1 GBP = 113.68
breaking news

യു കെ ഏഷ്യൻ ചലച്ചിത്രോത്സവത്തിൽ’ മികച്ച ഡോക്യുമെന്ററിക്കുള്ള ‘ടംഗ്സ് ഓൺ ഫയർ ഫ്ലേം’ അവാർഡ് ഡോ.രാജേഷ് ജെയിംസിന്.

യു കെ ഏഷ്യൻ ചലച്ചിത്രോത്സവത്തിൽ’ മികച്ച ഡോക്യുമെന്ററിക്കുള്ള ‘ടംഗ്സ് ഓൺ ഫയർ ഫ്ലേം’ അവാർഡ് ഡോ.രാജേഷ് ജെയിംസിന്.

അപ്പച്ചൻ കണ്ണഞ്ചിറ

ലണ്ടൻ: യു കെ ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെന്ററി ചിത്രത്തിനുള്ള ‘ടങ്സ് ഓൺ ഫയർ ഫ്ലെയിം’ അവാർഡ് നേടി മലയാളിയായ ഡോ.രാജേഷ് ജെയിംസ് ഇന്ത്യക്ക് അഭിമാനമായി. ഡോ. രാജേഷ്‌ സംവിധാനം ചെയ്ത ‘സ്ലെവ്സ് ഓഫ് ദി എംപയർ’ എന്ന ഡോക്കുമെന്ററിക്കാണ് അന്തർദേശീയ അവാർഡ്  ലഭിച്ചത്. യു കെ യിൽ വിവിധ സ്ഥലങ്ങളിലായി മെയ് ഒന്ന് മുതൽ പത്തുവരെ നീണ്ടു നിന്ന ഇരുപത്തിയേഴാമത്‌ ‘ടംഗ്സ് ഓൺ ഫയർ ഫ്ലേം’ ഫിലിം ഫെസ്റ്റിവലിൽ, ഏഷ്യൻ രാജ്യങ്ങളിൽ നിന്നും വിവിധ വിഭാഗങ്ങളിലായി തെരഞ്ഞെടുക്കപ്പെട്ട നിരവധി ചിത്രങ്ങൾ പ്രദർശിപ്പിക്കപ്പെട്ടിരുന്നു. 

1997-ൽ സ്ഥാപിതമായ ചാരിറ്റി  സംഘടനയായ ‘ടംഗ്സ് ഓൺ ഫയർ’, സിനിമ മേഖലയിൽ ലിംഗാധിഷ്‌ഠിത സമത്വത്തിനായി വാദിക്കുന്നവരുടെ വേദി കൂടിയാണ്. യു കെ യിലുടനീളം പ്രദർശിപ്പിക്കുന്ന 27-ാമത് ചലചിത്രോത്സവത്തിന്റെ തീം, ‘ആഗ്രഹവും, അവകാശവും’ എന്നതായിരുന്നു.  മുൻനിര കലാകാരന്മാരെയും എഴുത്തുകാരെയും പിന്തുണയ്ക്കുന്നതിനും ‘ടംഗ്സ് ഓൺ ഫയർ’ നിലകൊള്ളുന്നു. 

പതിനേഴാം നൂറ്റാണ്ടിൽ ഇന്ത്യ ഭരിച്ചിരുന്ന ഡച്ച് സൈനീക ഉദ്യോഗസ്ഥരുടെ യൂണിഫോം അലക്കി വെളുപ്പിക്കുവാനായി  തിരുനെൽവേലിയിൽ നിന്നും ഫോർട്ട് കൊച്ചിയിലെത്തിച്ച വണ്ണാർ സമുദായാംഗങ്ങളായ തൊഴിലാളികളെ ആസ്പദമാക്കിയുണ്ടാക്കിയ ഡോക്കുമെന്ററി ആണ് ‘സ്ലെവ്സ് ഓഫ് ദി എംപയർ’. അക്കാലഘട്ടത്തിന്റെ നിറവും, മണവും, തനിമയും, ശബ്ദവും, വേഷവും, ഭാഷയും വരെ ഒട്ടും ചോരാതെ, ബ്ളാക്ക് ആൻഡ് വൈറ്റിലാണ് തയ്യാറാക്കിയിരിക്കുന്നത്. 

ഫോർട്ട് കൊച്ചി ‘ധോബി ഘാന’യിലൂടെ നടന്നു പോകുമ്പോൾ കേൾക്കുന്ന കല്ലുകളിൽ തുണി പതിക്കുമ്പോളുണ്ടാകുന്ന ശബ്ദവും, വെള്ളത്തിൽ മുക്കി പിഴിഞ്ഞെടുക്കുമ്പോളുള്ള തിരയാരവവും, വ്യത്യസ്ത താളമാർന്ന ഭാഷയും, മൂളിപ്പാട്ടും, ആഘോഷങ്ങൾക്ക്  വർണ്ണക്കടലാസ് മാല തൂക്കിയിട്ടപോലെ യൂണിഫോമുകൾ,  അയ വലിച്ചുകെട്ടി സർക്കസ് കൂടാര സമാനമായ ‘ഡ്രയറുകൾ’ അടക്കം നേർക്കാഴ്ചകൽ ഒരുക്കി ഗുഹാതുരത്വവും, അനുഭൂതിയും നിറഞ്ഞ വികാരസാന്ദ്രമായ ഹൃസ്യ ചിത്രമാണ് ‘സ്ലെവ്സ് ഓഫ് ദി എംപയർ’. 

തൊഴിലാളികളെ  ഏറെ സ്വാധീനിച്ചിട്ടാണ് അഭ്രപാളിയിൽ പകർത്തുവാൻ അനുമതി കിട്ടിയതെന്നും, ചിത്രം മുഴുമിപ്പിക്കുവാൻ ദീർഘമായ സമയമെടുക്കേണ്ടി വന്നുവെന്നും രാജേഷ് പറഞ്ഞു.  അലക്കുകാരുടേതായ ‘കൊച്ചു’ ലോകത്തിലെ ‘വലിയ’ വിനോദങ്ങളും, കളികളും, സന്തോഷവും, ദുരിതങ്ങളും, നിരാശ്രയത്വവും, തൊഴിൽ മേഖലയൊന്നാകെ എല്ലാം ഒട്ടും മങ്ങാതെ, തനിമയിൽ ചാലിച്ചെടുത്ത ഓരോ ഷോട്ടും, അവരുടെ യഥാർത്ഥ ജീവിതസത്യങ്ങളുടെ ഹൃദയസ്പർശിയായ നേർക്കാഴ്ചയും, ആത്മാവിഷ്‌ക്കരവുമാണത്രെ.

രാജേഷ് ജെയിംസ് കൊച്ചിയിൽ നിന്നുള്ള ഡോക്യുമെന്ററി ചലച്ചിത്രകാരനും, ചലച്ചിത്ര ഗവേഷകനുമാണ്. 2017 ൽ രാജേഷ് റിയാദ് വാഡിയ അവാർഡ് സമിതിയുടെ ഇന്ത്യയിലെ ‘ബെസ്ററ് എമേർജിങ് ഫിലിം മേക്കർ’ അവാർഡ് നേടിയിരുന്നു. 2018-ൽ മുംബൈയിലെ ‘കാശിഷ് ഇന്റർനാഷണൽ ക്വിയർ ഫിലിം ഫെസ്റ്റിവലിൽ അദ്ദേഹത്തിന്റെ ‘നേക്കഡ് വീൽസ്’ മികച്ച ഡോക്യുമെന്ററിക്കുള്ള ‘കെ.എഫ്. പാട്ടീൽ യൂണിറ്റി ഇൻ ഡൈവേഴ്‌സിറ്റി’ അവാർഡും, 2020-ൽ ‘ഇൻ തണ്ടർ ലൈറ്റ്നിങ് ആൻഡ് റെയിൻ ‘ മികച്ച ഡോക്യുമെന്ററിക്കുള്ള കേരള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരവും നേടിയിട്ടുണ്ട്.

എറണാകുളം തേവര സേക്രഡ് ഹാർട്ട്  കോളേജ് ഇംഗ്ലീഷ് അദ്ധ്യാപകനായ ഡോ.രാജേഷ്, കോഴിക്കോട് ജില്ലയിലെ, വിലങ്ങാട്, എളുക്കുന്നേൽ ജെയിംസിൻ്റേയും, അന്നമ്മയുടേയും മകനാണ്. ഭാര്യ മെറിൻ സാറാ കുര്യൻ കോതമംഗലം എം എ കോളേജ്  അസി.പ്രൊഫസറാണ്. മകൻ നെയ്തൻ. 

ഡോക്യുമെന്ററികളെ ഏറെ പ്രണയിക്കുന്ന  കലാകാരനും, ഗവേഷകനുമായ  ഡോ. രാജേഷ് ജെയിംസിന് അദ്ധ്യാപനവും, ഡോക്യുമെന്ററിയും ഒരുമിച്ചു മുന്നോട്ടു കൊണ്ടുപോകുവാനാണത്രെ താൽപ്പര്യം. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more