1 GBP = 111.83
breaking news

വരുമാനമായി ലഭിച്ച 7.50 കോടി രൂപ നഗരസഭ അക്കൗണ്ടിലേക്ക് എത്തിയിട്ടില്ല; തൃക്കാക്കര നഗരസഭയെ പിടിച്ചു കുലുക്കി ഓഡിറ്റ് റിപ്പോര്‍ട്ട്

വരുമാനമായി ലഭിച്ച 7.50 കോടി രൂപ നഗരസഭ അക്കൗണ്ടിലേക്ക് എത്തിയിട്ടില്ല; തൃക്കാക്കര നഗരസഭയെ പിടിച്ചു കുലുക്കി ഓഡിറ്റ് റിപ്പോര്‍ട്ട്

തൃക്കാക്കര നഗരസഭയെ പിടിച്ചു കുലുക്കി ഓഡിറ്റ് റിപ്പോര്‍ട്ട്. നഗരസഭയില്‍ വരുമാനമായി ലഭിച്ച 7.50 കോടി രൂപ നഗരസഭ അക്കൗണ്ടിലേക്ക് എത്തിയിട്ടില്ല എന്ന് ഓഡിറ്റ് പരിശോധനയില്‍ കണ്ടെത്തി.2021 മുതല്‍ 361 ചെക്കുകളില്‍ നിന്നായി ലഭിച്ച പണമാണ് അക്കൗണ്ടില്‍ എത്താത്തത്.

യുഡിഎഫ് ഭരിക്കുന്ന തൃക്കാക്കര നഗരസഭയ്ക്ക് എതിരെ ഗുരുതരമായ ഓഡിറ്റ് പരാമര്‍ശങ്ങള്‍ ആണ് വന്നത്.സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ വരുമാനമുള്ള നഗരസഭകളില്‍ ഒന്നാണ് തൃക്കാക്കര. 2021 മുതല്‍ 361 ചെക്കുകളില്‍ നിന്നായി ലഭിച്ച 7.50 കോടി രൂപ നഗരസഭയുടെ അക്കൗണ്ടുകളില്‍ എത്തിയിട്ടില്ല എന്നാണ് ഓഡിറ്റ് പരിശോധനയില്‍ കണ്ടെത്തിയത്. 2023 – 24 സാമ്പത്തിക വര്‍ഷത്തില്‍ 137 ചെക്കുകളുടെ പണവും അക്കൗണ്ടില്‍ എത്തിയിട്ടില്ല.ഈ പണം ആര് വാങ്ങിയെന്നും, എങ്ങനെ കൈകാര്യം ചെയ്തു എന്നതിലും നഗരസഭയിലെ അക്കൗണ്ട് വിഭാഗത്തിന് മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചിട്ടില്ല. പൊതുപണം വക മാറ്റി ചിലവഴിച്ചു എന്നതാണ് സംശയം. ഇതിനുപുറമെ 2023ലെ ഓണാഘോഷ പരിപാടികളില്‍ വിവിധ കമ്മറ്റികള്‍ക്ക് 22.25 ലക്ഷം രൂപ പണമായി നല്‍കിയെന്നും ഈ പണം ആര് കൈപ്പറ്റി എന്നതിന് തെളിവില്ല എന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ട്.വെള്ള കടലാസില്‍ വൗച്ചര്‍ തയ്യാറാക്കി ഒരേ ആള്‍ തന്നെ ഒപ്പിട്ട് പണം കൈപ്പറ്റി എന്നും കണ്ടെത്തിയിട്ടുണ്ട്.

10000 രൂപയ്ക്ക് മുകളില്‍ പണം കൈമാറണമെങ്കില്‍ അത് അക്കൗണ്ടിലൂടെ നല്‍കണമെന്ന നഗരസഭാ ചട്ടങ്ങളുടെ ലംഘനമാണ് ഇവിടെ നടന്നത്. മരിച്ചവര്‍ക്ക് നഗരസഭയില്‍ പെന്‍ഷന്‍ വിതരണം ചെയ്യുന്നുണ്ട് എന്നും ഇക്കാര്യങ്ങളില്‍ എല്ലാം ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതക്കുറവ് സംഭവിച്ചു എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.അതേസമയം നഗരസഭയുടെ വിവിധ ആവശ്യങ്ങള്‍ക്കായി ചെലവഴിച്ച പണത്തിന്റെ കണക്കുകള്‍ കൗണ്‍സിലില്‍ അവതരിപ്പിച്ചിട്ടില്ല എന്ന ആരോപണം പ്രതിപക്ഷവും ഉയര്‍ത്തുന്നുണ്ട്. കൃത്യമായ കണക്കുകള്‍ അവതരിപ്പിച്ചില്ല എങ്കില്‍ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്ന് നഷ്ടപ്പെട്ട പണം ഈടാക്കാന്‍ നടപടി ആരംഭിക്കാനും ഓഡിറ്റ് വിഭാഗം ശുപാര്‍ശ ചെയ്തിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more