കാത്തിരിപ്പിന്റെ പൊൻ തിളക്കം; യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേളയിൽ ഐ എം എ ബാൻബറി ജേതാക്കൾ
Oct 24, 2025
സുജു ജോസഫ്, പിആർഒ, യുക്മ സൗത്ത് വെസ്റ്റ്
സാലിസ്ബറി: ഇക്കഴിഞ്ഞ ശനിയാഴ്ച്ച നടന്ന യുക്മ സൗത്ത് വെസ്റ്റ് കലാമേള വേദി സാക്ഷിയായത് ചരിത്രനിമിഷങ്ങൾക്ക്. റിക്കോർഡുകൾ തിരുത്തിക്കുറിച്ച് അഞ്ഞൂറോളം മത്സരാർത്ഥികളാണ് ഇക്കുറി കലാമേള വേദിയിൽ മത്സരിക്കാനെത്തിയത്. സാലിസ്ബറിയിലെ ഗോഡോൾഫിൻ സ്‌കൂളിൽ അഞ്ചു വേദികളിലായി നടന്ന വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ ഐ എം എ ബാൻബറി കലാമേള വേദിയുടെ പടിയിറങ്ങിയത് പൊന്നിൻ തിളക്കത്തോടെ.
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം 117 പോയിന്റുമായാണ് ഐ എം എ ബാൻബറി ചാമ്പ്യൻ പട്ടം നേടിയെടുത്തത്. 2024 കലാമേളയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലേതെങ്കിലുമൊന്ന് കൈപ്പിടിയിലൊതുക്കുമെന്ന വാശിയോടെയെത്തിയ ബാൻബറി ടീമിന് പക്ഷെ നിരാശയായിരുന്നു ഫലം. എന്നാലിക്കുറി ഒന്നാം സ്ഥാനം തന്നെ നേടുമെന്ന ദൃഢനിശ്ചയത്തിൽ തന്നെയായിരുന്നു ബാൻബറിക്കാർ. അറുപതോളം മത്സരാർത്ഥികളുമായി നൂറിലധികം പേരടങ്ങുന്ന സംഘമെത്തിയത് തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു.
മാസങ്ങൾ നീണ്ട കഠിന പ്രയത്നവും പരിശീലന കളരികളുമായി സംഘടനയിലെ മുഴുവൻ അംഗങ്ങളും റീജിയണൽ കലാമേളയ്ക്കായുള്ള തയ്യാറെടുപ്പിലായിരുന്നു. ഐ എം എ ബാൻബറി യുക്മ പ്രതിനിധിയും യുക്മ സൗത്ത് വെസ്റ്റ് റീജിയൺ വൈസ് പ്രസിഡന്റുമായ ചാർളി മാത്യു, മറ്റ് യുക്മ പ്രതിനിധികളായ ജിസ്മോൻ ജോസഫ്, ജിനീഷ്, ഐ എം എ ഭാരവാഹികളായ പ്രസിഡന്റ് ഷിബു ചാക്കോ, സെക്രട്ടറി ലിജു ജോസഫ്, മറ്റ് കമ്മറ്റിയംഗങ്ങൾ തുടങ്ങിയവർ തേര് തെളിക്കാൻ മുന്നിൽ നിന്നതോടെ അസോസിയേഷൻ അംഗങ്ങളും സജീവമാകുകയായിരുന്നു.
പരിശീലകരും കോർഡിനേറ്റർമാരുമായി ഉമേഷ്, ശരണ്യ, ഷാഹില, അമ്മു, ജീന, ആസിഫ്എന്നിവർക്കൊപ്പം നവ്യോദയ ഡാൻസ് സ്‌കൂളും എത്തിയതോടെ രണ്ടു മാസത്തിലേറെയായി നിരന്തരമായ പരിശീലന കളരികളായിരുന്നു. ഗ്രൂപ്പിനങ്ങളിലും വ്യക്തിഗത ഇനങ്ങളിലും മികച്ച കലാപരിപാടികളാണ് ഐ എം എ ബാൻബറി അവതരിപ്പിച്ചതെന്ന് കലാമേള വേദിയിലെത്തിയ ഓരോരുത്തരും പറയുന്നു. മുൻ ചാമ്പ്യന്മാരെ പിന്നിലാക്കിയാണ് ഐ എം എ ബാൻബറിയുടെ തേരോട്ടം അവസാനിച്ചത്. നാഷണൽ കലാമേളയിലും ഐ എം എ ബാൻബറി വെന്നിക്കൊടി പാറിക്കുമെന്നാണ് അസോസിയേഷൻ അംഗങ്ങൾ ഏകസ്വരത്തിൽ പറയുന്നത്. സമാപന സമ്മേളനത്തിൽ ചാമ്പ്യൻ ട്രോഫി യുക്മ നാഷണൽ സെക്രട്ടറി ജയകുമാർ നായരും എവർറോളിങ് ട്രോഫി യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫും ഐ എം എ ബാൻബറിക്ക് സമ്മാനിച്ചു.
click on malayalam character to switch languages