ നിർണായകമാണെന്ന് അഭിപ്രായപ്പെട്ടു.
വൈകിട്ട് നടന്ന സമാപന സമ്മേളനത്തിലും സമ്മാനദാന ചടങ്ങിലും യുക്മ നാഷണൽ സെക്രട്ടറി ജയ്കുമാർ നായർ മുഖ്യാതിഥിയായി പങ്കെടുത്തു. വിജയികൾക്ക് ട്രോഫികളും മെഡലുകളും വിതരണം ചെയ്തു.
പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച സംഘാടകരെയും സന്നദ്ധപ്രവർത്തകരെയും പങ്കെടുത്ത എല്ലാ അസോസിയേഷനുകളെയും അഭിനന്ദിച്ചുകൊണ്ട് റീജിയണൽ സെക്രട്ടറി ലൂയിസ് മേനാച്ചേരി നന്ദി രേഖപ്പെടുത്തി.
കായികമേളയുടെ കൂടുതൽ ഫോട്ടോകൾ കാണാൻ താഴത്തെ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://photos.app.goo.gl/AdanEMKvDHvuFUEHA
click on malayalam character to switch languages