1 GBP = 129.37
breaking news

യുക്മ നേഴ്‌സസ് ഫോറം എട്ടാമത് സമ്മേളനത്തിന് ആവേശകരമായ പരിസമാപ്തി; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി യുക്മ സൗത്ത് വെസ്റ്റ് റീജിയൺ

യുക്മ നേഴ്‌സസ് ഫോറം എട്ടാമത് സമ്മേളനത്തിന് ആവേശകരമായ പരിസമാപ്തി; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി യുക്മ സൗത്ത് വെസ്റ്റ് റീജിയൺ

സ്വന്തം ലേഖകൻ

വൂൾവർഹാംപ്ടൺ: അന്തരാഷ്ട്ര നേഴ്‌സസ് ദിനാചരണത്തോടനുബന്ധിച്ച് യുക്മ നേഴ്‌സസ് ഫോറം സംഘടിപ്പിച്ച എട്ടാമത് യുഎൻഎഫ് സമ്മേളനത്തിന് ആവേശകരമായ പരിസമാപ്തി. എഴുന്നൂറിലധികം നേഴ്‌സുമാരെ സംഘടിപ്പിച്ച് നടത്തപ്പെട്ട സമ്മേളനം ചരിത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്. വിവിധ റീജിയണൽ ഭാരവാഹികളുടെ നേതൃത്വത്തിൽ ചിട്ടയായ പ്രവർത്തനങ്ങളിലൂടെയാണ് നേഴ്‌സുമാരെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിച്ചത്.

നൂറോളം നേഴുമാരെ സംഘടിപ്പിച്ച് കോച്ചുകളിലും മറ്റു വാഹനങ്ങളിലുമായി സമ്മേളനവേദിയിൽ എത്തിക്കാൻ സൗത്ത് വെസ്റ്റ് റീജിയണൽ ഭാരവാഹികൾ പ്രത്യേക താത്‌പര്യമാണെടുത്തത്. എക്സിറ്റർ, ഡെവൺ, യോവിൽ, സാലിസ്ബറി, സ്വിൻഡൻ, ഗ്ലോസ്റ്റെർഷെയർ, ഓക്സ്ഫോർഡ്, എയ്ൽസ്ബറി, ബാൻബറി തുടങ്ങിയിടങ്ങളിൽ നിന്നായാണ് സമ്മേളനത്തിൽ പ്രതിനിധികളെത്തിയത്. നാഷണൽ ജോയിന്റ് സെക്രട്ടറി റെയ്‌മോൾ നിധിരി, നാഷണൽ എക്സിക്യു്ട്ടീവ് കമ്മിറ്റി മെമ്പർ രാജേഷ് രാജ്, പ്രസിഡന്റ് സുനിൽ ജോർജ്ജ്, സെക്രട്ടറി ജോബി തോമസ്, ട്രഷറർ ബേബി വർഗ്ഗീസ് ആലുങ്കൽ, വൈസ് പ്രസിഡന്റ് ടെസി മാത്യു എന്നിവരുടെ നേതൃത്വത്തിൽ സമയബന്ധിതമായി തന്നെ നേഴ്‌സുമാരെ സമ്മേളന വേദിയിൽ എത്തിച്ചിരുന്നു. എക്സിറ്റർ മലയാളി അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ കോച്ചിൽ അൻപതോളം പ്രതിനിധികളെ സമ്മേളനത്തിൽ പങ്കെടുപ്പിച്ചത് ദേശീയ നേതൃത്വത്തിന്റെയും പ്രശംസ ഏറ്റുവാങ്ങി.

രാവിലെ എട്ടുമണിയോടെ തന്നെ ആരംഭിച്ച രജിസ്‌ട്രേഷൻ നടപടികൾക്കും മറ്റു പ്രവർത്തനങ്ങൾക്കും റീജിയണൽ നേതൃത്വവും റീജിയണിൽ നിന്നുള്ള നേഴ്സുമാരും നേതൃത്വം കൊടുത്തത് യുക്മ നാഷണൽ നേഴ്സസ് ഡേ’ യുടെ വിജയത്തിന് കരുത്ത് പകർന്നത് ഏറെ ശ്രദ്ധേയമായിരുന്നു. അക്കാദമിക് സെഷനുകൾ, ചർച്ചകൾ, മികച്ച നേഴ്‌സുമാർക്കുള്ള അംഗീകാര വിതരണം, പോസ്റ്റർ മത്സരങ്ങൾ, വിജ്ഞാനപ്രദമായ പ്രഭാഷണങ്ങൾ അടക്കം ഏറെ ആകർഷകമായ പരിപാടികൾ കോർത്തിണക്കി ഒരുക്കിയ നേഴ്സസ് ദിന ആഘോഷത്തിന്റെ സമസ്ത മേഖലകളിലും യുക്മ സൗത്ത് വെസ്റ്റ് റീജിയണിന്റെ കരസ്പർശം ഏറെ ശ്രദ്ധേയമായി.

യു കെ യിലെ തൊഴിലിടങ്ങളിൽ മലയാളികളുടെ ശക്തമായ സാന്നിദ്ധ്യമരുളുന്ന നേഴ്സിങ് പ്രൊഫഷണൽസിനെ അണിനിരത്തിയും, അനുമോദിച്ചും, ഏറ്റവും പ്രൗഢവും, അർഹമായ പ്രാധാന്യത്തോടെയും സംഘടിപ്പിച്ച അന്താരാഷ്ട്ര നഴ്‌സസ് ദിനാചരണം അതിനാൽത്തന്നെ വിലപ്പെട്ടതായി. ആരോഗ്യരംഗത്തിന്റെ അടിത്തറയായ നഴ്‌സുമാരുടെ പ്രവർത്തനം സമൂഹത്തിന് വലിയ മാതൃകയാണെന്നും, അതിൽ മലയാളി നേഴ്‌സുമാരുടെ തിളക്കമാർന്ന പരിപാലനം എങ്ങും പ്രശംസിക്കപ്പെടുന്നുണ്ടെന്ന് യുക്മ ദേശീയ പ്രസിഡണ്ട് അഡ്വ. എബി സെബാസ്റ്റിയൻ പറഞ്ഞു. നാഷണൽ സെക്രട്ടറി ജയകുമാർ നായർ സ്വാഗതവും ബിജു പീറ്റർ കൃതജ്ഞതയും അർപ്പിച്ചു . നാഷണൽ വൈസ് പ്രസിഡണ്ട് സ്മിതാ തോട്ടം, യു എൻ എഫ് ട്രെയിനിങ് ലീഡ് സോണിയ ലൂബി തുടങ്ങിയവർ നേതൃത്വം വഹിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more