യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേള; മത്സരാർത്ഥികളുടെ എണ്ണത്തിൽ സർവ്വകാല റെക്കോർഡ്, അഞ്ചു വേദികൾ ക്രമീകരിക്കും, രജിസ്‌ട്രേഷൻ ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കും
Oct 12, 2025
സുജു ജോസഫ്, പി ആർ ഓ, യുക്മ സൗത്ത് വെസ്റ്റ് റീജിയൺ
സാലിസ്ബറി: യുക്മ ദേശീയ കലാമേളയ്ക്ക് മുന്നോടിയായി ഒക്ടോബർ 18 ന് സാലിസ്ബറിയിൽ നടക്കുന്ന സൗത്ത് വെസ്റ്റ് റീജിയണൽ കലാമേളയിൽ മത്സരാർഥികളുടെ എണ്ണത്തിൽ സർവ്വകാല റിക്കോർഡ്. ഇന്ന് അർദ്ധരാത്രിയോടെ രജിസ്‌ട്രേഷൻ അവസാനിക്കാനിരിക്കവെയാണ് ഇതിനകം തന്നെ മത്സരാർത്ഥികളുടെ എണ്ണത്തിലെ വർദ്ധനവ്. അതേസമയം ഇക്കുറി കൂടുതൽ മത്സരാർത്ഥികളെത്തുന്നതോടെ വേദികളുടെ എണ്ണവും അഞ്ചായി ക്രമീകരിക്കും. നൃത്ത നൃത്ത്യ വിഭാഗങ്ങൾക്കായി മൂന്നു വേദികളും നൃത്തേതര വിഭാഗങ്ങൾക്ക് രണ്ടു വേദികളുമാണുണ്ടാവുക.
കലാമേള രജിസ്‌ട്രേഷൻ നടപടിക്രമങ്ങൾ ഇന്ന് ഞായറാഴ്ച്ച 12/ 10 / 2025 അർദ്ധരാത്രിയോടെ അവസാനിക്കും. ഇത് സംബന്ധിച്ച വിശദ വിവരങ്ങൾ എല്ലാ അംഗ അസ്സോസിയേഷനുകളിലും എത്തിച്ച് നൽകിയതായി സൗത്ത് വെസ്റ്റ് റീജിയണൽ സെക്രട്ടറി ജോബി തോമസ് അറിയിച്ചു. അതോടൊപ്പം തന്നെ സബ് ജൂനിയർ ജൂനിയർ വിഭങ്ങളിലെ പ്രസംഗ മത്സര വിഷയങ്ങളും അസോസിയേഷൻ ഭാരവാഹികൾക്ക് നൽകി കഴിഞ്ഞതായി ജോബി വ്യക്തമാക്കി.
റീജിയണിലെ പ്രമുഖ അസോസിയേഷനുകളിൽ ഒന്നായ സാലിസ്ബറി മലയാളി അസ്സോസിയേഷനാകും ഇക്കുറിയും കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കുക. തുടർച്ചയായി ഇത് നാലാം തവണയാണ് റീജിയണൽ കലാമേളയ്ക്ക് സാലിസ്ബറി മലയാളി അസോസിയേഷൻ ആതിഥേയത്വം വഹിക്കുന്നത്. സാലിസ്ബറിയിലെ ഗൊഡോൾഫിൻ സ്‌കൂളിൽ അഞ്ചു വേദികളിലായി രാവിലെ എട്ടു മണി മുതൽ വൈകുന്നേരം എട്ടു മണി വരെയാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
അഞ്ഞൂറിലേറെ മത്സരാർത്ഥികളെ പ്രതീക്ഷിക്കുന്ന കലാമേള വേദിയിൽ ഇക്കുറിയും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നതെന്ന് പ്രസിഡന്റ് സുനിൽ ജോർജ്ജ് അറിയിച്ചു. വിശാലമായ സൗജന്യ കാർപാർക്കിംഗ് സൗകാര്യമുള്ള ഗൊഡോൾഫിൻ സ്‌കൂളിൽ മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഭക്ഷണശാലയും ഒരുക്കുന്നുണ്ട്. റീജിയണൽ കലാമേള ഇക്കുറിയും വൻ വിജയമാക്കുവാൻ എല്ലാ കലാപ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സൗത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റിയ്ക്ക് വേണ്ടി നാഷണൽ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം രാജേഷ് രാജ്, ട്രഷറർ ബേബി വർഗ്ഗീസ് ആലുങ്കൽ എന്നിവർ അറിയിച്ചു.
ലൈഫ് ലൈൻ പ്രൊട്ടക്ട്, പോൾ ജോൺ ആൻഡ് കോ സോളിസിറ്റേഴ്സ്, ഫസ്റ്റ് കോൾ, ജിയ ട്രാവെൽസ്, തെരേസാസ് ലണ്ടൻ, മട്ടാഞ്ചേരി റെസ്റ്റോറന്റ്, ബെറ്റർ ഫ്രെയിംസ് എന്നിവരാണ് കലാമേളയുടെ സ്‌പോൺസർമാർ. ജെ എം പി സോഫ്റ്റ്വെയർ ടെക്നിക്കൽ പാർട്ട്ണറും യുക്മ ന്യൂസ് മീഡിയ പാർട്ണറുമാകും.
പുതിയ യു.കെ ഇമിഗ്രേഷന്‍ നിയമങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ നീക്കാന്‍ സുവര്‍ണാവസരം: പ്രമുഖ ഇമിഗ്രേഷന്‍ സോളിസിറ്റര്‍ നയിക്കുന്ന പ്രത്യേക സെഷന് യു.എന്‍.എഫ് ദേശീയ കോണ്ഫ്രന്സില് നിര്‍ണ്ണായകമായ സെഷനാകും /
click on malayalam character to switch languages