യുക്മ നേഴ്‌സസ് ഫോറം ദേശീയ സമ്മേളനം; സൗത്ത് ഈസ്റ്റ് റീജിയന്റെ ശ്രദ്ധേയ സംഭാവനകളെ അഭിനന്ദിച്ച് യുക്മ ദേശീയ നേതൃത്വം
May 16, 2026
എട്ടാമത് UNF കോൺഫറൻസിന്റെ വൻവിജയത്തിനായി യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ നൽകിയ മികച്ച സംഭാവനകൾക്ക് ദേശീയ നേതൃത്വത്തിന്റെ അഭിനന്ദനം. യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ സൗത്ത് ഈസ്റ്റ് റീജിയണൽ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അഭിനന്ദനം അറിയിച്ചത്.
റീജിയണൽ പ്രസിഡന്റ് ജിപ്സൺ തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ റീജിയണൽ സെക്രട്ടറി സാംസൺ പോൾ സ്വാഗതം ആശംസിച്ചു. ട്രഷറർ തേജു മാത്യൂസ്, റീജിയണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഡാഫിനി എൽദോസ്, സുനോജ് ശ്രീനിവാസ്, ബെർവിൻ ബാബു, റിനോൾഡ് മാനുവൽ, അലൻ അക്കര, ലിറ്റോ കൊരുത്ത് തുടങ്ങിയവരും യോഗത്തിൽ സംസാരിച്ചു.
കഴിഞ്ഞ ശനിയാഴ്ച നടന്ന യുക്മ ദേശീയ നഴ്സസ് കോൺഫറൻസിൽ സൗത്ത് ഈസ്റ്റ് റീജിയൻ ശ്രദ്ധേയമായ സാന്നിധ്യമാണ് രേഖപ്പെടുത്തിയത്. ദേശീയ സമ്മേളനത്തിലേക്ക് 100-ലധികം നഴ്സുമാരെ പങ്കെടുപ്പിക്കാൻ സൗത്ത് ഈസ്റ്റ് റീജിയന് സാധിച്ചതിൽ റീജിയണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അഭിമാനം രേഖപ്പെടുത്തി.
സൗത്ത് ഈസ്റ്റ് റീജിയന്റെ അംഗ അസോസിയേഷനായ DMA ഡാർട്ട്‌ഫോർഡ്, ദേശീയ തലത്തിൽ ഒരൊറ്റ അസോസിയേഷനിൽ നിന്നും ഏറ്റവും കൂടുതൽ നഴ്സുമാരെ കോൺഫറൻസിൽ പങ്കെടുപ്പിച്ച അസോസിയേഷനുള്ള പുരസ്കാരം കരസ്ഥമാക്കി. 50-ലധികം നഴ്സുമാരെ പങ്കെടുപ്പിച്ച DMA ഡാർട്ട്‌ഫോർഡിന്റെ ഈ നേട്ടം ഏറെ പ്രശംസനീയമാണെന്ന് ഭാരവാഹികൾ അറിയിച്ചു.
Inspirational Nursing Leadership award നേടിയ ശ്രീ. റിനോൾഡ് മാനുവലിനും Compassion Beyond Duty Award ഫൈനലിസ്റ്റായ ശ്രീ. സജീവ് എസ് നായർക്കും യോഗം പ്രത്യേക അഭിനന്ദനങ്ങൾ അറിയിച്ചു.
DMA ഡാർട്ട്‌ഫോർഡ്, MAP പോർട്സ്മൗത്ത്, MARS റെഡ്‌ഹിൽ, ക്ലബ് കേരള ഹോർഷം എന്നീ അസോസിയേഷനുകൾ അവരുടെ അംഗങ്ങളെ പ്രോത്സാഹിപ്പിച്ച് ഈ ദേശീയ പരിപാടിയിൽ പങ്കെടുപ്പിച്ചതിനും റീജിയണൽ കമ്മിറ്റി നന്ദി രേഖപ്പെടുത്തി.
റീജിയണൽ നഴ്സിംഗ് കോർഡിനേറ്റർ റിനോൾഡ് മാനുവൽ, ജോയിന്റ് സെക്രട്ടറി ഡാഫിനി എൽദോസ്, കലാമേള കോർഡിനേറ്റർ മെബി മാത്യു, കമ്മിറ്റി അംഗങ്ങളായ ലിജി ജോൺ, ദിവ്യ തോമസ്, റീഗൻ പുതുശ്ശേരി, മിനി തടത്തിൽ എന്നിവർ നടത്തിയ ആത്മാർത്ഥമായ പ്രവർത്തനവും സമർപ്പണവും പരിപാടിയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചതായും ദേശീയ കമ്മിറ്റിയോടൊപ്പം ചേർന്നുള്ള അവരുടെ പ്രവർത്തനം കോൺഫറൻസിനെ വൻ വിജയമാക്കാൻ സഹായിച്ചതായും ഭാരവാഹികൾ അറിയിച്ചു.
യുക്മയുടെ ഭാവി പ്രവർത്തനങ്ങൾക്കും പരിപാടികൾക്കും എല്ലാ അസോസിയേഷനുകളുടെയും അംഗങ്ങളുടെയും തുടർ സഹകരണവും പിന്തുണയും പ്രതീക്ഷിക്കുന്നതായി സൗത്ത് ഈസ്റ്റ് റീജിയണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.
click on malayalam character to switch languages