യുക്മ നോർത്ത് വെസ്റ്റ് റീജിയൻ സ്പോർട്സ് ശനിയാഴ്ച ലിവർപൂളിൽ….. വിപുലമായ സംഘാടക സമിതിയുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ
Jun 19, 2025
അനിൽ ഹരി (പി ആർ ഒ, യുക്മ നോർത്ത് വെസ്റ്റ്)
നോർത്ത് വെസ്റ്റ് റീജിയണൽ കായിക മേളയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. റീജിയണൽ പ്രസിഡൻ്റ് ഷാജി തോമസ് വരാക്കുടി ചെയർമാനായി രൂപീകരിച്ച സംഘാടക സമിതിയിൽ ദേശീയ സമിതിയംഗം ബിജു പീറ്റർ ജനറൽ കൺവീനറും, റീജിയണൽ സെക്രട്ടറി സനോജ് വർഗീസ് ചീഫ് കോർഡിനേറ്ററും ലിവർപൂൾ മലയാളി അസോസിയേഷൻ പ്രസിഡൻ്റ് സോജൻ തോമസ് വൈസ് ചെയർമാനുമായിരിക്കും. യുക്മ നാഷണൽ ട്രഷറർ ഷീജോ വർഗീസ്, പി ആർ ഒ കുര്യൻ ജോർജ്, യുക്മ ചാരിറ്റി വൈസ് ചെയർമാൻ അലക്സ് വർഗീസ്, സാംസ്കാരികവേദി ജനറൽ കൺവീനർ ജാക്സൻ തോമസ് എന്നിവർ രക്ഷാധികാരിമാരായും പ്രവർത്തിക്കും.
യുക്മ റീജിയണൽ ട്രഷറർ ഷാരോൺ ജോസഫ് ഫിനാൻസ് കമ്മിറ്റി കൺവീനറും, റീജിയണൽ വൈസ് പ്രസിഡൻ്റ് അഭിരാം കൺവീനറും ബിനോയ് മാത്യു സ്പോർട്സ് കോർഡിനേറ്ററും ആയി പ്രവർത്തിക്കും. കായികമേള രജിസ്ട്രേഷൻ നടപടികൾ ജൂൺ 14നു അവസാനിച്ചതോടെ കായികമേള വിജയിപ്പിക്കുവാനുള്ള കഠിന പരിശ്രമത്തിലാണ് യുക്മ റീജിയണൽ കമ്മിറ്റിയോടൊപ്പം ആതിഥേയത്വം വഹിക്കുന്ന ലിവർപൂൾ മലയാളി അസോസിയേഷനും (ലിമ).
വിപുലമായ സംഘാടക സമിതിയുടെ മേൽനോട്ടത്തിൽ അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയാക്കിവരികയാണ്.കായികമേളയുടെ നടത്തിപ്പിനായി വിവിധ വിഭാഗങ്ങൾക്കായി കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തന സജ്ജമാക്കി യുക്മ നോർത്ത് വെസ്റ്റ് റീജിയൺ തയ്യാറെടുപ്പുകൾ നടത്തുന്നത്. കായികമേള കമ്മിറ്റിയ്ക്ക് നേത്യത്വം കൊടുക്കുന്നവർ, റിസപ്ഷൻ കമ്മിറ്റി ജിൽസൺ ജോസഫ്,ജോസ് മാത്യു, പൊന്നു രാഹുൽ, രജിസ്ട്രേഷൻ കമ്മിറ്റി ഷാരോൺ ജോസഫ്,ജോസഫ് മാത്യു,ജനീഷ് കുരുവിള, വെൽഫെയർ കമ്മിറ്റി അനിൽ ഹരി,ബിനു തോമസ്, സെബാസ്റ്റ്യൻ ജോസഫ്, ഫസ്റ്റ് ഐഡ് ആതിര ശ്രീജിത്ത്, അശ്വതി ശ്രീനാഥ്, ഗ്രൗണ്ട് മാനേജേഴ്സ് ബിജു പീറ്റർ, ബിനോയി മാത്യു, ഓഫീസ് ഇൻ ചാർജ് രാജീവ് സി പി, സിജോ വര്ഗീസ്, അവാർഡ് കമ്മിറ്റി ജെറിൻ ജോസ്, അരുൺ ഗോകുൽ, ജോബി ദേവസി.
50, 100, 200, 400 മീറ്റർ ട്രാക്ക് മത്സരങ്ങൾ, കൂടാതെ ഷോട്ട് പുട്ട്, ലോങ്ങ് ജമ്പ്, സ്റ്റാന്റിംഗ് ലോങ്ങ് ജംബ്, 4X100 മീറ്റർ റിലേ തുടങ്ങിയ വിവിധ ഇനങ്ങളിൽ പുരുഷ വനിതാ വിഭാഗങ്ങളിൽ വെവ്വേറെ മത്സരങ്ങൾ. കൂടാതെ ഇത്തവണ യുക്മ ആദ്യമായി നടത്തുന്ന 50 വയസിനു മുകളിൽ പ്രായമുള്ളവരുടെ പ്രത്യേക 4X100 മീറ്റർ റിലേ മത്സരവും ഉണ്ടായിരിക്കും.
വടംവലി മത്സരം
ആരവങ്ങളുടെ ആരവം ഉയർന്നു ലിവർപൂളിൽ. കരുത്തിൻ്റെ പ്രതീകമായ വടംവലി മത്സരം യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേളയിൽ നടക്കുന്ന വിവരം കൂടി ഏവരെയും അറിയിച്ചു കൊള്ളുന്നു. അംഗ അസ്സോസിയേഷനുകളുടെ നിരന്തര അഭ്യർത്ഥന പ്രകാരം “ലൗ റ്റു കെയർ” സ്പോൺസർ ചെയ്യുന്ന ക്യാഷ് അവാർഡും യുക്മ എവർ റോളിങ്ങ് ട്രോഫിക്കും വേണ്ടിയുള്ള വടം വലി മൽസരം കൂടി കായിക മേളയുടെ ഭാഗമായി സംഘടിപ്പിച്ചിരിക്കുകയാണ്. പ്രകൃതി അനുഗ്രഹിച്ചു നൽകിയ തെളിമയാർന്ന ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന ട്രാക്കിലേയും ഫീൽഡിലേയും മാസ്മരിക പ്രകടനങ്ങൾക്ക് ശേഷമാണ് ആവേശം നിറഞ്ഞ നിമിഷങ്ങൾ സമ്മാനിക്കുന്ന വടംവലി മത്സരം നടക്കുന്നത്. മൽസരങ്ങൾ കണ്ടാസ്വദിക്കുവാനും മത്സരാർത്ഥികളെ പ്രോത്സാഹിപ്പിക്കുവാനും മുഴുവൻ കായിക പ്രേമികളെയും ലിതർലാൻ്റ് സ്പോർട്സ് പാർക്കിലേക്ക് സ്വാഗതം ചെയ്യുന്നു.
യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേളയിൽ കാണികൾക്ക് പ്രവേശനം തികച്ചും സൗജന്യമാണ് എന്ന് ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തികൊള്ളട്ടെ. മത്സരാർത്ഥികൾക്കും കാണികൾക്കും ഊർജ്ജം പ്രദാനം ചെയ്തുകൊണ്ട് വിഭവ സമൃദ്ധമായ ഭക്ഷണശാലയുമായി “ഇന്ത്യൻ ഹൈവ്” നിങ്ങൾക്കു വേണ്ടി ദിവസം മുഴുവൻ സ്റ്റേഡിയത്തിനുള്ളിൽ പ്രവർത്തിക്കുന്നത് ആണ്. സമാപന ചടങ്ങുകൾ നടക്കുന്ന സമയത്ത് നിങ്ങൾക്കായി പ്രത്യേകം ടെയ്ക് എവേ കൗണ്ടറും ഉണ്ടായിരിക്കും.
രാവിലെ മുതൽ ആരംഭിക്കുന്ന മത്സരങ്ങൾ വൈകിട്ട് നടക്കുന്ന സമ്മാനദാനത്തോടെ അവസാനിക്കുന്നു.
യുക്മ റീജിയണൽ കായിക മേള സ്പോൺസർ ചെയ്തിരിക്കുന്ന സ്ഥാപനങ്ങൾ:
ബോബ് കെയർ നേഴ്സിംഗ് ഏജൻസി (Bob Care Health Care Staffing Solutions)
പോൾ ജോൺ & കോ സോളിസിറ്റേഴ്സ്. (Paul John & co solicitors)
ലൈഫ് ലൈൻ മോർട്ടഗേജ് ആൻഡ് ഇൻഷുറൻസ് സർവീസ്സ് (LifeLine Protect Limited )
click on malayalam character to switch languages