1 GBP = 121.18
breaking news

യുക്മ സൗത്ത് വെസ്റ്റ് കലാമേള – കലാതിലകപട്ടം ആഞ്ജലീന വെസ്റ്റിനും കലാപ്രതിഭ പുരസ്ക്കാരം അലൻ ബഷീറിനും, ഭാഷാകേസരി പുരസ്‌കാരം രണ്ടാം തവണയും ഇഷാൻ ആർ നായർക്ക്

യുക്മ സൗത്ത് വെസ്റ്റ് കലാമേള – കലാതിലകപട്ടം ആഞ്ജലീന വെസ്റ്റിനും കലാപ്രതിഭ പുരസ്ക്കാരം അലൻ ബഷീറിനും, ഭാഷാകേസരി പുരസ്‌കാരം രണ്ടാം തവണയും ഇഷാൻ ആർ നായർക്ക്

സുജു ജോസഫ്, പിആർഒ, യുക്മ സൗത്ത് വെസ്റ്റ് റീജിയൺ

സാലിസ്ബറി: ഒക്ടോബർ 18 ശനിയാഴ്ച്ച സാലിസ്ബറിയിലെ ഗോഡോൾഫിൻ സ്‌കൂളിൽ വച്ച് നടന്ന യുക്മ സൗത്ത് വെസ്റ്റ് കലാമേളയിൽ മിൽട്ടൺ കെയ്ൻസ് മലയാളി അസോസിയേഷന്റെ (മിക്‌മ) ആഞ്ജലീന വെസ്റ്റിൻ കലാതിലകമായി. വിൽറ്റ്‌ഷെയർ മലയാളി അസോസിയേഷന്റെ അലൻ ബഷീറാണ് കലാപ്രതിഭയായത്. തുടർച്ചയായി രണ്ടാം തവണയും സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷന്റെ ഇഷാൻ ആർ നായർ ഭാഷാകേസരി പുരസ്‌കാരം നേടി.

ആഞ്ജലീന വെസ്റ്റിൻ – കലാതിലകം

മിൽട്ടൺ കെയ്ൻസ് മലയാളി അസോസിയേഷന്റെ (മിക്‌മ) ആഞ്ജലീന വെസ്റ്റിനാണ് കലാതിലകം. മോഹിനിയാട്ടത്തിലും സോളോ സോങിലും ഒന്നാം സ്ഥാനവും സിനിമാറ്റിക് ഡാൻസിൽ മൂന്നാം സ്ഥാനവും നേടി പതിനൊന്ന് പോയിന്റുമായാണ് ആഞ്ജലീന വെസ്റ്റിൻ കലാതിലക പട്ടത്തിന് അർഹയായത്. ജൂനിയർ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യൻ പുരസ്‌കരവും പതിമൂന്ന് കാരിയായ ആഞ്ജലീന നേടിയിരുന്നു. 2024 കലാമേളയിലും മാറ്റുരച്ച ആഞ്ജലീന മോഹിനിയാട്ടത്തിലും സിനിമാറ്റിക് ഗ്രൂപ്പ് ഡാൻസിലും ഒന്നാം സ്ഥാനവും സോളോ സോങ്ങിൽ രണ്ടാം സ്ഥാനവും 2024 നാഷണൽ കലാമേളയിൽ മോഹിനിയാട്ടത്തിന് മൂന്നാം സ്ഥാനവും നേടിയിരുന്നു. മിൽട്ടൺ കെയ്ൻസിലെ വാറ്റ്ലിങ് അക്കാഡമിയിൽ ഒൻപതാം ക്‌ളാസ് വിദ്യാർത്ഥിനിയായ ആഞ്ജലീന ഐ ടി പ്രൊഫഷനുകളായ വെസ്റ്റിൻ ചീരോതിയുടെയും സൂസൻ ജോർജ്ജിന്റെയും മകളാണ്. ഏഴു വയസ്സുകാരിയായ കരോലിന വെസ്റ്റിനാണ് സഹോദരി.

അലൻ ബഷീർ – കലാപ്രതിഭ

സിനിമാറ്റിക് ഡാൻസിൽ ഒന്നാം സ്ഥാനവും ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി എട്ടു പോയിന്റുമായി വിൽറ്റ്ഷെയർ മലയാളി അസോസിയേഷന്റെ അലൻ ബഷീറാണ് യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേളയിലെ കലാപ്രതിഭ. ഗ്ലോസ്റ്റർ ഷെയറിലെ ദി ക്രിപ്റ്റ് ഗ്രാമർ സ്‌കൂളിലെ എട്ടാം ക്‌ളാസ് വിദ്യാർത്ഥിയാണ് 13 കാരനായ അലൻ ബഷീർ. പന്ത്രണ്ടാം വയസ്സിൽ ലണ്ടൻ അക്കാഡമി ഓഫ് മ്യുസിക് ആൻഡ് ഡ്രമാറ്റിക് ആർട്ട്സിൽ നിന്നും ഗോൾഡ് മെഡൽ സ്വന്തമാക്കിയിട്ടുണ്ട്. ഡാൻസിങ്ങിലും പബ്ലിക് സ്പീക്കിങ്ങിലും പ്രാവീണ്യമുള്ള അലൻ ഡ്രംസിലും തന്റേതായ കഴിവുകൾ തെളിയിക്കുന്നു. ഡോക്ടറായ ഫെബിൻ ബഷീറിന്റെയും മാനേജ്‌മെന്റ് കൺസൾട്ടന്റായ റഫീഖ് ബഷീറിന്റെയും ഇളയ മകനാണ്. മ്യുസിഷ്യനായ സഹോദരൻ ആദെൽ വാർവിക്കിൽ ഇക്കണോമിക്സ് വിദ്യാർത്ഥിയാണ്.

ഇഷാൻ റിജേഷ് നായർ – ഭാഷാകേസരി പുരസ്‌കാരം

മലയാളം പദ്യപാരായണത്തിനും മലയാളം പ്രസംഗത്തിനും ഒന്നാം സ്ഥാനം നേടി സോമർസെറ്റ് മലയാളി കൾച്ചറൽ അസോയിയേഷന്റെ ഇഷാൻ ആർ നായർ ഭാഷാകേസരി പുരസ്‌കാരം നേടി. തുടർച്ചയായി രണ്ടാം തവണയാണ് ഇഷാൻ സൗത്ത് വെസ്റ്റ് കലാമേളയിൽ ഭാഷാകേസരി പുരസ്‌കാരം നേടുന്നത്. എസ്എംസിഎ യോവിലിലെ അംഗങ്ങളായ റിജേഷ് രാജ്, ശാലിനി റിജേഷ് എന്നിവരുടെ മകനായ ഇഷാൻ, 5-ആം വയസ്സിലാണ് യുകെയിലേക്ക് എത്തുന്നത്. യോവിലിലെ സെന്റ് ഗിൽഡാസ് കാത്തലിക് പ്രൈമറി സ്‌കൂളിലെ ആറാം ക്‌ളാസ് വിദ്യാർത്ഥിയാണ്.

പത്തനംതിട്ട ജില്ലയിലെ അടൂർ സ്വദേശികളാണ് ഇഷാന്റെ കുടുംബം. മലയാളത്തോടുള്ള ഇഷാന്റെ ആകർഷണമാണ് കലാമേളകളിലും വിവിധ മത്സരങ്ങളിലും സജീവമായി പങ്കെടുക്കാൻ പ്രചോദനം നൽകുന്നത്. പാട്ട്, കവിത പ്രസംഗം തുടങ്ങിയ കലകൾക്കൊപ്പം, ഗ്രൂപ്പ് സിനിമാറ്റിക് ഡാൻസ് വിഭാഗത്തിലും ഇഷാൻ സമ്മാനം നേടി വ്യക്തിഗത ചാമ്പ്യനുമായി. മത്സരങ്ങൾക്ക് തയ്യാറാകുമ്പോൾ, ഇഷാൻ തന്റെ പഠനവും കലാപരിശീലനവും സമന്വയിപ്പിച്ച് സമയക്രമം പാലിക്കുന്നു. പ്രസംഗത്തിനായി വിഷയം കിട്ടുന്നത് മുതൽ, അതിന്റെ അർത്ഥം മനസ്സിലാക്കി ശരിയായ ഉച്ചാരണം, ശൈലി, ഭാവപ്രകടനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് പതിവ്. അമ്മയുടെയും അച്ഛന്റെയും പിന്തുണയോടൊപ്പം, എസ്എംസിഎ യോവിലിലെ മുതിർന്നവരുടെ പ്രോത്സാഹനവുമൊക്കെ യാണ് ഇഷാന്റെ ആത്മവിശ്വാസത്തിന് പിറകിലുള്ള കരുത്ത്. സഹോദരൻ അഹാൻ ആർ നായർ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more