യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണൽ കലാമേള പ്രൗഢഗംഭീരമായി; മാറ്റുരച്ചത് അഞ്ഞൂറോളം കലാകാരന്മാർ; കരൺ കലാ പ്രതിഭ, നെസ്സിൻ കലാ തിലകം; NAM, നോർവിച്ചിന് ഓവറോൾ ചാമ്പ്യൻഷിപ്പ്.
Oct 26, 2025
റെയ്‌ലി: യുക്മ നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ ഒന്നിന് ചെൽറ്റൻഹാമിൽ വെച്ച് നടത്തപ്പെടുന്ന ദേശീയ കലാമേളയുടെ ഗ്രാൻഡ് ഫിനാലെക്ക് മുന്നോടിയായി 7 റീജണുകളിലായി നടത്തപ്പെട്ട കലാമേളകളുടെ കലാശക്കൊട്ട് റെയ്‌ലിയിൽ പ്രൗഢ ഗംഭീരമായി. യുക്മ ഈസ്റ്റ് ആംഗ്ലിയാ റീജൻറെ നേതൃത്വത്തിൽ റെയ്‌ലിയിലെ ദി സ്വയനെ പാർക്ക് സ്‌കൂളിൽ നാലു വേദികളിലായി മത്സരാർത്ഥികൾ തങ്ങളുടെ കലാ പ്രാവീണ്യവും പ്രതിഭയും അരങ്ങിലെടുത്തപ്പോൾ സ്‌കൂളും പരിസരങ്ങളും തിങ്ങി നിറഞ്ഞ സദസ്സിന് കലാമേള, ഏറ്റവും മികച്ച കലാവിരുന്നിന്റെ, ആസ്വാദന വേദി കൂടിയായി.
യുക്മയുടെ ദേശീയ ജനറൽ സെക്രട്ടറിയും മുഖ്യാതിഥിയുമായിരുന്ന ജയകുമാർ നായർ ഔപചാരികമായി ഉദ്ഘാടനകർമ്മം നിർവ്വഹിച്ച യുക്മ ഈസ്റ്റ് ആംഗ്ലിയാ റീജണൽ കലാമേളയിലേക്ക് ദേശീയ എക്സിക്യു്ട്ടീവ് മെംബർ ജെയ്‌സൺ ചാക്കോച്ചൻ ഏവരെയും സ്വാഗതം ചെയ്തു. റീജണൽ പ്രസിഡണ്ടും, കലാമേളയുടെ മുഖ്യ സംഘാടകനുമായ ജോബിൻ ജോർജ്ജ് അദ്ധ്യക്ഷത വഹിച്ച ഉദ്‌ഘാടന വേദിയിൽ, യുക്മ ദേശീയ വൈസ് പ്രസിഡണ്ടും, നാഷണൽ കലാമേള കോർഡിനേറ്ററുമായ വർഗ്ഗീസ് ഡാനിയേൽ ആശംസകൾ നേർന്നു സംസാരിച്ചു. നാഷണൽ ജോ. സെക്രട്ടറി സണ്ണിമോൻ മത്തായി, റീജണൽ കലാമേള കൺവീനർ സുമേഷ് അരവിന്ദാക്ഷൻ, റീജണൽ സെക്രട്ടറി ഭുവനേഷ് പീതാംബരൻ എന്നിവർ കലാകാർക്കും, സദസ്സിനും ആശംസകൾ നേർന്നു.
അമ്പതിൽപരം ഇനങ്ങളിലായി അഞ്ഞൂറോളം കലാകാർ പങ്കെടുത്ത റീജണൽ കലാമേള മത്സരാർത്ഥികളുടെ പ്രതിഭയുടെയും മികവിന്റെയും അത്യന്തം ആസ്വാദ്യവും, ആവേശകരമാവുമായ അവതരണ പോരാട്ടങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. മത്സരാർത്ഥികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് കാരണം, കലാമേള പൂർത്തിയാക്കുന്നതിനായി പതിനഞ്ചു മണിക്കൂറോളം സമയം എടുത്തു.
സംഗീതം, നൃത്തം, അഭിനയം, പ്രസംഗം അടക്കം നിരവധി കലാ വിഭാഗങ്ങളിൽ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ബെഡ്ഫോർഡ് BMKA അസ്സോസ്സിയേഷനിൽ നിന്നുള്ള കരൺ ജയശങ്കർ ഷെലിൻ കലാപ്രതിഭ പട്ടവും,, സൗത്തെൻഡ് SMA അസ്സോസ്സിയേഷനിൽ നിന്നുള്ള നെസ്സിൻ നൈസ് കലാതിലക കിരീടവും ചൂടി മേളയിലെ സുവർണ്ണ താരങ്ങളായി. നാട്യമയൂരം ചെംസ്ഫോർഡിന്റെ നികിത അനന്തപ്രകാശ് നേടി.
ആദ്യാന്തം ആവേശം നിറഞ്ഞ കലാമേളയുടെ ഓരോ ലാപ്പിലും മുന്നിൽ നിന്ന നോർവിച്ച് മലയാളി അസ്സോസ്സിയേഷൻ ഓവറോൾ കിരീടം ഉറപ്പിക്കുകയായിരുന്നു. കോൾചെസ്റ്റർ മലയാളി അസ്സോസ്സിയേഷൻ രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ, പോയിന്റ് നിലയിൽ തൊട്ടരികെ എത്തി ചെംസ്ഫോർഡ് മലയാളി അസ്സോസ്സിയേഷൻ മൂന്നാം സ്ഥാനവും നേടി. ലൂട്ടൻ LUKA യുടെ ദിഷന സുബാഷ് കിഡ്സ് വിഭാഗത്തിലും, സബ് ജൂനിയർ വിഭാഗത്തിൽ കരൺ ജയശങ്കർ (BMKA , ബെഡ്ഫോർഡ്) , സീനിയർ കാറ്റഗറിയിൽ കോൾചെസ്റ്റർ മലയാളി അസോസ്സിയേഷനിലെ ഏഞ്ചൽ റാണിയും വ്യക്തിഗത ചാമ്പ്യൻഷിപ്പുകൾ നേടി.
കലാകാരുടെ പ്രാവീണ്യവും, സംഘാടക പാഠവവും, പരാതികൾക്കിടം നൽകാത്ത വിധി നിർണ്ണയവും, എൽഇഡി സ്‌ക്രീനിന്റെ മാസ്മരികതയിൽ നാലു സ്റ്റേജുകളിലായി ഒരുങ്ങിയ ഗംഭീര വേദിയും, തിങ്ങി നിറഞ്ഞ സദസിന്റെ പ്രോത്സാഹനവും, യഥാ സമയം ലഭ്യമായ സ്വാദിഷ്‌ഠവും, ചൂടുമുള്ള നാടൻ വിഭവങ്ങളും കലാമേളയെ എക്കാലത്തെയും മികവുറ്റതും പ്രൗഢ ഗംഭീരവുമാക്കി.
യുക്മ ഈസ്റ്റ് ആംഗ്ലിയാ റീജണൽ കലാമേളയുടെ സമാപന സമ്മേളനത്തിൽ യുക്മയുടെ നാഷണൽ പ്രസിഡണ്ട് അഡ്വ. എബി സെബാസ്റ്റ്യൻ മുഖ്യാതിഥിയും ഉദ്‌ഘാടകനുമായി.” യു കെ പ്രവാസി മലയാളികൾക്കു വേണ്ടി കഴിഞ്ഞ പതിനാറു വർഷങ്ങളായി കലാമേളകൾ ഭംഗിയായി സംഘടിപ്പിക്കുവാൻ സാധിക്കുന്നതിൽ യുക്മ ഏറെ അഭിമാനം കൊള്ളുന്നുവെന്ന് എബി തന്റെ ഉദ്ഘാടന സന്ദേശത്തിൽ പറഞ്ഞു. ‘യുക്മയോടുള്ള വിശ്വസ്തതയും, പിന്തുണയും മത്സരാർത്ഥികളിലും രക്ഷകർത്താക്കളിലും വർദ്ധിച്ചു വരുന്നതിലും, അംഗ അസ്സോസ്സിയേഷനുകൾ നൽകുന്ന നിർലോഭമായ പിന്തുണക്കും സഹകരണത്തിനും നന്ദി നേരുന്നതായും, തുടർന്നും കലാ-കായിക-സാംസ്കാരിക- സാമൂഹ്യ മേഖലകളിൽ യുക്മ പ്രതിജ്ഞാബദ്ധത പുലർത്തും എന്നും എബി കൂട്ടിച്ചേർത്തു.
യുക്മ ഈസ്റ്റ് ആംഗ്ലിയാ റീജണൽ കലാമേള കോർഡിനേറ്റർ സുമേഷ് അരവിന്ദാക്ഷൻ നന്ദി പ്രകാശിപ്പിച്ചു.
വർഗ്ഗീസ് ഡാനിയേൽ, സണ്ണിമോൻ മത്തായി, ജെയ്‌സൺ ചാക്കോച്ചൻ, ഭുവനേഷ് പീതാംബരൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. മുൻ യുക്മ ജോയിന്റ് ട്രഷറർ എബ്രഹാം പൊന്നുംപുരയിടം, യുക്മ റീജണൽ കമ്മിറ്റി അംഗങ്ങൾ, അംഗ അസ്സോസ്സിയേഷനുകളുടെ പ്രതിനിധികൾ, സ്പോൺസേർസ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. വിജയികൾക്കുള്ള ട്രോഫിയും, സർട്ടിഫിക്കേറ്റും തുടർന്ന് വിതരണം ചെയ്തു.
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണൽ ഭാരവാഹികളായ ജോബിൻ ജോർജ്ജ് (റീജണൽ പ്രസിഡണ്ട്), സണ്ണിമോൻ മത്തായി (നാഷണൽ ജോ. സെക്രട്ടറി), ജെയ്‌സൺ ചാക്കോച്ചൻ ( ദേശീയ എക്സികുട്ടീവ് കമ്മിറ്റി മെംബർ), സുമേഷ് അരവിന്ദാക്ഷൻ (റീജണൽ കലാമേള കൺവീനർ), ഭുവനേഷ് പീതാംബരൻ ( സെക്രട്ടറി) ഷിൻടോ സ്കറിയ (ട്രഷർ), ജെയ്സൺ പന്തംപ്ലാക്കൽ (വൈസ് പ്രസിഡണ്ട്), സിബി ജോസഫ് ,ജോർജ് കുര്യൻ ,ഷാജി വർഗീസ് , എലിസബത് മത്തായി .ദിവ്യ സോണി , അപ്പച്ചൻ കണ്ണഞ്ചിറ ,ആർച്ച അജിത് ,അനി ഫിലിപ്പ് , സാജൻ പടിക്കമാലിൽ , ജോർജ് പട്ടിയാലിൽ സുധിൻ ഭാസ്കർ , ഐസക് കുരുവിള, സജീഷ് വടകര , ജോസ് അഗസ്റ്റിൻ ബിബിരാജ് രവീന്ദ്രൻ എന്നിവർ കലാമേളയ്ക്ക് നേതൃത്വം വഹിച്ചു.
ജോർജ്ജ് കുര്യൻ, ദിവ്യാ സോണി, എലിസബത്ത് മത്തായി, അർച്ച അജിത്, ഐസക് കുരുവിള എന്നിവർ മത്സര വേദി നിയന്ത്രിച്ചപ്പോൾ ഷാജി വർഗ്ഗീസ്, തോമസ് മാറാട്ടുകുളം, അപ്പച്ചൻ കണ്ണഞ്ചിറ, സിനേഷ് ഗോപുരത്തിങ്കൽ, ബിജേഷ്, നിധിൻ എന്നിവർ ഓഫിസും, സിബി ജോസഫ്, അനി ഫിലിഫ്, ജെയിംസ് മുണ്ടാട്ട് തുടങ്ങിയവർ രജിസ്‌ട്രേഷനിലും നേതൃത്വം വഹിച്ചു.
കലാമേളയുടെ കൂടുതൽ ചിത്രങ്ങൾ കാണാൻ താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക
മാണിക്കത്ത് ഇവന്റ്സിന്റെ മിസ് & മിസിസ് മലയാളി യുകെ സീസൺ 2വിന് ലഭിച്ചത് അതിശയകരമായ സ്വീകാര്യത; പ്രതിഭയും ഗ്ലാമറും ചേർത്തൊരുക്കിയ ആഘോഷത്തിന് സാക്ഷിയായത് ആയിരത്തിലേറെപ്പേർ /
യുക്മ ഫോർച്യൂൺ ബംമ്പർ 2025 നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാന വിതരണം നവംബർ 22 ന് പ്രിസ്റ്റണിൽ യുക്മ ‘ശ്രേഷ്ഠ മലയാളി യു കെ’ – മാണിക്കത്ത് ഇവൻ്റ്സ് ‘മിസ്സ് & മിസ്സിസ് മലയാളി യു കെ’ വേദിയിൽ….. /
‘യുക്മ ശ്രേഷ്ഠ മലയാളി 2025’ പുരസ്ക്കാരദാനവും – മാണിക്കത്ത് ഇവന്റ്സ് ഫാഷൻ ഷോ & സൗന്ദര്യമത്സരം നവംബർ 22ന് പ്രിസ്റ്റണിൽ; അവാർഡുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു….. /
പതിനാറാമത് യുക്മ – ലൈഫ് ലൈൻ ദേശീയ കലാമേള, ചാമ്പ്യൻഷിപ്പ് നിലനിർത്തി മിഡ്ലാൻഡ്സ് റീജിയൻ, ഈസ്റ്റ് ആംഗ്ളിയ രണ്ടും യോർക്ക്ഷയർ & ഹംബർ മൂന്നും സ്ഥാനങ്ങളിൽ. അസ്സോസ്സിയേഷൻ വിഭാഗത്തിൽ വാൽമ വാർവിക്ക് ഒന്നാംസ്ഥാനം കരസ്ഥമാക്കിയപ്പോൾ EYCO ഹൾ രണ്ടും എം.എം.എ മാഞ്ചസ്റ്റർ മൂന്നും സ്ഥാനങ്ങളിൽ. /
click on malayalam character to switch languages